തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ 202 പവൻ സ്വർണം കണ്ടെടുത്തു. 146 പവൻ വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ബാക്കി 56 പവൻ സ്വർണം വയനാട്ടിൽ നിന്നും പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തിൽ നിന്നും അന്വേഷണ സംഘം കണ്ടെടുക്കുകയായിരുന്നു.

To advertise here,

അതേസമയം ചാലയിലെ മാളവിക ജൂവലറി ഉടമ ജയറാമിന്റെ അറസ്റ്റു പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ചില സാമ്പത്തിക തട്ടിപ്പ് കേസുകളിലാണിത്. സ്വർണക്കവർച്ച കേസിൽ ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.

സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പകയാണെന്ന് നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണമാണ് മാളവിക ജുവലറി ഉടമ ജയറാമിലെത്തുന്നത്. വൈഷ്ണവി ജൂവലറി ഉടമയായ നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ ചാലയിലെ മറ്റ് ജൂവലറി ഉടമകൾ ക്വട്ടേഷൻ നൽകി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തിന് മുൻകൂറായി നാല് ലക്ഷം രൂപ കൈമാറിയതിന്റെ തെളിവും പോലീസിന് ലഭിച്ചു.

നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിൽ അസൂയാലുക്കളായ സമീപത്തെ ജൂവലറി ഉടമയും പ്രധാന പ്രതിയുമായ മഹാരാഷ്ട്ര സ്വദേശി അമൂലും കൂട്ടുപ്രതി ദിലീപും ചേർന്നായിരുന്നു ആസൂത്രണം. നഗരത്തിലെ ഒരു ബാറിലിരുന്നായിരുന്നു ആദ്യഘട്ട ഗൂഢാലോചന. ക്രിമിനൽ കേസുകളിൽ പ്രതിയായ അനിലിന് ക്വട്ടേഷൻ നൽകി. വലിയ അളവ് സ്വർണം നഷ്ടപ്പെടുന്നതോടെ നന്ദകുമാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കണക്കിൽപ്പെടാത്ത സ്വർണമായതിനാൽ പോലീസിൽ പരാതിപ്പെടില്ലെന്നുമായിരുന്നു ഇവർ കണക്കുകൂട്ടിയിരുന്നത്. ക്വട്ടേഷൻ ഏറ്റെടുത്ത അനിലിന്റെ സംഘാംഗമായ അനൂപ് രാജിന് അമൂലിന്റെ ബാങ്ക് അക്കൗണ്ട് വഴി നാല് ലക്ഷം രൂപ അഡ്വാൻസായി കൈമാറി.

നന്ദകുമാർ കടയിൽനിന്ന് പുറത്തിറങ്ങാൻ വൈകിയതിനാൽ കവർച്ചയ്ക്കുള്ള ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സ്ഥലത്തെത്തി റിഹേഴ്‌സലും നടത്തിയിരുന്നു. 12-ന് രാത്രി കടയടച്ചശേഷം സ്വർണമടങ്ങിയ ബാഗുമായി വലിയശാലയിലെ വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന നന്ദകുമാറിനെ സഭാവതി കോവിൽ റോഡിൽ വെച്ച് ബൈക്കിലെത്തിയ അനിലും അനൂപും ചേർന്ന് ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു.

മോഷണദിവസം രാവിലെ അമൂൽ, നന്ദകുമാറിന്റെ കടയിലെത്തി 15 ലക്ഷം രൂപയുടെ സ്വർണം അവിടെ വിറ്റ് പണം വാങ്ങിയിരുന്നു. രാത്രിയിൽ ഇതുൾപ്പെടെയുള്ള രണ്ടു കിലോഗ്രാം സ്വർണമാണ് കവർച്ചാസംഘം തട്ടിയെടുത്തത്. ഇതിൽ തന്റെ സ്വർണം മടക്കി നൽകണമെന്ന് അമൂൽ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് 48 മണിക്കൂറിനുള്ളിൽ പ്രതികളെല്ലാം പോലീസിന്റെ വലയിലായത്.

അനിൽ, അനൂപ്, വിനോദ് എന്നിവരെ വയനാട്ട്‌ നിന്നും ഗൂഢാലോചന നടത്തിയ അമൂലും ദിലീപും തിരുവനന്തപുരത്തുനിന്നുമാണ് പിടിയിലായത്. വയനാട് വെച്ച് രക്ഷപ്പെട്ട മറ്റൊരു പ്രതി ശ്രാവണിനെയും പിന്നീട് പോലീസ് പിടികൂടി. പോലീസ് കസ്റ്റഡിയിലുള്ള ജയറാം ഉൾപ്പെടെയുള്ള ഏഴ് പേരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

കവർച്ച നടന്നതിന് പിന്നാലെ വൈഷ്ണവി ജുവലറി ഉടമ പോലീസിനോട് പറഞ്ഞത് 1.800 കിലോ ഗ്രാം സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു. എന്നാൽ എഫ്.ഐ.ആറിൽ രണ്ടു കിലോ ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി പോലീസ് രേഖപ്പെടുത്തി. പിന്നീട് നന്ദകുമാർ സ്വർണ അളവ് വീണ്ടും മാറ്റിപ്പറയുകയായിരുന്നു. 15 പവൻ സ്വർണം മാത്രമേ നഷ്ടപ്പെട്ടുള്ളൂ എന്നായിരുന്നു നന്ദകുമാർ പിന്നീട് പറഞ്ഞത്. എന്നാൽ ഇതിനകം തന്നെ 202 ഓളം പവൻ സ്വർണമാണ് പോലീസ് കണ്ടെടുത്തത്.