കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം കഠിനതടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

To advertise here,

ജുഡീഷ്യൽ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി ഇന്ന് വാദം കേൾക്കൽ ആരംഭിച്ചത്. അഭിഭാഷകരുടെയും മാധ്യമപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവർത്തികൾ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വർഗീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ലെന്ന് ജഡ്ജി കർശനമായി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ കോടതി അലക്ഷ്യ പരാമർശം നടത്തിയവർക്കെതിരേയുള്ള ഹർജികൾ ഡിസംബർ 18-ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസിൽ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് നടന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷയിൽ ഇളവ് നൽകണം എന്നതരത്തിലായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 

ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.