താമരശ്ശേരി: മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മകളെയും കൊണ്ട് അര്‍ധരാത്രി വീടുവിട്ട് ഓടിയ സംഭവത്തില്‍ പ്രതികരണവുമായി യുവതി.  താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്. യുവതിയെയും മകളെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.

To advertise here,

വിവാഹം കഴിഞ്ഞത് മുതല്‍ തുടങ്ങിയ ഉപദ്രവമാണെന്നും കഴിഞ്ഞ ദിവസം വീട് വിട്ട് ഓടിയത് രക്ഷപ്പെടാനല്ലെന്നും വാഹനത്തിന്റെ മുന്നില്‍ ചാടാനായിരുന്നുവെന്നും യുവതി പറഞ്ഞു. കൊല്ലുമെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചു. കൊടുവാളുകൊണ്ട് വെട്ടാന്‍ വന്നപ്പോഴാണ് ഓടിയത്. രക്ഷപ്പെടാനായിരുന്നില്ല, വണ്ടിയുടെ മുന്നില്‍ ചാടാനാണ് ഓടിയത്. പക്ഷേ അത് കണ്ടപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവലിച്ച് കൊണ്ടുപോയി. കല്യാണം കഴിഞ്ഞ അന്ന് തുടങ്ങിയ ഉപദ്രവമാണ്. എല്ലാം ശരിയാകുമെന്ന് കരുതി ക്ഷമിച്ചു നിന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 

വീടിനുള്ളില്‍വെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും മാതൃമാതാവിനും പരിക്കേറ്റതായും നസ്ജ പറഞ്ഞു. രാത്രി 10 മണിക്ക് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്. 

മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. നസ്ജയും, മകളും, വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടില്‍ നിരന്തരം പ്രശ്ങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറഞ്ഞു.