കൊല്ലം :രാജ്യാന്തര നമ്പരുകളില്‍നിന്നുള്ള അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നതോടെ സ്പാം കോളുകള്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവുമായി പോലീസ്. വാട്സാപ്പും ഉപയോക്താള്‍ക്ക് ഇതുസംബന്ധിച്ചുള്ള ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

To advertise here,

ഇന്‍ഡൊനീഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നമ്പരുകളില്‍നിന്നാണ്‌ കോളുകള്‍ വരുന്നത്. ഇത്തരം സ്പാം നമ്പരുകളില്‍നിന്നുള്ള കോളുകള്‍ വന്നാല്‍ അത് എടുക്കരുത്. ആ നമ്പര്‍ ഉടന്‍ ബ്ലോക്ക് ചെയ്യുക (വാട്സാപ്പ് പേജിന്റെ വലതുവശത്ത് മുകളിലുള്ള മൂന്നു ഡോട്ടുകളില്‍നിന്നുള്ള മെനുവില്‍നിന്ന് 'മോര്‍' തിരഞ്ഞെടുക്കുക. അതില്‍ രണ്ടാമതായി ബ്‌ളോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം).

അജ്ഞാതസന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വ്യക്തിഗതവിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍

വാട്ട്‌സ് ആപ്പിലെ 'Who can see' സെറ്റിങ്സ് Contacts only ആണെന്ന് ഉറപ്പുവരുത്തുക. അതുപോലെ, about, groups എന്നിവയുടെ സെറ്റിങ്സ് സ്‌ട്രോങ്ങ് ആക്കുക.  two-factor ഓതെന്റിക്കേഷന്‍ കൃത്യമായി ക്രമീകരിച്ചിരിക്കുന്നെന്ന് ഉറപ്പാക്കുക. അജ്ഞാത കോളുകള്‍ വന്നാലുടന്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക.