ജയ്പൂർ: ജയ്പൂരിൽ വിശപ്പടക്കാൻ 20 രൂപയുടെ കചോറി (ഒരു പലഹാരം) കഴിക്കാനിറങ്ങിയ വ്യാപാരിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. വഴിയരികിൽ വാഹനം നിർത്തി കചോറി കഴിക്കുന്നതിനിടെ സ്കൂട്ടറിലെത്തിയ രണ്ടു മോഷ്ടാക്കൾ ഇയാളുടെ 20 ലക്ഷം രൂപ അടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

To advertise here,

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ നഹർഗഢ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചമ്പാലാൽ എന്ന വ്യാപാരിയുടെ പണമാണ് നഷ്ടപ്പെട്ടത്. കചോറി കഴിക്കാനായി നിർത്തിയശേഷം പണമടങ്ങിയ ബാഗ് തന്റെ സ്കൂട്ടറിന് മുന്നിൽവെച്ച സമയത്താണ് രണ്ടുപേർ എത്തി ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവത്തിന്റെ വീഡിയോയിൽ, ചമ്പാലാൽ സ്കൂട്ടറിൽ ഇരുന്ന് കചോറി കഴിക്കുന്നത് കാണാം. ഈസമയം മറ്റൊരു സ്കൂട്ടറിലെത്തിയ രണ്ടുപേർ ഇയാൾക്ക് തൊട്ടടുത്ത് വണ്ടി നിർത്തി. തുടർന്ന് പിന്നിലിരുന്നയാൾ പെട്ടെന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞു. സംഭവിച്ചതെന്താണെന്ന നടുക്കത്തിൽ, കഴിച്ചുകൊണ്ടിരുന്ന കചോറി കയ്യിൽത്തന്നെ മുറുകെ പിടിച്ച് ചമ്പാലാൽ ഇവർക്ക് പിന്നാലെ ഓടുന്നതും കാണാം.

ചമ്പാലാലും പ്രദേശവാസികളും ചേർന്ന് മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും ഇരുവരും രക്ഷപ്പെടുകയായിരുന്നു. ചമ്പാലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നഹർഗഢ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് മോഷ്ടാക്കളെ തിരിച്ചറിയാനായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.