കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരിലുള്ള വ്യാജ എ.ഐ. വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. നടുവണ്ണൂർ സ്വദേശിക്ക് ഒരു കോടി 45 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ തട്ടിപ്പാണിത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
ട്രേഡിങ്ങിലൂടെ വൻ ലാഭം നേടാമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ എ.ഐ. വീഡിയോയാണ് തട്ടിപ്പുകാർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇത് വിശ്വസിച്ച് വീഡിയോയ്ക്കൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് നടുവണ്ണൂർ സ്വദേശി തട്ടിപ്പുകാരുടെ വലയിലായത്.
ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ തന്നെ മലയാളത്തിൽ സംസാരിച്ച ഒരാൾ ഫോണിൽ വിളിക്കുകയും ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ കൈക്കലാക്കിയ സംഘം, ജൂൺ മുതൽ നവംബർ വരെയുള്ള അഞ്ച് മാസത്തിനിടെ 30 തവണകളായാണ് 1.45 കോടി രൂപ തട്ടിയെടുത്തത്.
ഓരോ ഘട്ടത്തിലും മികച്ച ലാഭം വാഗ്ദാനം ചെയ്താണ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം പരാതിക്കാരൻ തിരിച്ചറിഞ്ഞത്.
ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ സമാന രീതിയിൽ നടക്കുന്ന മൂന്നാമത്തെ തട്ടിപ്പാണിത്. വടകരയിലെ വൃദ്ധ ദമ്പതികൾക്ക് സമാനമായ എ.ഐ. വീഡിയോ വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് 3 ലക്ഷം രൂപ നഷ്ടമായിരുന്നു. പെൻഷൻ തുകയും മറ്റുമായി ബാങ്കിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇവർക്ക് നഷ്ടമായത്. ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിലും സമാനമായ രീതിയിൽ വ്യാജ വീഡിയോ വഴിയുള്ള തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് റൂറൽ സൈബർ പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.
Content Highlights: A Naduvannur native lost Rs 1.45 crore to a fake AI video scam., Scammers used a deepfake video featuring Union Finance Minister Nirmala Sitharaman promising high trading profits., This is the third such scam reported in the Kozhikode district within a week., Kozhikode Rural Cyber Police have launched an active investigation.
Published: 15 Nov 2026, 10:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented