ചെന്നൈ: ഇൻസ്റ്റഗ്രാമിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രമുഖ ഫിനാൻസ് ഇൻഫ്ലുവൻസറെ ചെന്നൈയിലെ വാടകവില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും 'ഫിനാൻസ് വിത്ത് ഹരീഷ്' എന്ന സോഷ്യൽ മീഡിയ പേജിലൂടെ വീഡിയോ ചെയ്തിരുന്ന വി. ഹരീഷി (27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മകന്റെ മരണത്തിന് കാരണം സെമുറിയ ഇൻക് എന്ന വെഞ്ചർ സ്റ്റുഡിയോയുടെ സി.ഇ.ഒ ജെയ്സൺ സാമുവൽ നടത്തിയ സൈബർ ബുള്ളിയിങ്ങും അധിക്ഷേപങ്ങളുമാണെന്ന് ഹരീഷിന്റെ പിതാവ് ആരോപിച്ചു. ജെയ്സൺ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് ഹരീഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ പ്രവർത്തനരഹിതമാക്കിയിരുന്നുവെന്നും തുടർന്ന് പുതിയ അക്കൗണ്ടിലൂടെയാണ് ഹരീഷ് വീഡിയോകൾ പുറത്തുവിട്ടിരുന്നതെന്നും കുടുംബം പറഞ്ഞു. ഇതിനെത്തുടർന്നുണ്ടായ കടുത്ത മാനസികസമ്മർദ്ദമാണ് മകനെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നും സംഭവത്തിൽ പോലീസ് അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണങ്ങൾ തള്ളി ജെയ്സൺ സാമുവൽ രംഗത്തെത്തി. ഹരീഷിന്റെ മരണവാർത്തയിൽ കടുത്ത ദുഃഖവും ഞെട്ടലും രേഖപ്പെടുത്തിയ സാമുവൽ, താൻ സൈബർ ബുള്ളിയിങ് നടത്തിയിട്ടില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. 'എക്സ്' പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഞാൻ അദ്ദേഹത്തെ സൈബർ ബുള്ളിയിങ് ചെയ്തിട്ടില്ല. അദ്ദേഹത്തിന് ആവശ്യമായ ലൈസൻസോ അധികാരമോ ഇല്ലെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്. സെബിയുടെ റജിസ്റ്റേർഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ (ആർഐഎ) ലൈസൻസ് അദ്ദേഹത്തിന് ഇല്ലായിരുന്നു. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയിൽ (എഎംഎഫ്ഐ) നിന്ന് അടുത്തിടെ മാത്രമാണ് എ.ആർ.എൻ (എആർഎൻ) നമ്പർ ലഭിച്ചതെങ്കിലും ആംഫി ലൈസൻസ് ഉണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ നിയമവിരുദ്ധമായ പ്രവർത്തനമാണ് ഞാൻ ചൂണ്ടിക്കാണിച്ചത്’, ജെയ്സൺ സാമുവൽ കുറിപ്പിൽ പറഞ്ഞു.
കൃത്യമായ സെബി ലൈസൻസോടെ തിരിച്ചുവന്ന് ജോലി തുടരാനാണ് വീഡിയോയിലൂടെ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്ന് ജെയ്സൺ സാമുവൽ പറഞ്ഞു. ഇത്രയും ദാരുണമായ ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന് പ്രതീക്ഷിച്ചില്ല. ഈ വേർപാടിൽ ഞാൻ അനുശോചിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.
Content Highlights: A popular Chennai-based finance influencer was found dead in his apartment, prompting his father to allege that severe cyberbullying and harassment by a tech CEO led to his tragic death, while the accused CEO has strongly denied the claims.
Published: 21 Oct 2026, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented