മുംബൈ: യുവനടിയുടെ പീഡനപരാതിയില്‍ ജെ.എസ്.ഡബ്ല്യൂ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സജ്ജന്‍ ജിന്‍ഡാലിനെതിരേ പോലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് യുവനടിയുടെ പരാതിയില്‍ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സ് പോലീസ് സജ്ജന്‍ ജിന്‍ഡാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022-ല്‍ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ കമ്പനി ഹെഡ് ഓഫീസില്‍വെച്ച് സജ്ജന്‍ ജിന്‍ഡാല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. സംഭവത്തില്‍ നടി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും ഇതേത്തുടര്‍ന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

2021 ഒക്ടോബറില്‍ ദുബായില്‍വെച്ചാണ് സജ്ജന്‍ ജിന്‍ഡാലിനെ ആദ്യമായി കാണുന്നതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഐ.പി.എല്‍. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വി.ഐ.പി. ബോക്‌സില്‍വെച്ചാണ് ഇരുവരും ആദ്യം കണ്ടത്. പിന്നീട് ജയ്പുരില്‍ പ്രഫുല്‍ പട്ടേല്‍ എം.പി.യുടെ മകന്റെ വിവാഹചടങ്ങില്‍വെച്ചും പരസ്പരം കണ്ടുമുട്ടി. തുടര്‍ന്ന് മുംബൈയില്‍വെച്ച് കണ്ടപ്പോള്‍ രണ്ടുപേരും പരസ്പരം മൊബൈല്‍നമ്പറുകള്‍ കൈമാറി. നടിയുടെ സഹോദരന് ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. ഇദ്ദേഹത്തില്‍നിന്ന് വസ്തുവാങ്ങാന്‍ സജ്ജന്‍ ജിന്‍ഡാല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നമ്പറുകള്‍ കൈമാറിയതെന്നും നടിയുടെ പരാതിയിലുണ്ട്. 

'ബേബി', 'ബേയ്ബ്' എന്നിങ്ങനെയാണ് ജിന്‍ഡാല്‍ തന്നെ അഭിസംബോധന ചെയ്തിരുന്നതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ആദ്യമായി ഒറ്റയ്ക്ക് കണ്ടപ്പോള്‍ അയാളുടെ ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇത് തനിക്ക് അലോസരമുണ്ടാക്കി. പിന്നാലെ പ്രതി കെട്ടിപ്പിടിക്കുകയും ശൃംഗരിക്കുകയും ചെയ്തു. ഇതെല്ലാം തന്നെ അസ്വസ്ഥയാക്കി. വിവാഹിതനായിട്ടും മൊബൈല്‍ സന്ദേശങ്ങളിലൂടെ പ്രണയാതുരനായിട്ടാണ് പ്രതി സംസാരിച്ചത്. ചുംബിക്കാന്‍ ശ്രമിക്കുകയും ശാരീരികബന്ധത്തിലേര്‍പ്പെടുന്നതിനെ സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. എന്നാല്‍, വിവാഹത്തിന് ശേഷമേ ഇതെല്ലാം സാധ്യമാകൂ എന്നുപറഞ്ഞ് താന്‍ ഇതിനെ എതിര്‍ത്തു.

2022 ജനുവരിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് പരാതിക്കാരി കമ്പനിയുടെ ഹെഡ് ഓഫീസിലെത്തിയത്. ഇവിടെവെച്ച് ജിന്‍ഡാല്‍ തന്നെ കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നിരന്തരം എതിര്‍ത്തിട്ടും അത് വകവെയ്ക്കാതെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. 

ഈ സംഭവത്തിന് ശേഷവും ജിന്‍ഡാലുമായി സൗഹൃദം നിലനിര്‍ത്താന്‍ നടി ശ്രമിച്ചിരുന്നു. പക്ഷേ, ജിന്‍ഡാല്‍ തന്റെ സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാതായെന്നും പിന്നീട് നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നുമാണ് നടിയുടെ ആരോപണം. 2022 ജൂണിലാണ് തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തത്. ഇതിനുമുന്‍പ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനെ സമീപിച്ചാല്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ജിന്‍ഡാലിന്റെ ഭീഷണിയെന്നും നടി ആരോപിച്ചു. 

സംഭവത്തില്‍ 2023 ഫെബ്രുവരിയിലാണ് മുംബൈ ബി.കെ.സി. പോലീസില്‍ നടി പരാതി നല്‍കിയത്. എന്നാല്‍, നിരന്തരം പരാതി നല്‍കിയിട്ടും പോലീസ് ഗൗനിച്ചില്ല. ഇതോടെയാണ് നടി കോടതിയെ സമീപിച്ചതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തില്‍ ജെ.എസ്.ഡബ്യൂ. ഗ്രൂപ്പിന്റെ പ്രതികരണം തേടിയെങ്കിലും കമ്പനി വക്താവ് പ്രതികരിച്ചില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. 

ആരോപണം വാസ്തവവിരുദ്ധമെന്ന് ജിൻഡാൽ

അതേസമയം തനിക്കെതിരെയുള്ള ആരോപണം വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നായിരുന്നു ജിന്‍ഡാലിന്റെ പ്രതികരണം. അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ജിന്‍ഡാല്‍ വ്യക്തമാക്കി. കുടുംബത്തിന്റെ സ്വകാര്യതയെ സംരക്ഷിക്കണമെന്ന അഭ്യര്‍ഥനയും ജിന്‍ഡാല്‍ മുന്നോട്ട് വെച്ചു.