
ചേർത്തല: ദുരൂഹസാഹചര്യത്തിൽ കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സെബാസ്റ്റ്യന്റെ ചങ്ങംതറ വീട്ടിൽ തിരിച്ചിൽ നടത്തിയത് കനത്ത പോലീസ് കാവലിൽ. രണ്ടുദിവസമായി പൂർണമായും വീടും പരിസരവും പോലീസ് കാവലിലായിരുന്നു. തിങ്കളാഴ്ച ചേർത്തല എഎസ്‌പി ഹരീഷ് ജയിന്റെ നേതൃത്വത്തിൽ ചേർത്തല, അർത്തുങ്കൽ, കുത്തിയതോട്, പോലീസിന്റെയും ആലപ്പുഴ എആർ ക്യാമ്പിൽനിന്നുള്ള സായുധസേനയുടെയും കാവലിലായിരുന്നു വീട്.
ഉച്ചയ്ക്ക് 12.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യനുമായി വീട്ടിലെത്തിയത്. തുടർന്ന് ഒന്നോടെയാണ് വീട്ടുവളപ്പിൽ പലയിടത്തുമായി മണ്ണുമാന്തിയന്ത്രമുപയോഗിച്ചും കാടുവെട്ടിയും തിരച്ചിൽ നടത്തിയത്. ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ചാനലിന്റെ ഡ്രോൺ പോലീസ് പിടിച്ചെടുത്തു. വീട്ടിലേക്കും പരിസരങ്ങളിലേക്കുമുള്ള പ്രവേശനം പൂർണമായും തടഞ്ഞായിരുന്നു പരിശോധന.
വീട്ടുവളപ്പിലും കുളങ്ങളിലും കക്കൂസ്‌മാലിന്യ ടാങ്കിലും കിണറ്റിലും പരിശോധിച്ചു. വൈകീട്ടോടെ വീട്ടിൽ പ്രത്യേക പണിക്കാരെയെത്തിച്ച് മാർബിൾ നീക്കി തറപൊളിച്ചും ഓടിളക്കി മച്ചിനുള്ളിലും തിരച്ചിൽ നടത്തി.
കൂസലില്ലാതെ സെബാസ്റ്റ്യൻ
സെബാസ്റ്റ്യന്റെ വീട്ടിൽ തിരച്ചിൽ വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെത്തി. പോലീസ് നിയന്ത്രണത്തിനിടയിലും കാടുംപടലും താണ്ടി വീടിന്റെ നാലുഭാഗത്തും കയറാവുന്നയിടങ്ങളിലെല്ലാം കയറിയായിരുന്നു തിരച്ചിൽക്കാഴ്ച കണ്ടത്. ഓരോ സമയത്തും പലതരത്തിലുള്ള കഥകൾ പ്രചരിക്കുന്നതിനാൽ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു നാട്ടുകാർ. കാണാതായ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന ഉറപ്പിലാണ് നാട്ടുകാരും.
ഇവരുടെ ശരീരാവശിഷ്ടങ്ങളും ഇവിടെത്തന്നെയുണ്ടാകുമെന്നും അത്രയും ദൂരൂഹസാഹചര്യത്തിലായിരുന്നു സെബാസ്റ്റ്യന്റെ വീടെന്നുമാണ് അയൽവാസികൾ പറയുന്നത്. രാത്രി 7.30-ന് തിരച്ചിൽ അവസാനിക്കുംവരെ ആളുകളെത്തിക്കൊണ്ടിരുന്നു. പോലീസിന്റെ സഹായത്തിനായി വീട്ടിലേക്കെത്തിയ ജനപ്രതിനിധികളോടടക്കം കുശലംപറഞ്ഞ് കൂളായാണ് സെബാസ്റ്റ്യൻ അന്വേഷണസംഘത്തിനൊപ്പം നിന്നത്.
ആളും ബഹളത്തിനിടയിലും വീടരിച്ചുപെറുക്കിയുള്ള തിരച്ചിലുകൾക്കിടയിലും ഇയാൾ ഒന്നും പ്രതികരിച്ചില്ല. മാധ്യമങ്ങൾക്കു മുഖംകൊടുക്കാതെയാണ് സെബാസ്റ്റ്യനെ വീട്ടിലേക്കെത്തിച്ചത്. തുടർന്ന് വീടിനുള്ളിൽത്തന്നെയിരുത്തി. രാത്രിയോടെയാണ് ഇയാളെ കോട്ടയത്തേക്കു കൊണ്ടുപോയത്. രാത്രി 7.30-ഓടെ പരിശോധന നിർത്തി.
തിരച്ചിൽ സ്ഥലത്തും ചോദ്യംചെയ്യൽ
തിരച്ചിൽ നടക്കുമ്പോഴും വീട്ടിൽ മൂന്നു ക്രൈംബ്രാഞ്ച് സംഘങ്ങളും സെബാസ്റ്റ്യനെ ചോദ്യംചെയ്തതായാണ് വിവരം. കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി ഗിരീഷ് പി. സാരഥി, ആലപ്പുഴ എസ്‌പി എ. ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി.
ചോദ്യങ്ങൾക്കു മുന്നിൽ സഹകരിക്കാതെയാണ് ഇയാൾ പെരുമാറുന്നത്. മൂന്നു സ്ത്രീകളുമായുള്ള സാമ്പത്തിക ഇടപാടുകൾ സമ്മതിക്കുന്നുണ്ടെങ്കിലും ഇവരുടെ തിരോധാനത്തിൽ സെബാസ്റ്റ്യൻ മൗനം തുടരുകയാണ്.
Content Highlights: Police searched a house in Cherthala, Kerala, in connection with the disappearance of three women
Published: 05 Aug 2025, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented