
ആലപ്പുഴ: കർണാടകത്തിലെ ധർമസ്ഥലയിൽ നൂറിലധികം പേരെ കൊന്ന് കുഴിച്ചിട്ടതായുള്ള വെളിപ്പെടുത്തലും തുടർന്നുള്ള പരിശോധനകളും പുരോഗമിക്കുന്നതിനിടെ, സമാനമായ വാർത്തകളാണ് ഇപ്പോൾ ആലപ്പുഴയിൽനിന്നും വരുന്നത്. 2006-നും 2025-നുമിടയിൽ ചേർത്തലയിൽ നിന്ന് കാണാതായ മധ്യവയസ്കരായ നാല് സ്ത്രീകളിൽ മൂന്നുപേരുടെ തിരോധാനം വിരൽചൂണ്ടുന്നത് സെബാസ്റ്റ്യൻ (68) എന്നയാളിലേയ്ക്കാണ്.
സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. വീട്ടുവളപ്പിൽനിന്നും വീട്ടുപറമ്പിലെ കുളങ്ങളിൽനിന്നും തെളിവുകളും അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യൻ പറഞ്ഞയിടങ്ങളിലും കെഡാവർ നായകൾ നൽകുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവിൽ ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് സെബാസ്റ്റ്യൻ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നതെങ്കിലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന തെളിവുകൾ എന്നാണ് സൂചന.
ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ എന്നിവരെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകൾ ബാക്കിവെക്കാതെ അതിവിദഗ്ധമായി സ്ത്രീകളെ കൊലപ്പെടുത്തുകയും സ്വത്ത് തട്ടിയെടുക്കുകയുമായിരുന്നു സെബാസ്റ്റ്യൻ എന്നാണ് കരുതുന്നത്. കൂടുതൽ സ്ത്രീകൾ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും ഇപ്പോൾ പോലീസ് സംശയിക്കുന്നുണ്ട്.
2024 ഡിസംബറിൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനിൽ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ട് എന്നതിന്റെ പശ്ചാത്തലത്തിൽ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ജയ്നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങുംതറ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഇവിടെനിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷണസംഘം വീണ്ടും ചികഞ്ഞുതുടങ്ങിയത്.

ജയ്നമ്മയെ കൊലപ്പെടുത്തിയത് സ്വർണം കവരാൻ?
2024 ഡിസംബർ 23 മുതൽ ജെയ്നമ്മയെ കാണാതായെന്നാണ് ഭർത്താവ് കെ.എം. മാത്യുവിന്റെ പരാതി. ഇതേ ദിവസം മുതൽ ഡിസംബർ 25 വരെ പള്ളിപ്പുറത്തെ വീടിന്റെ ടവർ പരിധിയിൽ സെബാസ്റ്റ്യൻ ഉണ്ടായിരുന്നെന്നാണ് കണ്ടെത്തൽ. ഇതിനുശേഷം ഓഫായ ജൈനമ്മയുടെ ഫോൺ ജനുവരി അഞ്ചിനു ഓണാകുമ്പോഴും സെബാസ്റ്റ്യൻ അതേ ടവർ പരിധിയിലായിരുന്നു. 2025 ജൂലായ് 19-ന് ഉച്ചയ്ക്ക് ഈരാറ്റുപേട്ട ടൗണിൽ നൈനാർപള്ളിക്കു സമീപമുള്ള മൊബൈൽ ഷോപ്പിൽനിന്ന് ഇയാൾ ജെയ്നമ്മയുടെ നമ്പരിൽ 99 രൂപക്ക് റീച്ചാർജ് ചെയ്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.
സെബാസ്റ്റ്യൻ നഗരത്തിലെ സഹകരണബാങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമായി പണയം വെക്കുകയും പിന്നീട് ഇവിടെ നിന്നെടുത്ത് വിൽക്കുകയും ചെയ്ത സ്വർണം അന്വേഷണംസംഘം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കാണാതാകുമ്പോൾ ജെയ്നമ്മ ധരിച്ചിരുന്നതെന്നു കരുതുന്ന സ്വർണമാണ് ഇയാളുടെ സാന്നിധ്യത്തിലെത്തി വീണ്ടെടുത്തത്.
ചേർത്തല ഡിവൈഎസ്പി ഓഫീസിനു മുന്നിലുള്ള ശ്രീവെങ്കിടേശ്വര ജൂവലറിയിൽ നിന്നാണ് സ്വർണം വീണ്ടെടുത്തത്. ജെയ്നമ്മയെ കാണാതായ 2024 ഡിസംബർ 23-ന് ഉച്ചയ്ക്കുശേഷം ചേർത്തല നഗരത്തിലെ സഹകരണബാങ്കിന്റെ പ്രഭാത സായാഹ്ന ശാഖയിൽ 25.5 ഗ്രാം സ്വർണം സെബാസ്റ്റ്യന്റെ സഹായി മനോജ് പണയം വെച്ചിരുന്നു. 24-ന് ദേവീക്ഷേത്രത്തിനു വടക്കുവശത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ രണ്ടു പവനോളവും സ്വർണം പണയം വെച്ചു. ജെയ്നമ്മയെ കൊന്നശേഷം ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പിന്നീട്, ഇവിടെ രണ്ടിടത്തുനിന്ന് സ്വർണമെടുത്താണ് ശ്രീവെങ്കിടേശ്വര ജൂവലറിയിൽ വിറ്റത്. ആകെ അഞ്ചു പവനാണ് വിറ്റത്. മൂന്നു സ്ഥാപനങ്ങളിലും സെബാസ്റ്റ്യനെ എത്തിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ തെളിവുകൾ ശേഖരിച്ചു. സ്ഥാപന ഉടമകളും നടന്ന കാര്യങ്ങൾ അന്വേഷണ സംഘത്തിനു വിശദീകരിച്ചു.

ജയ്നമ്മയ്ക്കായി അന്വഷണം, ലഭിച്ച അസ്ഥികൾ മറ്റൊരുടെയോ..!
സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽനിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ ജെയ്നമ്മയുടേതാണെന്നായിരുന്നു കോട്ടയം ക്രൈംബ്രാഞ്ചിന് ആദ്യമുണ്ടായിരുന്ന നിഗമനം. തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങളാണ് നിലവിൽ കണ്ടെത്തിയത്. ലഭിച്ച തലയോട്ടിയുടെയും തുടയെല്ലുകളുടെയും പ്രാഥമിക പരിശോധനയിൽ മരിച്ചത് ജെയ്നമ്മയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോൾ എത്തിനിൽക്കുന്നത്. എല്ലുകളുടെ പഴക്കവും തലയോട്ടിയോടൊപ്പം കിട്ടിയ കമ്പിയിട്ട പല്ലുമാണ് സംശയങ്ങൾക്കിടയാക്കിയത്. ജെയ്നമ്മയ്ക്ക് അത്തരത്തിൽ പല്ലുകളില്ലെന്ന് ബന്ധുക്കൾ ഉറപ്പിക്കുകയും ഐഷയ്ക്ക് ഒരു വെപ്പുപല്ലുണ്ടെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കാണാതായ ബിന്ദുപത്മനാഭനും പല്ലിൽ ക്യാപ്പിട്ടിരുന്നതായ സൂചനയും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ജൈനമ്മയ്ക്കു പുറമേ ബിന്ദുപത്മനാഭനും ഐഷയും കൊലചെയ്യപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഇവരുമായി ബന്ധപ്പെട്ടും ഡിഎൻഎ പരിശോധനയ്ക്കുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ ഡിഎൻഎ ഫലം വരുമ്പോഴേ ഇക്കാര്യങ്ങളിൽ സ്ഥിരീകരണമാകൂ. ഈ സാഹചര്യത്തിലാണ് ഇതേ വീട്ടുവളപ്പിൽത്തന്നെ ഇനിയും അവശിഷ്ടങ്ങളുണ്ടാകുമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. ഇതോടെയാണ് കാണാതായ ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തിൽ സെബാസ്റ്റ്യന് ബന്ധമുള്ളതായുള്ള സംശയം പോലീസിനുണ്ടായത്.

മാന്യനായ അമ്മാവൻ, ഇരകൾ സമ്പന്ന സ്ത്രീകൾ
സ്ത്രീകളെ വശീകരിച്ച് സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുകയാണ് സെബാസ്റ്റ്യന്റെ രീതി എന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽനിന്ന് മനസ്സിലാക്കാനാവുന്നത്. മാന്യനായ വ്യക്തിയായാണ് നാട്ടിൽ സെബാസ്റ്റ്യൻ അറിയപ്പെട്ടിരുന്നത്. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും 'അമ്മാവൻ' എന്നായിരുന്നു സെബാസ്റ്റ്യൻ അറിയപ്പെട്ടിരുന്നത്. വസ്തു ഇടപാടുകളും ഇടനിലയുമൊക്കെയായിരുന്നു സെബാസ്റ്റ്യന്റെ തൊഴിലുകൾ. ഇതിന്റെ ഭാഗമായാണ് ഇയാൾ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നതെന്നാണ് സൂചന.
2006-ലാണ് 47 വയസ്സുള്ള ചേർത്തല സ്വദേശി ബിന്ദുവിനെ കാണാതായത്. കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ താമസിച്ചു വരികയായിരുന്നു ബിന്ദു. കോടികളുടെ സ്വത്തിനുടമയായ ബിന്ദു എംബിഎ ബിരുദധാരിയായിരുന്നു. പത്ത് വർഷം കഴിഞ്ഞ്, 2017-ലാണ് ബിന്ദുവിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതി ലഭിക്കാനുണ്ടായ കാലതാമസം പോലീസിന് അന്വേഷണത്തിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ബിന്ദുവിന്റെ സ്വത്ത് സെബാസ്റ്റ്യൻ മറിച്ചുവിറ്റതായി പിന്നീട് പോലീസ് കണ്ടെത്തി.
2012 മേയ് 13-നാണ് ഐഷ(54)യെ കാണാതാകുന്നത്. വീടിനോടു ചേർന്ന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇവർ വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനുമായി ബന്ധപ്പെട്ടിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സമീപവാസിയായ സ്ത്രീ വഴിയായിരുന്നു സെബാസ്റ്റ്യൻ ഇടനിലക്കാരനായെത്തിയത്. ബാങ്കിൽ പോകുന്നെന്നു പറഞ്ഞാണ് അവർ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട്, ഇവരുടേതെന്നു സംശയിക്കുന്ന മൃതദേഹം മൂവാറ്റുപുഴയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കിട്ടിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ഉയർന്ന സംശയങ്ങൾക്ക് കാര്യമായ പരിഗണന ലഭിച്ചില്ല. കുടുംബവുമായി അകന്നുകഴിഞ്ഞിരുന്ന ഐഷ ഒറ്റയ്ക്കായിരുന്നു താമസം.
2020 ഒക്ടോബറിലാണ് സിന്ധുവിനെ കാണാതായത്. മകളുടെ വിവാഹനിശ്ചയത്തിന് രണ്ടുദിവസം മുമ്പ് അമ്പലത്തിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ സിന്ധു പിന്നീട് തിരിച്ചുവന്നില്ല. അർത്തുങ്കൽ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മൊബൈൽ ഫോൺ വീട്ടിൽ വെച്ചശേഷമായിരുന്നു സിന്ധു വീടുവിട്ടിറങ്ങിയത്. ഇവർ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. പിന്നീട് എങ്ങോട്ടുപോയെവന്ന് കണ്ടെത്താൻ സാധിച്ചില്ല.

ഐഷയുടെ അയൽവാസിയേയും സെബാസ്റ്റ്യൻ ലക്ഷ്യമിട്ടു?
ഇതിനിടെ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച് സെബാസ്റ്റ്യൻ സമീപിച്ചുവെന്ന് വെളിപ്പെടുത്തി ചേർത്തല നഗരസഭയിലെ ശാസ്താംകവല സ്വദേശിനി റോസമ്മ രംഗത്തെത്തി. ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു റോസമ്മ. തന്റെ അയൽവാസിയായിരുന്ന ഐഷയുടെ തിരോധാനത്തിനു പിന്നിൽ ഇയാൾ തന്നെയാണെന്നും അവർ പറയുന്നു. തന്റെ സ്വത്ത് ലക്ഷ്യമിട്ടാണ് വസ്തുവിൽപ്പനയുടെ കാര്യംപറഞ്ഞ് ഇയാൾ അടുത്തുകൂടി വിവാഹാലോചന നത്തിയത്. ബന്ധുക്കളെ വിവരം അറിയിക്കുമെന്നു പറഞ്ഞതോടെ ഇയാൾ പിന്നീടെത്തിയിട്ടില്ലെന്നും അവർ പറയുന്നു.
കാണാതായ ഐഷയുടെ സമീപവാസിയാണ് റോസമ്മ. അയൽവാസിയെന്ന നിലയിൽ ഐഷയുമായി നല്ല ബന്ധത്തിലായിരുന്നു. ഇവരെയും സെബാസ്റ്റ്യൻ വസ്തുവിൽപ്പനയുടെ പേരിൽ അടുത്തുകൂടി കബളിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്. കാണാതാകുന്ന കാലത്ത് ഐഷയും സെബാസ്റ്റ്യനും അടുത്ത ബന്ധത്തിലായിരുന്നു. സ്ഥലം വാങ്ങാനായി കരുതിവെച്ചിരുന്ന പണമടക്കം ഇവരുടെ കൈവശമുണ്ടായിരുന്നതായും ഇതു സെബാസ്റ്റ്യൻ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് റോസമ്മ പറയുന്നത്.

ഐഷയെ കാണാതായശേഷം പലപ്പോഴായി ഇവരുടെ ഫോണിൽനിന്ന് തന്റെ ഫോണിലേക്ക് കോളുകൾ വന്നുകൊണ്ടിരുന്നെന്നും ഫോണെടുത്താൽ മറുപടിയുണ്ടാകാറില്ലെന്നും തിരിച്ചുവിളിച്ചാൽ എടുക്കാറില്ലെന്നും ഇവർ മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഇതെല്ലാം അക്കാലത്ത് അന്വേഷണം നടത്തിയ പോലീസിനോടു പറഞ്ഞിരുന്നെങ്കിലും അവർ അവഗണിച്ചെന്നും ഇവർ പറയുന്നു. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പോലീസ് റോസമ്മയിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ഇവരും ഇപ്പോൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.
Content Highlights: Kerala Serial Killings? Alappuzha Man Suspected in Disappearance of Multiple Women
Published: 04 Aug 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented