അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ ഒളിവില്‍പോയ രണ്ടാംപ്രതിയെ മൂന്നുവര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി.

To advertise here,

2015 കാലയളവ് മുതല്‍ വിവിധ കോടതികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളും കൊലപാതകശ്രമം, പിടിച്ചുപറി, സ്ത്രീപീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയുമായ നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചുതറയില്‍ വീട്ടില്‍ ആര്‍. മനോജ്(35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

തമിഴ്‌നാട് കാരേക്കുടി ഭാഗത്തുനിന്നുമാണ് അടൂര്‍ പോലീസ് പിടികൂടിയത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നുപേരെ അതിവേഗകോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജയിലിലാണ്. ഒരാളെ കോടതി വെറുതെവിട്ടു. ഒളിവില്‍പോയശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പരും ഉപേക്ഷിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞസമയം നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. പോലീസിന്റെ നിരന്തരമായ അന്വേഷണത്തിന് ഒടുവില്‍ അടുത്തിടെ തമിഴ്‌നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു. ഗുണ്ടാലിസ്റ്റില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ വീട്ടിലായിരുന്നു താമസം. ഇവിടെ താമസിച്ച് വെല്‍ഡിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പി.ആനന്ദ് കാരേക്കുടി എഎസ്പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി.തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.എസ്‌ഐ സുരേഷ് ബാബു, എഎസ്‌ഐ കെ. ഗോപകുമാര്‍, സിപിഒ അമീഷ് എന്നിവര്‍ അറസ്റ്റിന് നേതൃത്വംനല്‍കി.

നൂറനാട് പോലീസ് സ്റ്റേഷനിലെ മാത്രം നാലുകേസുകളില്‍ മനോജിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ മനോജ് പ്രതിയാണെങ്കിലും പോലീസിന്റെ വലയില്‍ അകപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍ പറഞ്ഞു.