പനജി:  പബ്ബില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഗോവയിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഡി.ഐ.ജി. സ്ഥാനത്തുനിന്ന് നീക്കി. ഗോവ പോലീസിലെ ഡി.ഐ.ജി.യായിരുന്ന എ.കോഹാനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥന്‍ എത്രയുംവേഗം ഡി.ജി.പി.ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അണ്ടര്‍ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. 

To advertise here,

ചൊവ്വാഴ്ച രാത്രിയാണ് പബ്ബില്‍ ഡി.ഐ.ജി. യുവതിക്കെതിരേ അതിക്രമം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. 

ചൊവ്വാഴ്ച രാത്രി പബ്ബിലെത്തിയ ഡി.ഐ.ജി. മദ്യലഹരിയില്‍ അപര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. പബ്ബില്‍വെച്ച് യുവതി ഡി.ഐ.ജി.യെ ചോദ്യംചെയ്യുന്നതും തുടര്‍ന്ന് ബൗണ്‍സര്‍മാര്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. മദ്യലഹരിയിലായിരുന്ന ഡി.ഐ.ജി.യെ ഒടുവില്‍ ബൗണ്‍സര്‍മാര്‍ പബ്ബിലെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വെളുത്തതൊപ്പി ധരിച്ച് കൈയില്‍ മദ്യക്കുപ്പിയുമായാണ് ഡി.ഐ.ജി.യെ ദൃശ്യങ്ങളില്‍ കാണുന്നത്.

അതേസമയം, മെഡിക്കല്‍ ലീവിലായിരിക്കെയാണ് ഡി.ഐ.ജി. പബ്ബില്‍ മദ്യപിക്കാനെത്തിയതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഒന്നാംതീയതി മുതല്‍ 14-ാം തീയതി വരെ ഡി.ഐ.ജി. മെഡിക്കല്‍ ലീവിലായിരുന്നു. വാസ്‌കോയില്‍ താമസിക്കുന്ന ഇദ്ദേഹം ഇതിനിടെയാണ് നോര്‍ത്ത് ഗോവയിലെ പബ്ബിലെത്തിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.