ചാലക്കുടി: ഉച്ചഭക്ഷണസമയത്ത് പൊടുന്നനെ എത്തിയ മോഷ്ടാവിനെ തിരിച്ചറിയാൻ യാതൊരു വഴിയുമില്ലായിരുന്നെന്ന് ബാങ്കിലെ ജീവനക്കാർ. കാഷ് കൗണ്ടറിന്റെ താക്കോൽ ചോദിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് താക്കോൽ ചോദിച്ചത്. താക്കോൽ കിട്ടില്ലെന്ന് ഉറപ്പായതോടെ വീണ്ടും കത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിയിലേക്കു നീങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് മുറി വെളിയിൽനിന്ന്‌ പൂട്ടി. പീന്നിടാണ് കവർച്ച നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു.

To advertise here,

മുറി പൂട്ടിയശേഷം കാഷ് കൗണ്ടർ തോൾകൊണ്ട് ഇടിച്ചുതുറക്കാൻ ശ്രമിക്കുന്ന പ്രതിയെ സി.സി.ടി.വി. ക്യാമറയിൽ കാണാം. പിന്നീട് കൈകൊണ്ട് ചില്ലുകൾ തകർത്താണ് പണം അപഹരിച്ചത്. ഇതെല്ലാം ഞൊടിയിടയിലാണ് നടന്നത്.

ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രതിക്കുവേണ്ടി ഊർജിതമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. എല്ലാ ടോൾ പ്ലാസകളിലും അയൽജില്ലകളിലും പോലീസ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. ചാലക്കുടി മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ തുടങ്ങിയവരടക്കം ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

‘പഠിച്ച’ കള്ളനെന്ന് പോലീസ്

ചാലക്കുടി: പോട്ടയിലെ ഫെഡറൽബാങ്ക് ശാഖയിൽ കവർച്ച നടത്തിയയാൾ നന്നായി ‘പഠിച്ച്’ ആസൂത്രണംചെയ്തിരുന്നെന്ന് പോലീസ് നിഗമനം. ബാങ്കുകളുടെ പ്രവർത്തനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് മോഷ്ടാവ്. അല്ലെങ്കിൽ പ്രവർത്തനം നിരീക്ഷിച്ച് ഉറപ്പിച്ചിട്ടുണ്ട്. ഈ ശാഖയിൽ സുരക്ഷാജീവനക്കാരില്ലെന്നതും തിരക്ക് കുറയുന്നതെപ്പോഴെന്നും കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കിയിട്ടുണ്ട്.

കാഷ് കൗണ്ടറിന്റെ താക്കോൽ ഹിന്ദിയിലാണ് ഇയാൾ ജീവനക്കാരോട് ആവശ്യപ്പെട്ടത്. ഇത് തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാണോയെന്ന സംശയവുമുണ്ട്. ഇയാൾ വന്ന സ്കൂട്ടർ മറ്റാരുടേതെങ്കിലുമാണോയെന്നും മോഷ്ടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. സ്കൂട്ടർ സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്. പ്രധാനപാതയിൽനിന്ന്‌ ഇടറോഡ് വഴി ഇയാൾ രക്ഷപ്പെട്ടുവെന്നാണ് സംശയിക്കുന്നത്.

കൈയുറ ധരിച്ചിരുന്നതിനാൽ വിരലടയാളം കിട്ടാനുള്ള സാധ്യതയില്ല. നിരീക്ഷണക്യാമറകളിൽപ്പെട്ടെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തിരച്ചറിയാൻ സാധിക്കുന്നില്ല. ബാങ്കിലെയും ബാങ്കിനു പുറത്തെയും നിരീക്ഷണക്യാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ അന്വേഷണം. അയൽസംസ്ഥാനങ്ങളിലെ പോലീസിനും പ്രതിയെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഉന്നത പോലീസുദ്യോഗസ്ഥർ അറിയിച്ചു.

ആശങ്കയിൽ ബാങ്ക് സുരക്ഷ

തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ പട്ടാപ്പകലുണ്ടായ കവർച്ചയോടെ ബാങ്കുകളിലെ സുരക്ഷാസംവിധാനത്തെക്കുറിച്ച് ആശങ്ക. ഏതു ബാങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നത് എന്നാണ് ഈ സംഭവത്തെക്കുറിച്ച് ബാങ്ക് ജീവനക്കാർതന്നെ പറയുന്നത്. ബാങ്കുകളിൽ നിലവിൽ സുരക്ഷാസംവിധാനമായി ഉള്ളത് സി.സി.ടി.വി. ക്യാമറകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സംവിധാനങ്ങളാണ്. മോഷണം കണ്ടെത്താൻ സാധിക്കുമെന്നല്ലാതെ മോഷണം തടയാൻ ഈ സംവിധാനംകൊണ്ട് സാധിക്കുകയുമില്ല. ഇതിനാലാണ് ചെറിയ ഒരു കത്തിമാത്രം ഉപയോഗിച്ച് 15 ലക്ഷം രൂപ മോഷ്ടിക്കാൻ ചാലക്കുടിയിലെ മോഷ്ടാവിന് സാധിച്ചത്.

മുൻപ്‌ മിക്ക ബാങ്കുകളിലും ഗൺമാനോ സുരക്ഷാ ഉദ്യോഗസ്ഥനോ ഉണ്ടായിരുന്നു. പൊതുമേഖലാബാങ്കുകളിലാണ് ഗൺമാൻമാർ ഉണ്ടായിരുന്നത്. മറ്റു ബാങ്കുകളിൽ സുരക്ഷാജീവനക്കാരനാണ് ഉണ്ടായിരുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ഇത്തരം തസ്തികകൾ ഒഴിവാക്കപ്പെട്ടത്. പുതിയ സുരക്ഷാസംവിധാനങ്ങൾ വന്നതും ഇതിനു കാരണമായി. സി.സി.ടി.വി. സംവിധാനമൊക്കെ ഇത്തരം ബദൽ വഴിയായാണ് സ്വീകരിച്ചിരുന്നത്. സുരക്ഷാസംവിധാനത്തിന്റെ കണക്കെടുക്കുമ്പോഴും സി.സി.ടി.വി.പോലുള്ള സംവിധാനങ്ങളെക്കുറിച്ച് മാത്രമാണ് ഉന്നതാധികാരികളും ശ്രദ്ധിക്കുന്നത്. സുരക്ഷാജീവനക്കാരുണ്ടോ എന്നതിന് കാര്യമായ പ്രാധാന്യം നൽകാറില്ല. പോട്ട സംഭവം സംഭവം ബാങ്ക് ജീവനക്കാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് അവർ തന്നെ പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ജീവനക്കാർ പതറിപ്പോകുകയും ചെറുത്തുനിൽക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകുകയും ചെയ്യുമെന്ന് ജീവനക്കാർ പറയുന്നു. ഇതുതന്നെയാണ് പോട്ടയിലും സംഭവിച്ചത്.

സാധാരണ വൻ സംവിധാനവുമായാണ് ബാങ്ക്-എ.ടി.എം. കവർച്ചാസംഘങ്ങൾ എത്താറ്. മാസങ്ങൾക്കുമുൻപ്‌ തൃശ്ശൂരിൽ നടന്ന എ.ടി.എം. കവർച്ചയിൽ ഗ്യാസ് കട്ടറും ഗ്യാസും ഉൾപ്പെടെ വൻ സംവിധാനവുമായാണ് കവർച്ചക്കാർ എത്തിയത്. മൂന്നു എ.ടി.എമ്മുകളിലാണ് അന്ന് മോഷണം നടന്നത്. ഇന്ന് വെറും ഒരു കത്തിമാത്രം ഉപയോഗിച്ചാണ് മോഷണം നടത്തിയത്.