ലണ്ടന്‍: ബാലപീഡനങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വില്‍ബി രാജിവച്ചു. 1970കളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തിലും ക്രിസ്മസ് അവധിക്കാല ക്യാംപില്‍ പങ്കെടുത്തിരുന്ന ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി എടുത്തില്ല എന്നതാണ് ആരോപണം.  അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുന്‍ ചെയര്‍മാനുമായ ജോണ്‍ സ്മിത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത വിഷയം അറിഞ്ഞിട്ടും അത് കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്നാണ് ആര്‍ച്ച് ബിഷപ്പിനെതിരേയുള്ള വിമര്‍ശനം.

To advertise here,

എഴുപതുകളിലെ ക്യാംപിന് നേതൃത്വം നല്‍കിയത് ആര്‍ച്ച് ബിഷപ് ആയിരുന്നു. ഏതാണ്ട് നൂറോളം ആണ്‍കുട്ടികളെയാണ് ജോണ്‍ സ്മിത്ത് പീഡിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും 2013 ല്‍ പീഡനത്തെക്കുറിച്ച് അറിഞ്ഞിട്ടും ആര്‍ച്ച് ബിഷപ് ഇക്കാര്യം ഔദ്യോഗികമായി അധികൃതരെ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നാണ് ആര്‍ച്ച് ബിഷപ്പ് നല്‍കിയ വിശദീകരണം. 

പീഡന ആരോപണങ്ങളെ തുടര്‍ന്ന് സ്മിത്തിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ 2018-ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ ഇയാള്‍ മരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആംഗ്ലിക്കൻ സഭയ്ക്കുള്ളിലും വില്‍ബി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായത്. രാജിയാവശ്യപ്പെട്ട് സഭ സിനഡ് അംഗങ്ങള്‍ നിവേദനം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജി.