
ഇടുക്കി: “നിങ്ങളുടെ മകനാണ് ഞാൻ എന്ന് കരുതണം, കഴുത്തിലെ കുരുക്കഴിച്ച് ഇറങ്ങിവാ...” ചെറുപ്പക്കാരനായ, മകന്റെ പ്രായമുള്ള പോലീസുദ്യോഗസ്ഥന്റെ ആ വാക്കുകൾ കേൾക്കാതിരിക്കാൻ, ആത്മഹത്യയ്ക്കൊരുങ്ങിയ ആൾക്ക് കഴിഞ്ഞില്ല. സ്നേഹത്തോടെയുള്ള ആ വിളിയിൽ, മരണക്കുടുക്കിൽനിന്ന് അയാൾ ജീവിതത്തിലേക്ക് തിരിച്ചുനടന്നു.
ഇടുക്കി തടിയമ്പാട് സ്റ്റേഷനിൽ എസ്.ഐ.യായി രണ്ടുദിവസംമുൻപ് ചാർജെടുത്ത ബിബിൻ ടി.ബി.യാണ്, നിയമത്തിന്റെ ശക്തിയെക്കാൾ സ്നേഹത്തിന്റെ ഭാഷയെ നിർണായകസമയത്ത് ആയുധമാക്കിയത്.
ഇടുക്കി തടിയമ്പാട് കാർത്യായനി കവലയിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയയാൾ ഭാര്യയെയും മകളെയും വാക്കത്തി കാട്ടി ആക്രമിക്കാൻ ശ്രമിച്ചു. ഭയന്ന ഭാര്യ, പോലീസ്‌സഹായം തേടി. എസ്.ഐ. ബിബിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
പോലീസിന്റെ വരവ് ഇയാളെ കൂടുതൽ പ്രകോപിതനാക്കി. മുറിക്കുള്ളിൽ കയറി വാതിലടച്ചശേഷം കഴുത്തിൽ വയർ കുരുക്കി ആത്മഹത്യക്കൊരുങ്ങി. ‘വാതിലിൽ തൊട്ടാൽ ഞാൻ ചാടു’മെന്ന് ഭീഷണിപ്പെടുത്തി.
കതക് തകർത്ത് അകത്തുകയറാമായിരുന്നു. എന്നാൽ, അത്തരമൊരു നീക്കം ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമായേക്കുമെന്ന് ബിബിൻ മനസ്സിലാക്കി.
മരിക്കാൻ ശ്രമിച്ചയാൾ മദ്യലഹരിയിലായിരുന്നു. ഇയാൾ കരയുന്നുമുണ്ടായിരുന്നു. കട്ടിലിൽക്കയറി കഴുത്തിൽ കുരുക്കിട്ട് ഒരുകാൽ താഴേക്കുവെച്ചാണ് നിന്നത്.
അതുകൊണ്ട് എസ്.ഐ. ബലപ്രയോഗത്തിനുപകരം സംഭാഷണത്തിന്റെ വഴി സ്വീകരിച്ചു. അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. 40 മിനിറ്റോളം സംസാരിച്ചിട്ടും അയാൾ അനങ്ങിയില്ല.
മകനായി കരുതണമെന്നും, ഇറങ്ങിവരണമെന്നുമുള്ള എസ്.ഐ.യുടെ വാക്കുകൾ ഇയാളുടെ മനസ്സിൽത്തട്ടി. ആത്മഹത്യാശ്രമത്തിൽനിന്ന് പിന്തിരിഞ്ഞു.
കഴുത്തിൽനിന്ന് വയർ മാറ്റി സ്വയം വാതിൽ തുറന്ന് പുറത്തുവന്നു. പിന്നീട് പോലീസ് ഇയാളെ ആശ്വസിപ്പിച്ചു. പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. വീട്ടുകാരോടും അയൽവാസികളോടും സംസാരിച്ചു. മദ്യപാനവും കുടുംബപ്രശ്നങ്ങളുമാണ് പ്രശ്നത്തിനിടയാക്കിയത്.
Content Highlights: SI Bibin T.B. successfully prevented a man from ending his own life attempt in Idukki through empathetic communication., The incident occurred in Thadiyampad when a man locked himself in a room with a wire around his neck., Instead of using forceful entry, the officer spent 40 minutes talking and convincing the man to step down safely., Family issues and alcohol intoxication were identified as the primary causes of the incident.
Published: 28 Aug 2026, 07:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented