കല്ലൂപ്പാറ: പുതുശ്ശേരി ഐക്കരപ്പടിക്ക് സമീപം പ്ലാക്കോട്ട് ഷാജി പി.അലക്സിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ വീടിന്റെ നോട്ടക്കാരനും അയൽവാസിയുമായ പന്നിക്കോട്ട് മോൻ പി. കുര്യാക്കോസ് അറസ്റ്റിൽ. മുപ്പത് പവനോളം സ്വർണാഭരണങ്ങളും രണ്ടായിരം രൂപയുമാണ് കഴിഞ്ഞമാസം നഷ്ടപ്പെട്ടത്. പന്ത്രണ്ട് പവനോളം സ്വർണം മോൻ പി.കുര്യാക്കോസിന്റെ പക്കൽനിന്ന് കണ്ടെടുത്തു.

To advertise here,

തിരുവല്ല സ്വദേശിയായ ഒരാൾകൂടി മോഷണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കീഴ്വായ്പൂര് സ്റ്റേഷൻ എസ്.എച്ച്.ഒ. അജീബ് ഇബ്രാഹിം പറഞ്ഞു. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ മണിമലയാറ്റിലെ പുറമറ്റം മഠത്തുംകടവ് ഇരുമ്പ് പാലത്തിന് താഴെനിന്ന് കണ്ടെടുത്തു. പത്തനംതിട്ടയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനാ സ്കൂബ സംഘമാണ് ഇത് മുങ്ങിയെടുത്തത്.

ഷാജിയും ഭാര്യയും കുവൈത്തിലാണ്. ഇവരുടെ മക്കൾ ചങ്ങനാശ്ശേരിയിൽ പഠിക്കുന്നുണ്ട്. അവധിദിനങ്ങളിൽ മാത്രമാണ് വീട്ടിൽ ആളുണ്ടാവുക. മോൻ പി. കര്യാക്കോസിനെയാണ് വീടും പറമ്പും നോക്കാൻ ഷാജി ചുമതലപ്പെടുത്തിയിരുന്നത്. വീട്ടിലെ സി.സി.ടി.വി. ക്യാമറ, മോഷണത്തിന് രണ്ടുദിവസം മുൻപ് പ്രവർത്തിക്കാതായിരുന്നു. തൊട്ടടുത്ത് ഷാജിയുടെ കുടുംബവീട്ടിൽനിന്ന് വന്ന് നോക്കിയപ്പോൾ ക്യാമറയിലേക്കുള്ള വയറുകൾ മുറിച്ചിട്ടിരിക്കുന്നത് കണ്ടു. മോഷണശ്രമം സംശയിച്ച് പോലീസിനെ ഇമെയിൽ മുഖാന്തരം അറിയിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.

മാർച്ച് 19-ന് വൈകീട്ട് ചങ്ങനാശ്ശേരിയിൽനിന്ന് കുട്ടികൾ വീട്ടിലെത്തി അകത്ത് കടന്നപ്പോഴാണ് അലമാര തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മേൽക്കൂരയിലെ ഓടിളക്കി സീലിങ്ങും പൊളിച്ചാണ് കള്ളന്മാർ മുറിയിൽ കടന്നത്.

അലമാരയ്ക്കുള്ളിൽ പ്രത്യേകം സ്ഥാപിച്ചിരുന്ന ഇരുമ്പ് ലോക്കർ അപ്പാടെ കൊണ്ടുപോയി. ഉണ്ടായിരുന്ന 2500 രൂപയിൽ 2000 എടുത്തു. കുടുംബവീട്ടിൽനിന്ന് ഏണി എടുത്തുകൊണ്ടുവന്നായിരുന്നു മോഷണം. പരിശോധനയ്ക്ക് രണ്ടുപ്രാവശ്യം ഡോഗ് സ്‌ക്വാഡ് എത്തിയിരുന്നു. പന്നിക്കോട് വീടിന്റെ പിന്നിൽ വരെയെത്തി മടങ്ങിയിരുന്നു.