തിരുവനന്തപുരം:   യുവസംവിധായക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോ കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷനാണ് മരണത്തിന് കാരണമായതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. 

To advertise here,

ഇതുസംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. 

2019 ഫെബ്രുവരി 24-നാണ് നയന സൂര്യ(28)യെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം സ്വാഭാവിക മരണമാണെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ടെന്ന് വ്യക്തമാക്കിയതും പരിക്കിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ദുരൂഹത വര്‍ധിപ്പിച്ചു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും സംശയത്തിനിടയാക്കി. തുടര്‍ന്ന് നയനയുടെ സുഹൃത്തുക്കളും കുടുംബവും ദുരൂഹത ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. 

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ലെനിന്‍ രാജേന്ദ്രന്‍ മരണപ്പെട്ട് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു നയനയുടെ മരണം.