കോയമ്പത്തൂർ: വിവാദമായ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ കോയമ്പത്തൂർ മഹിളാ കോടതി ചൊവ്വാഴ്ച വിധിപറയും. ആറുവർഷം മുൻപുനടന്ന കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പൊള്ളാച്ചി സ്വദേശികളായ എൻ. ശബരിരാജൻ (32), കെ. തിരുനാവുക്കരശ് (34), എം. സതീഷ് (33), ടി. വസന്തകുമാർ (30), ആർ. മണി (32), പി. ബാബു (33), ടി. ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം. അരുൺകുമാർ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് കേസ് വിധിപറയാൻ മാറ്റിവെച്ചത്. ജഡ്ജി ആർ. നന്ദിനിദേവിയാണ് വിധിപറയുക. ഇവരെ അടുത്തിടെ കരൂരിലേക്ക് സ്ഥലംമാറ്റിയെങ്കിലും വിധിപറയാൻ മാത്രമായി ചൊവ്വാഴ്ച മഹിളാകോടതിയിലെത്തും.
നാടിനെ ഞെട്ടിച്ച സംഭവം
തമിഴ്‌നാട്ടിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച കേസാണിത്. 2016-നും 2018-നുമിടയിൽ പ്രതികൾ പൊള്ളാച്ചിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലെ നിരവധി വിദ്യാർഥിനികളെയും വിവാഹിതരായ യുവതികളെയും ബലാത്സംഗം ചെയ്യുകയും അത് വീഡിയോയിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.
2019 ഫെബ്രുവരി 24-ന് പൊള്ളാച്ചി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 19-കാരിയായ കോളേജ് വിദ്യാർഥിനി നൽകിയ പരാതിയിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. 12 ദിവസംമുൻപ് തന്നെ, നാലുപേർ ഓടുന്ന കാറിൽവെച്ച് പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തതായി വിദ്യാർഥിനി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തന്റെ സ്വർണമാല കവർന്നതായും പരാതിയിൽ വ്യക്തമാക്കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും നാലുപേരെ അറസ്റ്റുചെയ്യുകയും ചെയ്തു. തുടർന്ന്, പ്രതികളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ വീഡിയോദൃശ്യങ്ങൾ കണ്ടെത്തി. പ്രതികൾ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടത്.
പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലും വെച്ചാണ് പീഡിപ്പിച്ചിരുന്നത്. ഇതിൽ കൂടുതലും നടന്നത് പ്രതിയായ തിരുനാവുക്കരശിന്റെ ചിന്നപ്പപ്പാളയത്തുള്ള ഫാം ഹൗസിലായിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് 2019 മാർച്ച് 12-ന് സിബിസിഐഡിക്ക് കൈമാറി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമി കേസ് ഏപ്രിൽ 25-ന് സിബിഐക്ക് കൈമാറുകയും ചെയ്തു.
പ്രതികളിൽ രാഷ്ട്രീയനേതാക്കളും
സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഒൻപത് പ്രതികളെയും അറസ്റ്റുചെയ്തത്. പരാതി നൽകിയ വിദ്യാർഥിനിയെ ധാരാപുരം റോഡിൽവെച്ച് പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാണിച്ച് വീണ്ടും പീഡിപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് വിദ്യാർഥിനി പോലീസിൽ പരാതി നൽകുന്നത്. കേസിൽ ശബരിരാജനാണ് മുഖ്യപ്രതിയെന്ന് അന്വേഷണസംഘം കണ്ടെത്തി. അന്വേഷണം മുറുകുകയും പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തതോടെ പീഡനത്തിനിരയായ എട്ടുപേർകൂടി പരാതിയുമായെത്തി.
കേസിലെ പ്രതിയായ അരുളാനന്ദം അണ്ണാ ഡിഎംകെയുടെ പൊള്ളാച്ചിയിലെ വിദ്യാർഥി വിഭാഗം സെക്രട്ടറിയായിരുന്നു. കേസിൽ അറസ്റ്റുചെയ്തയുടൻ ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കി. ഇരയുടെ സഹോദരനെ ഇതിനിടെ അണ്ണാ ഡിഎംകെ പ്രവർത്തകർ മർദിക്കുകയും ചെയ്തു. ഇതെല്ലാം പ്രതിപക്ഷം രാഷ്ട്രീയപ്രചാരണമാക്കിയതോടെ കേസ് കൂടുതൽ വിവാദമായി.
വിചാരണ നടപടികൾ
മദ്രാസ് ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് കോയമ്പത്തൂർ കോടതി സമുച്ചയത്തിൽ പ്രത്യേക കോടതി രൂപവത്കരിച്ചാണ് വിചാരണ തുടങ്ങിയത്. ഇരകളുടെയും സാക്ഷികളുടെയും സ്വകാര്യതയും സുരക്ഷയും മാനിച്ചായിരുന്നു നടപടികൾ. 2023 ഫെബ്രുവരി 14-ന് വിചാരണ ആരംഭിച്ചു. 40 സാക്ഷികളെ വിസ്തരിച്ചു. പലപ്പോഴും വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളുടെ വാദംകേട്ടത്
Content Highlights: Verdict in the Pollachi sexual assault case, involving 9 accused including political leaders
Published: 13 May 2025, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented