പട്ന: ബിഹാറിൽ പെൺകുട്ടിയെയും ആൺകുട്ടിയെയും തടഞ്ഞുനിർത്തി ആൾക്കൂട്ടം ആക്രമണം നടത്തുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലെ മൂന്ന് പേർ അറസ്റ്റിലായി. ബിഹാറിലെ ജാമുയിയിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പത്താംക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയും പെൺകുട്ടിയുമാണ് ആക്രമണത്തിനിരയായത്. പെൺകുട്ടിയെ ആൾക്കൂട്ടത്തിലെ ചിലർ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയടക്കം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

To advertise here,

'കൈകൾ കൂപ്പി യാചിക്കുന്ന ഒരു പെൺകുട്ടിയെ ഗുണ്ടകൾ കടന്നുപിടിക്കുകയും വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്യുമ്പോൾ, ഒന്ന് വിട്ടയക്കാൻ അവൾ അപേക്ഷിക്കുന്നുണ്ടായിരുന്നു. ഇത്തരത്തിൽ പെരുമാറാൻ ഈ പുരുഷന്മാർക്ക് ആരാണ് അധികാരം നൽകിയത്? ഇതല്ല 'സംസ്കാരം'. ഇതൊരു പുരുഷാധിപത്യ ചിന്താഗതിയാണ്, അതായത്, ഒരു പെൺകുട്ടിയുടെ ശരീരത്തിന്മേലോ അവളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലോ അവളുടെ തീരുമാനങ്ങളിന്മേലോ നിയന്ത്രണം ഏർപ്പെടുത്താൻ ഏത് പുരുഷനും അവകാശമുണ്ടെന്ന ധാരണ', രാഹുൽ എക്സിൽ കുറിച്ചു.

പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകുന്നേരം ഏഴ് മണിക്ക് ഒരു പെൺകുട്ടിക്ക് പൊതുനിരത്തിൽ സുരക്ഷിതയായിരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ബിഹാർ സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടി സ്വീകരിക്കുമെന്നും സംഭവം അപലപനീയമാണെന്നും ബിഹാർ മന്ത്രി സുനിൽകുമാർ പ്രതികരിച്ചു. എന്നാൽ ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ ബിഹാറിലുടനീളം ഇത്തരം സാഹചര്യങ്ങളാണ് എന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതും പെൺകുട്ടി അലറിക്കരയുന്നതും ആൾക്കൂട്ടത്തോട് കൈകൾ കൂപ്പി അപേക്ഷിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.

ജാമുയിയിലെ ഒരു സ്വകാര്യ സ്കൂൾ വിദ്യാർഥികളായ ഇവർ ക്ലാസ് കഴിഞ്ഞശേഷം സ്കൂട്ടറിൽ പുറത്ത് പോയപ്പോഴാണ് ദുരനുഭവം നേരിട്ടതെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റോഡിൽവെച്ച് ആൾക്കൂട്ടം ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു.