വടകര: വ്യാജ ട്രേഡിങ് ആപ്പുകള്‍ വഴി പണം നിക്ഷേപിച്ച തിരുവമ്പാടി സ്വദേശിയായ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടത് 1.25 കോടിരൂപ. കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മയ്ക്ക് 23 ലക്ഷംരൂപയും നഷ്ടമായി. സംഭവത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

To advertise here,

ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനികളുടെ പ്രതിനിധികളാണെന്ന് പറഞ്ഞ് സാമൂഹികമാധ്യമം വഴിയാണ് ഇരുവരെയും തട്ടിപ്പുകാര്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ടെലഗ്രാം, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ സ്റ്റോക്ക് ട്രേഡിങ് നിക്ഷേപത്തെക്കുറിച്ച് ക്ലാസുകളെടുത്ത് ചെറിയ തുകകള്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. ഇങ്ങനെ നിക്ഷേപിച്ച തുകയ്ക്ക് ലാഭംനല്‍കി വിശ്വാസം പിടിച്ചുപറ്റിയാണ് വലിയ തുകകള്‍ വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. ഈ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്.

കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ മുഴുവന്‍ തുകയും ഒന്നിച്ച് തിരിച്ചുനല്‍കാമെന്ന വാഗ്ദാനംനല്‍കിയാണ് വലിയതുക തട്ടിയെടുത്തത്. തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് സൈബര്‍ പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുകണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് വ്യാപകമായ പ്രചാരണം നടക്കുന്ന സമയത്തുതന്നെയാണ് ഈ തട്ടിപ്പും. ജനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിനിരയായാല്‍ ഉടന്‍ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930-ല്‍ ബന്ധപ്പെടണമെന്നും സൈബര്‍ ക്രൈം പോലീസ് അറിയിച്ചു.