ആലപ്പുഴ: തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിച്ചിരുന്ന അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം അറസ്റ്റിലായ ആളല്ല യഥാര്‍ഥ പ്രതിയെന്ന് പോലീസ്. സ്വര്‍ണം ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കാനെത്തിയ ദമ്പതിമാരാണ് കൊല നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.
തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീന് (43), ഭാര്യ അനീഷ (38) എന്നിവരാണ് പ്രതികള്‍. സൈനുലാബ്ദീനെ റിമാന്‍ഡുചെയ്തു. അപസ്മാര ലക്ഷണം കണ്ടതിനാല്‍ അനീഷയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതായി ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് അറിയിച്ചു. കൊലപാതകക്കുറ്റത്തില്‍നിന്നു മാത്രമാണ് ആദ്യം അറസ്റ്റിലായ മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ അബൂബക്കര്‍ (68) മുക്തനായത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഈ മാസം 17-നാണ് അറുപത്തിരണ്ടുകാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ബലാത്സംഗത്തിനിരയായിരുന്നു. മോഷണം പോയ ഇവരുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് യഥാര്‍ഥ പ്രതികളിലേക്ക് പോലീസെത്തിയത്. രണ്ടുവര്‍ഷം മുന്‍പ് സൈനുലാബ്ദീന് കൊല്ലപ്പെട്ട സ്ത്രീയുടെ വീടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്നു. അതിനാല്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. മുളകുപൊടി വിതറുകയും ചെയ്തു.
കൊല്ലപ്പെട്ട സ്ത്രീയുടെ സമ്പാദ്യം എത്രയെന്നതു സംബന്ധിച്ച് ആര്‍ക്കും ധാരണയില്ല. അതിനാല്‍, എന്തൊക്കെ മോഷണം പോയെന്നതില്‍ വ്യക്തതയില്ല. അബൂബക്കര്‍ വീട്ടിനകത്തുണ്ടായിരുന്ന സമയം പ്രതികള്‍ തൊട്ടപ്പുറത്തെ വീടിന്റെ പരിസരത്തുണ്ടായിരുന്നെന്നു സംശയമുണ്ട്.
താനാണ് കൊല നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം അബൂബക്കറെ അറസ്റ്റുചെയ്തത്. അബൂബക്കര്‍ 12 മണിയോടെ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നതായും ബലാത്സംഗം നടന്നതായും പോലീസ് പറയുന്നു. ബലാത്സംഗത്തിനിടെ ഇവര്‍ ബോധരഹിതയായപ്പോള്‍ മരിച്ചെന്നു തെറ്റിദ്ധരിച്ചതാകാം അബൂബക്കര്‍ കുറ്റസമ്മതം നടത്താന്‍ കാരണമെന്നാണു വിവരം.അബൂബക്കറിനെതിരേ കൊലപാതകക്കുറ്റമുള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇയാളെ ഇതില്നിന്നൊഴിവാക്കും. പുതുതായി ഏതൊക്കെ വകുപ്പുകള്‍ ചുമത്തുമെന്നതു കൂടുതല്‍ പരിശോധിച്ച ശേഷമേ തീരുമാനിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.
കുറ്റസമ്മത മൊഴിയിൽ ആദ്യം വഴിതെറ്റി, പിന്നെ ചുരുളഴിച്ചു
തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ താനാണ് കൊന്നതെന്ന തെറ്റിദ്ധാരണയിലാകാം അബൂബക്കറിന്റെ കുറ്റസമ്മതമെന്നാണ് സൂചന. കൊല്ലപ്പെട്ട 62-കാരിയുമായി ദീര്‍ഘനാളത്തെ അടുപ്പമുണ്ടായിരുന്നു അബൂബക്കറിന്. കൊലപാതകം നടന്ന ദിവസം അബൂബക്കര്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു. അന്നുതന്നെ സ്ത്രീ ബലാത്സംഗത്തിനുമിരയായി. ഇതിനിടെ ഇവര്‍ ബോധരഹിതയായപ്പോള്‍ മരിച്ചെന്നു തെറ്റിദ്ധരിച്ചതാകാം അബൂബക്കര്‍ കുറ്റസമ്മതം നടത്താന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നെ രക്ഷിക്കണം... അബദ്ധം പറ്റിപ്പോയെന്ന് അബൂബക്കര്‍ തന്നോടു പറഞ്ഞതായി ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് പത്രസമ്മേളനത്തിനിടെ പറഞ്ഞു. അബൂബക്കറിനെ അറസ്റ്റുചെയ്തശേഷവും കൊലപാതകം സംബന്ധിച്ച് അവ്യക്തത തുടരുകയായിരുന്നു. സ്ത്രീയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണിനായുള്ള അന്വേഷണമാണ് വഴിത്തിരിവായത്. എന്നാല്‍, മൊബൈല്‍ ഫോണ്‍ കഴിഞ്ഞദിവസം സ്വിച്ച് ഓണായതോടെയാണ് പോലീസ് യഥാര്‍ഥ പ്രതികളിലേക്കെത്തിയത്.
കരുനാഗപ്പള്ളി ടവര്‍ ലൊക്കേഷനില്‍ സ്വിച്ച് ഓണായ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീനും ഭാര്യ അനീഷയുമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചത്. സൈനുലാബ്ദീന്റെ മൂന്നാം ഭാര്യയാണ് അനീഷ. രണ്ടുവര്‍ഷം മുന്‍പ് സൈനുലാബ്ദീന് കൊല്ലപ്പെട്ട 62-കാരിയുടെ വീടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്നു. ഒറ്റയ്ക്കു താമസിക്കുന്നതിനാല്‍ ഇവിടെ മോഷണം എളുപ്പമാകുമെന്നു കരുതി ആസൂത്രണം ചെയ്തതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ മുന്‍പും മോഷണക്കേസുകളില്‍ പ്രതിയായിരുന്നു.
വീഴ്ച പറ്റിയില്ല; മികവെന്ന് ജില്ലാപോലീസ് മേധാവി
തോട്ടപ്പള്ളിയില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ പ്രതികളിലേക്കെത്തിയത് പോലീസിന്റെ മികവെന്നു ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്. പോലീസിനു വീഴ്ച പറ്റിയിട്ടില്ല. അബൂബക്കറിനെ അറസ്റ്റുചെയ്ത അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ തെളിവുകളിലൂടെ യഥാര്‍ഥ പ്രതികളെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ഓണായില്ലെങ്കില്‍ മറ്റൊരു വഴി കണ്ടെത്തുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ ഗുരുതര പരിക്കില്ലെന്നായിരുന്നു പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം. എങ്കിലും കൊലപാതകമാണെന്ന സംശയത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയായിരുന്നു. സംശയംതോന്നിയ 60 പേരെ പലവട്ടം ചോദ്യം ചെയ്തു.
പ്രധാന സാക്ഷിയാക്കാമെന്നു കരുതിയാണ് അബൂബക്കറിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. എന്നാല്‍, മറുപടിയില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യംചെയ്തതോടെ അബൂബക്കര്‍ കുറ്റം സമ്മതിച്ചു.
എന്നാല്‍, മരണം സംഭവിച്ചതെങ്ങനെയെന്നതിലുള്‍പ്പെടെ കൂടുതല്‍ വ്യക്തത വരുത്താനുണ്ടായിരുന്നു. സ്ത്രീയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ കണ്ടെത്താനുള്ള ശ്രമവുമുണ്ടായിരുന്നു. ഈ ഫോണ്‍ ഓണായതോടെയാണ് യഥാര്‍ഥ പ്രതികളിലേക്കു പോലീസെത്തിയത്.
Content Highlights: Thotappally Murder: Wrongful Arrest, Real Culprits Found with Stolen Phone
Published: 24 Aug 2025, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented