
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഒന്നാംപ്രതി പൾസർ സുനി (എൻ.എസ്. സുനിൽ) യുടെ ആവശ്യത്തെ എതിർത്ത് സർക്കാരും അതിജീവിതയും. ജാമ്യം അനുവദിച്ചാൽ നടി അതിക്രമത്തിന് ഇരയാകുന്ന ദൃശ്യങ്ങളടക്കം പുറത്തുവരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വാദിച്ചു. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത വാദിച്ചു.
വിചാരണാവേളയിലുൾപ്പെടെ ഇതിനോടകം എട്ടുവർഷവും നാലുമാസവും 17 ദിവസവുമായി ജയിലിലാണെന്നും ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നുമാണ് പൾസർ സുനിയുടെ വാദം. വാദം പൂർത്തിയായതിനെത്തുടർന്ന് ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഉപഹർജി ജസ്റ്റിസ് വി. രാജ വിജയരാഘവൻ ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിനായി മാറ്റി. വിചാരണക്കോടതി ഉത്തരവിനെതിരേ ഫയൽ ചെയ്തിരിക്കുന്ന അപ്പീലിനോടൊപ്പമാണ് ഉപഹർജി പരിഗണിച്ചത്.
ദീർഘനാൾ ജയിൽവാസം അനുഭവിച്ചു എന്നത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സുനിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ ഉന്നയിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാർ വാദിച്ചു. ശിക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നതെന്നും വാദിച്ചു.
ദീർഘനാൾ ജയിൽവാസം അനുഭവിച്ചു എന്നതിന്റെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിതയ്ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗോവർ വാദിച്ചു. വിചാരണക്കോടതി ഉത്തരവിനെതിരേ അതിജീവിതയും അപ്പീൽ ഫയൽ ചെയ്യുമെന്ന് അറിയിച്ചു.
Content Highlights: Government opposes Pulsar Suni's bail due to risk of sensitive evidence leakage. Survivor's counsel argues against bail despite Suni's 8+ years of incarceration. The Division Bench has reserved the order on the plea to suspend the sentence. Special Public Prosecutor highlights that the mobile phone used for the crime remains missing
Published: 10 Jul 2026, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented