കൊച്ചി: നിർമിതബുദ്ധി ഉപയോഗിച്ച് നിർമിച്ച, കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ വ്യാജവീഡിയോ ഉപയോഗിച്ച് നിക്ഷേപത്തട്ടിപ്പ്. ഇതിലൂടെ രാജ്യവ്യാപകമായി കോടികളുടെ തട്ടിപ്പുനടന്നതായും ജാഗ്രതവേണമെന്നും സൈബർ പോലീസ് മുന്നറിയിപ്പുനൽകി. ഒരു നിക്ഷേപകസംഗമത്തിൽ കേന്ദ്രമന്ത്രി സംസാരിക്കുന്നതായി നിർമിച്ച ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ചാണ് തട്ടിപ്പ്.
ഒരു നിക്ഷേപപദ്ധതി വിശദീകരിക്കുകയും അതിൽ 21,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കുന്നതിലൂടെ വൻ ലാഭം നേടാമെന്നുമാണ് വീഡിയോയിൽ പറയുന്നത്.
വീഡിയോയ്ക്ക് ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പുസംഘത്തിന്റെ വലയിലാകും. ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ പ്രതിനിധിയെന്നു പറഞ്ഞ് ആളുകളുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന്, കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന് പരിചയപ്പെടുത്തുന്ന ആൾ ചെറിയതോതിൽ നിക്ഷേപമാരംഭിക്കാൻ നിർദേശിക്കുകയും ഡോളറിൽ കണക്കാക്കിയ വ്യാജലാഭം കാണിച്ച് വിശ്വസിപ്പിക്കുകയുംചെയ്യും. ഇത് പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാവുക.
കേന്ദ്രമന്ത്രിക്കൊപ്പം രാജ്യത്തെ മുൻനിരവ്യവസായികളുടെ പേരിലും സമാന വീഡിയോ നിർമിച്ച് തട്ടിപ്പുനടത്തുന്നുണ്ട്. വിദേശരാജ്യങ്ങളിൽനിന്നാണ് ഇവ നിർമിക്കുന്നതെന്നാണ് വിവരം. വിദേശനമ്പറുകൾ ഉപയോഗിച്ചുള്ള വാട്‌സാപ്പിലൂടെയാണ് തട്ടിപ്പുകാർ ഇരകളുമായി ബന്ധപ്പെടുന്നത്.
കേരളത്തിൽ ഈമാസം 23 കേസുകൾ, നഷ്ടം 33 കോടി
വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്, ക്രിപ്റ്റോ കറൻസി, ഫോറെക്സ് നിക്ഷേപപദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് 23 കേസുകളാണ് ഇൗമാസം ഒന്നുമുതൽ 13 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ രജിസ്റ്റർചെയ്തിട്ടുള്ളത്. ആകെ 33 കോടി രൂപയിലധികമാണ് ഇതിലൂടെ നഷ്ടമായത്. 2024-ൽ ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് മൊത്തം 1.20 ലക്ഷം കേസുകളാണുണ്ടായത്. 5020 കോടി രൂപയും നഷ്ടപ്പെട്ടു.
Content Highlights: Fake AI video of Finance Minister Nirmala Sitharaman used in investment scams.
Published: 15 Sept 2025, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented