തൃശ്ശൂർ: സ്വർണം അപഹരിക്കാൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 1995-ൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടാൻ തൃശ്ശൂർ പോലീസ് എടുത്തത് 30 വർഷം. 15 വർഷമായി കുണ്ടറയിൽ താമസിക്കുന്ന ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശ്ശേരി കെടായ കൃഷ്ണകുമാർ (49) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്.

To advertise here,

30 വർഷംമുമ്പ് മീററ്റിലേക്ക് കടന്ന ഇയാൾ അവിടെനിന്ന് 15 വർഷംമുമ്പ് കൊല്ലം കുണ്ടറ സ്വദേശിെയ വിവാഹം കഴിച്ച് അവരുടെ നാട്ടിലേക്കുവന്നു. 15 വർഷം വ്യാജപേരിൽ വെൽഡിങ് തൊഴിൽചെയ്ത് ജീവിച്ചു. തൃശ്ശൂർ കിഴക്കേക്കോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മാർത്ത(65)യെ 1995-ൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ആറുപവന്റെ ആഭരണം കവർന്ന കേസിൽ രണ്ടാംപ്രതിയാണ് കൃഷ്ണകുമാർ.

ഇയാളെയും ഒന്നാംപ്രതി ചാലക്കുടി സ്വദേശി പ്രസാദിനെയും ഉടൻ പിടികൂടി. അന്ന് ഇരുവർക്കും 18 വയസ്സായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയ കൃഷ്ണകുമാറിനുവേണ്ടി കോടതി ലോങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മീററ്റിൽനിന്ന് കൊല്ലം ജില്ലയിലേക്ക് എത്തിയെന്ന വിവരം കിട്ടിയത്.