ലഖ്‌നൗ: ഉത്തർപ്രദേശിലെ കിങ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (കെജിഎംയു) ഉയർന്ന പീഡന പരാതികളിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ലൈംഗിക-മാനസിക പീഡനങ്ങളിലേക്കും മതപരിവർത്തന സമ്മർദ്ദത്തിലേക്കും വിരൽചൂണ്ടുന്ന നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജൂനിയർ ജീവനക്കാർക്ക് നേരെ ഒരു കൂട്ടം ഡോക്ടർമാരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും ചേർന്ന് നടത്തിയ ലൈംഗിക ചൂഷണം, മാനസിക പീഡനം, മതപരിവർത്തനത്തിനായുള്ള സമ്മർദ്ദം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ റിപ്പോർട്ടിലുണ്ട്. പരാതികൾ മുതിർന്ന ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് ഒതുക്കിതീർക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

To advertise here,

എസ്ടിഎഫ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ ഡോക്ടർമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും എതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ കെജിഎംയുവിന് കർശന നിർദ്ദേശം നൽകി. 11 പരാതികൾ അന്വേഷിച്ച എസ്ടിഎഫ് സംഘം പ്രാഥമികമായി കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയവരുടെ പേരുകൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്ടിഎഫ് റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നതിനും പ്രതികൾക്കെതിരെ ശിക്ഷാനടപടികൾ കൈക്കൊള്ളുന്നതിനുമായി കെജിഎംയു വൈസ് ചാൻസലർ പ്രൊഫ. സോണിയ നിത്യാനന്ദ് സർവകലാശാലാ എക്സിക്യൂട്ടീവ് കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചുചേർത്തു. യോഗത്തിൽ റിപ്പോർട്ടിന്റെ വസ്തുതകൾ പരിശോധിച്ച് ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് കെജിഎംയു വക്താവ് ഡോ. കെ.കെ. സിങ് വ്യക്തമാക്കി.

ഗാന്ധി വാർഡ്, മൈക്രോബയോളജി, പത്തോളജി, റേഡിയോളജി എന്നീ വിഭാഗങ്ങളിലെ ഫാക്കൽറ്റി അംഗങ്ങൾ, റെസിഡന്റ് ഡോക്ടർമാർ, നഴ്‌സിങ് ജീവനക്കാർ എന്നിവർക്ക് ഈ അനധികൃത പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് എസ്ടിഎഫ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ ശാരീരിക-മാനസിക പീഡനങ്ങളും 'ലവ് ജിഹാദ്' പരാതികളും ഉയർന്നതോടെയാണ് എസ്ടിഎഫ് അന്വേഷണം ആരംഭിച്ചത്. സഹപ്രവർത്തകനായ റെസിഡന്റ് ഡോക്ടർ തന്നെ ലൈംഗിക പീഡനത്തിനിരയാക്കുകയും വിവാഹം കഴിക്കാൻ മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി കാണിച്ച് 2025 ഡിസംബറിൽ പത്തോളജി വിഭാഗത്തിലെ ജൂനിയർ റെസിഡന്റ് ഡോക്ടർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന അന്വേഷണത്തിൽ റെസിഡന്റ് ഡോക്ടർ റമീസ് അഹമ്മദ് എന്ന റമീസ് മാലിക്കിനെ 2026 ജനുവരി 9-ന് പോലീസ് അറസ്റ്റ് ചെയ്തു.

2025 ഡിസംബറിൽ ഉയർന്ന രണ്ടാമത്തെ കേസിൽ റെസിഡന്റ് ഡോക്ടർ തന്നെ ശാരീരികമായി ചൂഷണം ചെയ്യുകയും വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയും ചെയ്തതായി ഒരു വനിതാ നഴ്‌സിങ് ജീവനക്കാരിയും പരാതിപ്പെട്ടിരുന്നു. സ്ഥാപനത്തിനുള്ളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ചേർന്ന് കുറ്റക്കാരെ സംരക്ഷിക്കുകയും പരാതിക്കാരായ ജീവനക്കാരെ ലക്ഷ്യമിട്ട് വേട്ടയാടിയെന്നും റിപ്പോർട്ടിലുണ്ട്. ഉന്നതാധികാരികൾക്ക് പരാതി നൽകിയ ഇരകളെ ജോലിസ്ഥലത്ത് പരസ്യമായി അപമാനിക്കുകയും മാനസികനില തെറ്റിയവരാണെന്ന് പറഞ്ഞ് ചിത്രീകരിക്കുകയും ചെയ്യുന്ന ഗൂഢനീക്കങ്ങളും കാമ്പസിൽ നടന്നതായി എസ്ടിഎഫ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.