ഭോപ്പാൽ: അഴിമതി ആരോപണത്തിൽ അന്വേഷണം നേരിടുന്ന കട്നി സിറ്റി പൊലീസ് സൂപ്രണ്ട് (സി.എസ്.പി.) നേഹ പച്ചീസിയക്കായി വലവിരിച്ച് പൊലീസ്. ഇതിനിടെ ഒളിവിൽപോയ നേഹ മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തുന്നതായാണ് വിവരം. കൊലപാതകക്കേസിലെ പ്രതിയെ രക്ഷിക്കാൻ ഭീഷണിപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് ഭൂമിയിടപാട് നടത്തി പണം തട്ടിയെന്നാണ് നേഹയ്ക്കെതിരേയുള്ള കേസ്.

To advertise here,

ആരോപണത്തിനു പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഇവരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എയർഹോസ്റ്റസിൽനിന്ന് സിറ്റി പൊലീസ് സൂപ്രണ്ടിലേക്കുള്ള നേഹ പച്ചീസിയുടെ വളർച്ച അതിവേഗമായിരുന്നു. പ്രചോദനാത്മകമായ ഈ ജീവിതമാണ് ഒടുവിൽ അഴിമതിക്കേസിൽ തകർന്നടിഞ്ഞത്.

കൊലക്കേസ് പ്രതിയായ രമേശ് ലോധിയുടെ ഉടമസ്ഥതയിലുള്ള 82.86 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി വെറും 18.32 ലക്ഷം രൂപയ്ക്ക് കൈമാറ്റം ചെയ്യാൻ നിർബന്ധിച്ചു എന്നാണ് നേഹയ്ക്കെതിരേയുള്ള ആരോപണം. കൊലക്കേസിൽ പ്രതി ജയിലിൽ കഴിയുന്നതിനിടെയായിരുന്നു ഭൂമിയിടപാട്. കുടുംബത്തെ സമ്മർദത്തിലാക്കി ഭൂമി വിൽക്കാൻ നിർബന്ധിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

ഇടപാടിൽ 15 ലക്ഷം രൂപ ബാങ്ക് വഴിയും 3.32 ലക്ഷം രൂപ പണമായും നൽകുകയായിരുന്നു. എന്നാൽ, ഭൂമി വാങ്ങിയ മറൂഫ് അഹമ്മദ് ഹനഫിയുടെ അക്കൗണ്ടിൽ ഇടപാടിനുമുമ്പ് വളരെ ചെറിയ തുക മാത്രമാണുണ്ടായിരുന്നത്. ഭൂമിയിടപാട് നടത്തുന്നതിന്റെ തലേദിവസം മറൂഫിന്റെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തിയെന്നും ഇത് രണ്ടു വ്യത്യസ്ത അക്കൗണ്ടുകളിൽനിന്നാണെന്നും അന്വേഷണസംഘം കണ്ടെത്തി.

ഒരേ പാൻകാർഡുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിൽനിന്നാണ് മറൂഫിന്റെ അക്കൗണ്ടിലേക്ക് തുകയെത്തിയത്. ഈ അക്കൗണ്ട് ഉടമകൾക്ക് നേഹ പച്ചീസിയുമായി അടുത്തബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.

ഭോപ്പാൽ വിജിലൻസ് ബ്രാഞ്ചിന്റെ പരാതിയുടെയും ജബൽപുർ സോണിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകളാണ് നേഹയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.