
ചേര്‍ത്തല: സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന. ബുധനാഴ്ച രാവിലെമുതലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചത്. ഇതുവരെ പുരയിടത്തിലെ മൂന്നിടത്തുനിന്ന് റഡാറില്‍ സിഗ്നലുകള്‍ കിട്ടി. ഈ മൂന്നിടങ്ങളിലും കുഴിയെടുക്കുകയാണെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. ബിന്ദു പദ്മനാഭന്‍ തിരോധാനക്കേസില്‍ അന്വേഷണം നടത്തുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്.
ബുധനാഴ്ച രാവിലെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിനുള്ളില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷമാണ് വീട്ടുവളപ്പില്‍ പരിശോധന ആരംഭിച്ചത്. പരിശോധനയ്ക്ക് മുന്‍പായി വീട്ടുവളപ്പിലെ പുല്ലുകളെല്ലാം വെട്ടിമാറ്റിയിരുന്നു. വീട്ടുവളപ്പില്‍ എവിടെയെങ്കിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടോ എന്നറിയാനായാണ് റഡാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിച്ച് അന്വേഷണസംഘം പരിശോധന നടത്തുന്നത്.
Also Read
അതേസമയം, കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെ സെബാസ്റ്റ്യന്‍ ഇതുവരെയും ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. അകിനാൽ ഇയാളെ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ ചോദ്യംചെയ്യുന്നതിനുള്ള നടപടികള്‍ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ഭാര്യ സുബിയെ നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍വെച്ച് ചോദ്യംചെയ്തുവരികയാണ്.
ബിന്ദു പദ്മനാഭന്റെ സ്വത്ത് കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് സെബാസ്റ്റ്യന്‍ നേരത്തേ അറസ്റ്റിലായിരുന്നത്. ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെതിരേ പരാതി ഉയര്‍ന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഏറ്റൂമാനൂരിലെ ജെയ്‌നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ വീണ്ടും കസ്റ്റഡിയിലായത്. ഇതില്‍ സെബാസ്റ്റ്യനെതിരേ കൊലപാതകത്തിന് കേസെടുക്കുകയും തുടരന്വേഷണത്തില്‍ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുംചെയ്തിരുന്നു. എന്നാല്‍, ഇത് കാണാതായ സ്ത്രീകളില്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. അതിനാലാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ഇതിന്റെ ഫലം വ്യാഴാഴ്ചയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫലം വന്നാലേ മുന്നോട്ടുപോകാനാവൂവെന്ന അവസ്ഥയിലാണ് അന്വേഷണസംഘം. ഹയറുമ്മ(ഐഷ)യെ കാണാതായ കേസന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച്, സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.
മൂന്നുപേരും കൊല്ലപ്പെട്ടിരിക്കാമെന്ന് നിഗമനം
ദുരൂഹസാഹചര്യത്തില്‍ കാണാതായ ബിന്ദു പദ്മനാഭന്‍, ഹയറുമ്മ എന്ന ഐഷ, ജെയ്‌നമ്മ എന്നിവര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് സംഘങ്ങള്‍. മൂന്ന് കേസിലും സെബാസ്റ്റ്യന്റെ ബന്ധം തെളിവുകളോടെ സ്ഥിരീകരിച്ചെങ്കിലും ഇവരെ എങ്ങനെ, എപ്പോള്‍ കൊന്നുവെന്നും മൃതദേഹങ്ങള്‍ എവിടെ, എങ്ങനെ മറവുചെയ്‌തെന്നുമുള്ള ചോദ്യങ്ങള്‍ അന്വേഷണസംഘങ്ങള്‍ക്ക് വെല്ലുവിളിയാണ്. ജൂലായ് 28-ന് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ച കാര്യമായ തെളിവ്.
ബിന്ദു പദ്മനാഭന്‍
സെബാസ്റ്റ്യനെതിരേ ആദ്യം ആരോപണമുയരുന്നത് ബിന്ദു പദ്മനാഭന്‍ തിരോധാനത്തിലായിരുന്നു. കടക്കരപ്പള്ളി സ്വദേശിനിയായ ബിന്ദുവിനെ കാണാനില്ലെന്ന് സഹോദരന്‍ പി. പ്രവീണ്‍കുമാര്‍ 2017 സെപ്റ്റംബറിലാണ് പരാതി നല്‍കുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന അച്ഛന്‍ പദ്മനാഭപിള്ളയുടെ കോടികളുടെ സ്വത്തിനവകാശിയായിരുന്നു ബിന്ദു. അച്ഛനമ്മമാര്‍ മരിക്കും മുന്‍പേബിന്ദു സഹോദരനുമായി അകന്നിരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തിനിടെ സ്വത്തെല്ലാം ഒന്നൊന്നായി വിറ്റു. ഇതിനെല്ലാം സഹായിയായത് സെബാസ്റ്റ്യനും. 2003-ല്‍ മാസങ്ങളുടെ ഇടവേളകളില്‍ ബിന്ദുവിന്റെ സ്വത്തെല്ലാം വിറ്റെന്നാണ് കണ്ടത്തല്‍. എംബിഎ പഠനം പൂര്‍ത്തിയാക്കിയ ബിന്ദു 2006 വരെ ജീവിച്ചിരുന്നതായാണ് നിഗമനം. ഇതിനുശേഷവും ഇവര്‍ ജീവിച്ചിരുന്നെന്ന മൊഴിയുണ്ടങ്കിലും ഉറപ്പിച്ചിട്ടില്ല. പട്ടണക്കാട് പോലീസും പ്രത്യേക അന്വേഷണസംഘവും അന്വേഷിച്ച കേസ് നിലവില്‍ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ബിന്ദുവിനെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്ന സഹോദരന്റെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സെബാസ്റ്റ്യന്റെ പേര് പുറത്തുവന്നത്.
ഹയറുമ്മ (ഐഷ)
റിട്ട. പഞ്ചായത്തു ജീവനക്കാരിയായിരുന്ന ചേര്‍ത്തല നഗരസഭ ഏഴാംവാര്‍ഡ് വെളിയില്‍ ഹയറുമ്മ എന്ന ഐഷ(62)യെ 2018 മേയ് 13-നാണ് കാണാതാകുന്നത്. ഭര്‍ത്താവുമായി പിണങ്ങി അകന്നിരുന്ന ഇവര്‍ ആദ്യം മകനോടൊപ്പവും പിന്നീട് ഒറ്റയ്ക്ക് ചേര്‍ത്തലയിലും താമസിച്ചു. വീടിനോടു ചേര്‍ന്നുള്ള അഞ്ചുസെന്റ് ഭൂമി വാങ്ങാനാണ് ഇവര്‍ സെബാസ്റ്റ്യനുമായി ബന്ധപ്പെടുന്നത്. സെബാസ്റ്റ്യന്റെ വിശ്വസ്തയായിരുന്ന, അയല്‍വാസിയായ സ്ത്രീ വഴിയായിരുന്നു ഇത്. പണവും അണിഞ്ഞിരുന്ന ആഭരണങ്ങളുമായാണ് ഐഷയെ കാണാതാകുന്നത്. അവസാനയാത്ര സെബാസ്റ്റ്യന്റെ വീട്ടിലേക്കായിരിക്കാമെന്നാണ് കണക്കാക്കുന്നത്. മകന്റെ പരാതിയിലായിരുന്നു കേസ്. പ്രാഥമികാന്വേഷണത്തില്‍ മൂവാറ്റുപുഴയില്‍ കണ്ട മൃതദേഹം ഇവരുടേതെന്നുറപ്പിച്ച് മറവുചെയ്ത് കേസ് അവസാനിപ്പിച്ചിരുന്നു. ബിന്ദു പദ്മനാഭന്‍ കേസ് ഉയര്‍ന്ന ഘട്ടത്തിലാണ് ഈ കേസിന് വീണ്ടും ജീവന്‍വെച്ചത്. ആലപ്പുഴ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
ജെയിന്‍ മാത്യു എന്ന ജെയ്‌നമ്മ
ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ജെയിന്‍ മാത്യു എന്ന ജെയ്‌നമ്മ(48)യെ 2024 ഡിസംബര്‍ 23-നു രാവിലെ വീട്ടില്‍നിന്നു കാണാതായെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഇവര്‍ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളില്‍ വെച്ചാകാം സെബാസ്റ്റ്യനുമായി സൗഹൃദമായതെന്നാണു സൂചന. ഏറ്റുമാനൂര്‍ പോലീസെടുത്ത കേസ് നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്‌നമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്നാണ് സെബാസ്റ്റ്യനെതിരേ കൊലപാതകത്തിനു കേസെടുത്തത്.
Content Highlights: Ground penetrating radar used in Cherthala property search linked to missing women case
Published: 06 Aug 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented