കോഴിക്കോട്: റോയ് തോമസ് വധക്കേസില്‍ അറസ്റ്റിലായപ്പോള്‍ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി നല്‍കിയ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുനാല് കൊലക്കേസുകള്‍ പോലീസ് രജിസ്റ്റര്‍ചെയ്തതെന്ന് കോടഞ്ചേരി മുന്‍ എസ്. കെ.കെ. രാജേഷ് വിചാരണക്കോടതി മുന്‍പാകെ മൊഴിനല്‍കി.

To advertise here,

അന്നാമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു, ആല്‍ഫൈന്‍ ഷാജു എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത് താനാണെന്നും അത് ഡിവൈഎസ്പി ആര്‍. ഹരിദാസാണ് റിപ്പോര്‍ട്ടാക്കിയതെന്നും 108-ാം സാക്ഷി എസ്‌ഐ രാജേഷ് മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. സുരേഷ് കുമാര്‍ മുന്‍പാകെ മൊഴിനല്‍കി. ഓരോകേസിലും പ്രത്യേക കുറ്റസമ്മതമൊഴികള്‍ കിട്ടിയിരുന്നുവോ എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് താന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്യുകമാത്രമാണ് ചെയ്തതെന്ന് സാക്ഷി മൊഴിനല്‍കി.

കൂടത്തായി റോയ് തോമസ് വധക്കേസിലെ 89-ാം സാക്ഷി ഡോ. വേണുഗോപാല്‍, 96-ാം സാക്ഷി പോലീസ് വീഡിയോഗ്രാഫര്‍ നിംനേഷ്, എസ്‌ഐ രാജേഷ് കുമാര്‍ എന്നിവരുടെ എതിര്‍വിസ്താരം പൂര്‍ത്തിയായി.

2011 സെപ്റ്റംബര്‍ 30-ന് രാത്രി ഓമശ്ശേരി ആശുപത്രിയില്‍നിന്ന് കൊണ്ടുവന്ന റോയ് തോമസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചിരുന്നത് ഡോക്ടര്‍ വേണുഗോപാലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കല്ലറ തുറക്കുന്നതിന്റെയുംമറ്റും ഫോട്ടോകളും വീഡിയോകളും എടുത്തത് താനാണെന്ന് പോലീസ് ഫോട്ടോഗ്രാഫര്‍ നിംനേഷ് മൊഴിനല്‍കി.

മറ്റുസാക്ഷികളുടെ എതിര്‍വിസ്താരം ഏപ്രില്‍ 23-ന് തുടരും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍, അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ്, അഡ്വ. സഹീര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി. ഒന്നാംപ്രതിക്കുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ എതിര്‍വിസ്താരം ചെയ്തു.