മുംബൈ: പ്രായപൂർത്തിയാകാത്ത 200 ഓളം പെൺകുട്ടികളാണ് മഹാരാഷ്ട്രയിലെ അമരാവതിയിലെ ഒരു സാധാരണ അപ്പാർട്ട്‌മെന്റിൽ ലൈംഗികാതിക്രമത്തിന് ഇരകളായത്. കടോര നാക പ്രദേശത്തെ ഒരു താമസ സമുച്ചയത്തിന്റെ മൂന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ഈ ഫ്ലാറ്റ്,പ്രതിയായ അയാൻ അഹമ്മദ് എന്ന തൻവീർ അഹമ്മദ് അശ്ലീല വീഡിയോകൾ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ഒരു താവളമായി ഉപയോഗിച്ചുവെന്ന് ആരോപണമുണ്ട്. മാസങ്ങളായി ഫ്ലാറ്റിലെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ അതിനെക്കുറിച്ച് നൽകിയ പരാതികൾ അവഗണിക്കപ്പെട്ടെന്നും അയൽക്കാർ പറയുന്നു. ഫ്ലാറ്റ് ദീർഘകാലമായി ചൂഷണത്തിന്റെ കേന്ദ്രമായതിന് കാരണമായത് ഇതാണെന്നും അയൽവാസികളും മറ്റ് പ്രദേശവാസികളും ആരോപിക്കുന്നു. രാത്രി വൈകിയും യുവതീയുവാക്കൾ ഫ്ലാറ്റിലേക്ക് വന്നിരുന്നതായാണ് റിപ്പോർട്ട്.

To advertise here,

"ഏകദേശം 18-19 വയസ്സ് പ്രായമുള്ള പെൺകുട്ടികൾ ഇവിടെ വന്ന് രാത്രി വൈകുവോളം താമസിക്കാറുണ്ടായിരുന്നു. ഞങ്ങൾ സംശയിക്കുകയും ഫ്ലാറ്റ് ഉടമയെ അറിയിക്കുകയും ചെയ്തു, പക്ഷേ അവർ അത് അവഗണിച്ചു," കെട്ടിടത്തിന്റെ മറ്റൊരു നിലയിലെ താമസക്കാരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പല സന്ദർശകരും അവരുടെ മുഖം മറച്ച്, ബുർഖ ധരിച്ചോ ദുപ്പട്ടകൊണ്ട് മുഖം മറച്ചോ ആണ് എത്തിയിരുന്നത്. ഇത് സംശയം വർധിപ്പിച്ചു. താമസക്കാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടും, ഫ്ലാറ്റിൻ്റെ ഉടമ യാതൊരു നടപടിയും എടുത്തില്ല. പോലീസ് സംഘം ഫ്ലാറ്റിൽ എത്തിയതോടെയാണ് സംഭവത്തിൽ വഴിതിരിവായത്. അവിടെ താമസിച്ചിരുന്ന മാനവ് എന്നയാൾ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.

ഇതുവരെ, എട്ട് പേരെ ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്നതാണ് കേസ്. ഏപ്രിൽ 11-ന് ഇത്തരം വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് അമരാവതി പോലീസ് സൂപ്രണ്ട് വിശാൽ ആനന്ദ് പറഞ്ഞു. സൂചനകളെ തുടർന്ന്, ഏപ്രിൽ 13-ന് പോലീസ് അയാനെ അറസ്റ്റ് ചെയ്തു. ഇയാളെ ഏപ്രിൽ 21 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

അയാൻ വീഡിയോകൾ പകർത്തുകയും തൻ്റെ സഹപ്രവർത്തകനായ ഉജർ ഇഖ്ബാൽ ഖാനുമായി പങ്കുവെക്കുകയും ചെയ്തു. ഖാൻ പിന്നീട് അവ കൂടുതൽ പ്രചരിപ്പിച്ചു. വിതരണ ശൃംഖലയിലെ മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാപ്ടോപ്, ടാബ്‌ലെറ്റ്, ഹാർഡ് ഡിസ്ക് എന്നിവ ഒരു പ്രതിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഡിലീറ്റ് ചെയ്ത ഡാറ്റ വീണ്ടെടുക്കാൻ ഫോറൻസിക് വിശകലനത്തിനായി അഞ്ച് മൊബൈൽ ഫോണുകളും അയച്ചിട്ടുണ്ട്.

ഏകദേശം 180 പെൺകുട്ടികൾ അതിക്രമത്തിന് ഇരയാകുകയും 350 ലധികം വീഡിയോകൾ റെക്കോഡ് ചെയ്യപ്പെടുകയും ചെയ്തതായി ആരോപണമുണ്ട്. ഭാരതീയ ന്യായസംഹിത, പോക്സോ നിയമം എന്നിവയുടെ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 ഉദ്യോഗസ്ഥരും 35 ഉദ്യോഗസ്ഥരും അടങ്ങിയ ഒരു പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കാൻ രൂപവത്കരിച്ചിട്ടുണ്ട്. അതിജീവിതരോടും കുടുംബങ്ങളോടും മുന്നോട്ട് വന്ന് മൊഴി നൽകാൻ പോലീസ് അഭ്യർഥിച്ചു. എല്ലാവിധ സംരക്ഷണയും പോലീസ് ഉറപ്പുനൽകുകയും ചെയ്തു.