
ഭോപ്പാൽ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘം വീണ്ടും സജീവമാകുന്നെന്ന സൂചന നൽകി മധ്യപ്രദേശിലെ ഭോപ്പാലിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് നടത്തിയ റെയ്ഡ്. ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള ജഗദീഷ്പുരയിലെ പതിനൊന്നാം നമ്പർ വീട്ടിൽ നടത്തിയ റെയ്ഡാണ് രാജ്യത്തെ വൻതോതിലുള്ള രാസലഹരി ഉദ്പാദനത്തിലേയ്ക്ക് വെളിച്ചംവീശിയത്. വൻ ലഹരി ശേഖരമാണ് ഇവിടത്തെ പരിശോധനയിൽ കണ്ടെത്തിയത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൂട്ടാളിയുടെ നിർദേശപ്രകാരം പ്രവർത്തിച്ചുവന്നതാണ് ഈ ലഹരി ഉത്പാദനകേന്ദ്രമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഓഗസ്റ്റ് 16-നായിരുന്നു ഡിആർഐ റെയ്ഡ് നടത്തിയത്. അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് ഡിആർഐ പിടികൂടിയത് 92 കോടി രൂപയോളം വിലവരുന്ന രാസലഹരിയായിരുന്നു. സംഭവത്തിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും പങ്കുള്ളതായാണ് ലഭിക്കുന്ന സൂചന. ഇതോടെ വീണ്ടും 'ഡി കമ്പനി' സജീവമാകുകയാണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
മധ്യപ്രദേശിലെ വിവിധയിടങ്ങളിലാണ് ഡിആർഐയുടെ റെയ്ഡ് നടന്നത്. തുടർന്ന് ഭോപ്പാലിലെ ജഗദിഷ്പുര എന്ന ഗ്രാമത്തിലെ പൂട്ടിക്കിടന്ന പതിനൊന്നാം നമ്പർ വീട് കേന്ദ്രീകരിച്ചും റെയ്ഡ് നടത്തി. ഈ വീട്ടിൽനിന്നാണ് വൻതോതിൽ രാസലഹരി കണ്ടെടുത്തത്. ഒരു സിന്തറ്റിക് ലഹരിഫാക്ടറിയായിരുന്നു ആ വീട് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കണ്ടെത്തിയത് സിന്തറ്റിക് ലഹരിയുടെ വൻകിട ഫാക്ടറി
രാജ്യത്തുടനീളമുള്ള മാർക്കറ്റുകളെ ലക്ഷ്യംവെച്ച് 92 കോടി രൂപയോളം വിലവരുന്ന 61.20 കിലോ മെഫെഡ്രോണും 541 കിലോ ഗ്രാം അസംസ്കൃത രാസവസ്തുക്കളും ഇവിടെ നിന്ന് പിടികൂടി. വിവിധ തരത്തിലുള്ള ഉപകരണങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അശോക് നഗറിലുള്ള ഫൈസൽ ഖുറേഷി എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇത് പ്രവർത്തിച്ചിരുന്നു. ഗുജറാത്തിൽനിന്ന് ഫാർമസി ഡിപ്ലോമ കരസ്ഥമാക്കിയ ശേഷമായിരുന്നു ഇയാൾ മധ്യപ്രദേശിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്ക് കടന്നത്. ഇയാളുടെ സഹായിയായി റസാഖ് ഖാൻ എന്നയാളും ഉണ്ടായിരുന്നു.
ഭിവണ്ടിയിൽനിന്നും താനെയിൽനിന്നും സലിം ഡോളയുടെ നിർദേശപ്രകാരമാണ് മെത്തിലീൻ ഡൈക്ലോറൈഡ്, അസെറ്റോൺ, മോണോമെത്തിലാമൈൻ, ഹൈഡ്രോക്ലോറിക് ആസിഡ്, 2-ബ്രോമോ എന്നീ രാസവസ്തുക്കൾ എത്തിച്ചതെന്നാണ് പ്രതികൾ മൊഴിനൽകിയത്. മിനി ട്രക്കുകൾ വഴി ഇവ ഇവിടേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. മുംബൈയിൽനിന്ന് 400 കിലോഗ്രാം രാസവസ്തുക്കൾ ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ എഴ് വർഷത്തോളമായി ഉപയോഗശൂന്യമായിക്കിടക്കുന്ന നിലയിലായിരുന്നു റെയ്ഡ് നടന്ന വീട്. റെയ്ഡ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പതിവ് പരിശോധനകളെ മറികടന്ന് ഏതാനും മണിക്കൂർ മുൻപ് ഈ വീട്ടിലേക്ക് വൈദ്യുതി മീറ്റർ അനുവദിക്കുകയും സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനായി ദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിരുന്നോ എന്ന കാര്യവും ഇപ്പോൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇത്രയും ഉയർന്ന വോൾട്ടേജിൽ യാതൊരു പരിശോധനയും കൂടാതെ ഇത്രപെട്ടെന്ന് എങ്ങനെ വൈദ്യുതി അനുവദിച്ചു എന്ന ചോദ്യം ഉയരുന്നുണ്ട്.
പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം
പ്രാദേശികാടിസ്ഥാനത്തിൽ മാത്രമായി ഈ അന്വേഷണം ഒതുങ്ങില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഉത്പാദിപ്പിച്ച രാസലഹരികൾ മധ്യപ്രദേശിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ മധ്യപ്രദേശിന് വെളിയിൽനിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. സുറത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. ഡി ഗ്യാങ്ങിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ഒരു വലിയ സംഘത്തിലേക്കാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നതെന്നാണ് സൂചന.
ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. ഒറ്റ റെയ്ഡിൽ പിടികൂടിയത് 100 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നാണ്. ഇത് സംഘം വീണ്ടും സജീവമാകുന്നുവെന്ന സൂചന നൽകുന്നതായി റിപ്പോർട്ടിൽ പറയുന്നു. തുർക്കി മുതൽ വിദേശ രാജ്യങ്ങൾ വരേയും മുംബൈയിലെ ഇരുണ്ട ഇടവഴികൾ മുതൽ ഭോപ്പാലിലെ ഗ്രാമങ്ങൾ വരേയും ദാവൂദ് ഇബ്രാഹിമിന്‍റെ ശൃംഖല പ്രവർത്തിക്കുന്നെന്നാണ് വിവരം.
നേരത്തെ ആയുധ ഇടപാടുകളായിരുന്നെങ്കിൽ ഇപ്പോൾ അത് മയക്കുമരുന്ന് ശൃംഖലകളായി പരിണമിച്ചു. രഹസ്യ ലാബുകളിൽ പാകം ചെയ്തെടുക്കുന്ന പൊടികളും ദ്രാവകങ്ങളും ഡി സംഘം പുതുതലമുറയെ ലക്ഷ്യംവെക്കുന്നുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ദാവൂദ് ഇബ്രാഹിം, സലിം ഡോള ഇസ്മയീൽ, ഉമൈദു റഹ്മാൻ തുടങ്ങിയ അധോലോക നായകന്മാർ പാകിസ്താനിൽനിന്നും വിദേശത്തുനിന്നും ഇന്ത്യയിലേക്ക് രാസലഹരിയ്ക്കുവേണ്ടി പണമൊഴുക്കുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്.
'മ്യാവൂ... മ്യാവൂ'
മെഫെഡ്രോണിന്റെ ഉദ്പാദനത്തിന് ഏറ്റവും ലാഭകരമാണ് ഇന്ത്യയെന്ന് കണ്ടാണ് ഇവർ പണമൊഴുക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. മാർക്കറ്റിൽ മെഫെഡ്രോൺ 'മ്യാവൂ... മ്യാവൂ' എന്നാണ് ഇവ അറിയപ്പെടുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കള്ളക്കടത്തുകാരൻ ഇഖ്ബാൽ മിർച്ചിയുടെ വിശ്വസ്തനായ അനുയായിയായിരുന്നു ഒരുകാലത്ത് സലിം ഡോള. മുബൈയിലേയും ഗുജറാത്തിലേയും പഴയ ഡി കമ്പനി ബന്ധങ്ങൾ ഉപയോഗിച്ച് തുർക്കിയിലെ നെറ്റ് വർക്ക് വഴിയായിരുന്നു ആസൂത്രണം നടത്തിയിരുന്നത്. ഇയാളുടെ അനന്തരവൻ മുസ്തഫ കുബ്ബാവാലയ്ക്കെതിരേ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Content Highlights: ₹92 Crore Drug Bust in Bhopal Links to D-Company, Raising Concerns
Published: 22 Aug 2025, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented