മുംബൈ: മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റ്  ജീവനക്കാരിയായ ഫ്രഞ്ച് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നവംബർ എട്ടിന് അർധരാത്രി ബാന്ദ്ര വെസ്റ്റിലായിരുന്നു സംഭവം. പാലി ഹില്ലിലെ ഒരു സുഹൃത്തിനെ സന്ദർശിച്ച ശേഷം ഒരു കിലോമീറ്റർ അകലെയുള്ള തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തിയ പ്രതി അനുചിതമായി സ്പർശിക്കുകയായിരുന്നു.

To advertise here,

സംഭവത്തിൽ നവംബർ 14- ന് യുവതി സമർപ്പിച്ച പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. പ്രദേശത്തെ അമ്പതിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധാരാവിയിലെ ആക്രിക്കച്ചവടക്കാരനായ സുനിൽ വഗേല (25)യെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

സോൺ 4 ഡിസിപി ദീക്ഷിത് ഗെഡാം, എസിപി ആദിക്‌റാവു പോൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ഇയാക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ ക്രിമിനൽ ബലപ്രയോഗം നടത്തിയതിന് ബിഎൻഎസ് സെക്ഷൻ 74 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഞായറാഴ്ച ബാന്ദ്രയിലെ അവധിക്കാല കോടതിയിൽ ഹാജരാക്കിയ ഇയാളെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.