കൊച്ചി: സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍നിന്ന് 1.20 കോടി രൂപയുടെ സ്വര്‍ണവജ്രാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതി ബിഹാര്‍ സീതാര്‍മഡി ജോഗിയ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ (37) പേരിലുള്ളത് ആറ് സംസ്ഥാനങ്ങളിലായി 19 മോഷണക്കേസുകള്‍. പനമ്പിള്ളി നഗറിലെ മറ്റ് മൂന്നുവീടുകളില്‍ മോഷണത്തിനു ശ്രമിച്ച ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചെ ജോഷിയുടെ വീട്ടില്‍ക്കയറിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

To advertise here,

കര്‍ണാടകയിലെ കോട്ടയില്‍നിന്ന് ശനിയാഴ്ച രാത്രിയോടെ പിടികൂടിയ മുഹമ്മദ് ഇര്‍ഫാനെ തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തിച്ചത്.. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം വൈകീട്ടോടെ ജോഷിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കവര്‍ച്ച നടത്തിയതെങ്ങനെയെന്ന് പ്രതി ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു.

ഹൈദരാബാദിലെ മോഷണക്കേസില്‍ ജയിലിലായ ഇര്‍ഫാന്‍ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കൊച്ചിയിലെത്തിയത്. 'അധ്യക്ഷ് ജില്ലാ പരിഷത്ത്, സീതാര്‍മഡി' എന്ന ബോര്‍ഡ് വെച്ചത് പരിശോധന ഒഴിവാക്കാന്‍ വേണ്ടിയാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ പറഞ്ഞു. ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ സീതാര്‍മഡി ജില്ലാ പരിഷത്ത് പ്രസിഡന്റാണ്. എന്നാല്‍, ഔദ്യോഗിക വാഹനമല്ല ഇര്‍ഫാന്‍ ഉപയോഗിച്ചതെന്നും പോലീസ് പറയുന്നു. ആരാണ് വാഹനത്തിന്റെ ഉടമസ്ഥനെന്നും കൊച്ചിയില്‍നിന്ന് പ്രാദേശിക സഹായം കിട്ടിയിരുന്നോയെന്നും രജിസ്‌ട്രേഷന്‍ വ്യാജമാണോയെന്നും പരിശോധിക്കുന്നുണ്ട്.

സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ ഡിവിഷന്‍ പരിധിയിലെ വിവിധ സ്റ്റേഷന്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കമ്മിഷണറും ഡി.സി.പി. കെ.എസ്. സുദര്‍ശനും മാര്‍ഗനിര്‍ദേശം നല്‍കി. സി.സി.ടി.വി.യില്‍നിന്നു കിട്ടിയ കാറിന്റെ ദൃശ്യത്തെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത് കാസര്‍കോട് അതിര്‍ത്തി കടന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് ബെംഗളൂരു അസി. കമ്മിഷണര്‍ ഐ.ജി. രമണ്‍ ഗുപ്തയുടെ സഹായം സിറ്റി പോലീസ് തേടി. അവര്‍ പോലീസ് പരിശോധന ശക്തിപ്പെടുത്തി. ഉഡുപ്പി ജില്ലയിലെ കോട്ടയില്‍ വെച്ച് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുവരികയാണ്. മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍, മോഷണ ഉപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. 2012ലും 2017ലും പ്രതി ഡല്‍ഹിയില്‍ മോഷണം നടത്തി പിടിയിലായിട്ടുണ്ട്. 2021ല്‍ തിരുവനന്തപുരത്ത് ഭീമ ജൂവലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയതായും പ്രതി സമ്മതിച്ചു.

2702 കിലോമീറ്റര്‍, 1.20 കോടിയുടെ മോഷണം

കൊച്ചി: ബിഹാറിലെ സീതാമഡി എന്ന പട്ടണത്തില്‍ നിന്ന് കൊച്ചി പനമ്പിള്ളി നഗറിലേക്ക് ഗൂഗിള്‍ മാപ്പ് പറയുന്ന ദൂരം 2702 കിലോമീറ്റര്‍. കാറിലാണെങ്കില്‍ യാത്രയ്ക്കു വേണ്ടത് 54 മണിക്കൂര്‍. സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ബിഹാറിന്റെ റോബിന്‍ഹുഡ് മുഹമ്മദ് ഇര്‍ഫാന്‍ എത്തിയത് ഈ ദൂരമത്രയും കാറില്‍ പിന്നിട്ടാണ്.

വരവ് പാലക്കാട് വഴി

കവര്‍ച്ച നടന്ന ശനിയാഴ്ച ഉച്ചയോടെ തന്നെ മുഹമ്മദ് ഇര്‍ഫാന്റെ വാഹനം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലീസിന്റെ രീതി പിന്നോട്ട് സഞ്ചരിക്കുകയെന്നതാണ്. ഇര്‍ഫാന്‍ കവര്‍ച്ച നടത്തിയ വാഹനം കേരളത്തില്‍ എന്ന് എത്തിയെന്നും എവിടം വഴിയായിരുന്നു യാത്രയെന്നും അറിയാന്‍ തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെയെല്ലാം ടോള്‍പ്ലാസകളിലെ സി.സി.ടി.വി.കള്‍ സൂക്ഷ്മമായി പരിശോധിച്ചു. അങ്ങനെ പാലക്കാട് ജില്ലയിലെ ടോള്‍കടന്ന് ഇര്‍ഫാന്റെ ഹോണ്ട അക്കോഡ് കാര്‍ വരുന്നതിന്റെ ദൃശ്യം കിട്ടി. അപ്പോള്‍ സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.49. ഇര്‍ഫാന്‍ കൊച്ചി തിരഞ്ഞെടുത്തത് കേരളത്തിലെ സാമ്പത്തികമായി മുന്‍നിരയിലുള്ള നഗരമായതിനാലാകാമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ പറയുന്നു. കേരളത്തിലേക്ക് പോരും മുന്‍പ് കൊച്ചിയിലെ ആഡംബര സ്ഥലങ്ങളെക്കുറിച്ച് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഏഴുമണിക്ക് പനമ്പിള്ളി നഗറില്‍

വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ പനമ്പിള്ളി നഗറിലെത്തിയ മുഹമ്മദ് ഇര്‍ഫാന്‍ കാര്‍ പ്രധാന റോഡരികില്‍ പാര്‍ക്ക് ചെയ്തശേഷം പരിസര നിരീക്ഷണത്തിനിറങ്ങി. വഴിയരികിലുണ്ടായിരുന്നവരില്‍ ചിലരോട് പ്രദേശത്തെക്കുറിച്ചും അവിടെ സമ്പന്നര്‍ പാര്‍ക്കുന്ന പ്രധാന ഇടങ്ങളെക്കുറിച്ചും സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കി. ഒരുപാട് ഉത്തരേന്ത്യക്കാര്‍ വരുന്നതും പോകുന്നതുമായ സ്ഥലമായതിനാല്‍ റോഡരികില്‍ കിടന്ന ഹിന്ദി ബോര്‍ഡുള്ള കാര്‍ ആരും ശ്രദ്ധിച്ചില്ല. ഒന്‍പതുമണിയോടെ കാറിനരികില്‍ തിരിച്ചെത്തിയ ഇര്‍ഫാന്‍ പതിനൊന്നു മണിവരെ അതിനുള്ളില്‍ ചെലവഴിച്ചു. അതിനുശേഷം വീണ്ടും ഇറങ്ങിപ്പോയി. പിന്നീട് വരുന്നത് ഒന്നര മണിയോടെ മോഷണത്തിനായാണ്. ആദ്യം കയറിയത് ജോഷിയുടെ വീട്ടിലല്ല. മൂന്നുവീടുകളില്‍ ഇര്‍ഫാന്‍ മോഷണത്തിനെത്തിയെന്നാണ് പോലീസ് പറയുന്നത്. പക്ഷേ അവിടെയൊന്നും വാതിലോ ജനാലയോ തുറക്കാനായില്ല. അതിനുശേഷമാണ് ജോഷിയുടെ വീട്ടിലെത്തിയത്. ഇവിടത്തെ അടുക്കളഭാഗത്തെ ജനാല അഴിയില്ലാത്തതും എളുപ്പം തകര്‍ക്കാന്‍ പറ്റുന്നതുമായിരുന്നു. വെറുമൊരു സ്‌ക്രൂ ഡ്രൈവര്‍ കൊണ്ടാണ് ഇര്‍ഫാന്‍ ജനല്‍പാളി പൊളിച്ചത്.

ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷ് ജോഷിയുടെ മുറിയും അതിലെ ലോക്കറും തുറന്ന നിലയിലായിരുന്നു. ഇത് മോഷ്ടാവിന്റെ ജോലി എളുപ്പമാക്കി. അഭിലാഷ് വീട്ടിലില്ലാതിരുന്നതിനാല്‍ ഭാര്യ വര്‍ഷയും കുട്ടികളും മറ്റൊരു മുറിയിലാണ് കിടന്നത്. ഇത് തുറക്കാനായിരുന്നു ആദ്യ ശ്രമം. പക്ഷേ, അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ തുറന്നിട്ട മുറിയിലേക്ക് കയറി.

കോസ്റ്റ്യൂം രണ്ടെണ്ണം

മെറൂണ്‍ നിറത്തിലുള്ള ടീഷര്‍ട്ടിട്ടാണ് ഇര്‍ഫാന്‍ ജോഷിയുടെ വീട്ടില്‍ മോഷണത്തിനായി കയറിയത്. അവിടത്തെ സി.സി.ടി.വി.യില്‍ ടീഷര്‍ട്ടിന്റെ നിറം വ്യക്തമായിരുന്നു. പക്ഷേ, ജോഷിയുടെ വീട്ടില്‍നിന്ന് തന്നെ എടുത്ത ബാഗില്‍ ആഭരണങ്ങളുമായി തിരിച്ചിറങ്ങി കാറില്‍ കയറുന്നത് വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ടിട്ട്. ക്രോസ് റോഡുകളിലൊന്നില്‍നിന്നു കിട്ടിയ സി.സി.ടി.വി. ദൃശ്യത്തില്‍ വെളുത്ത ടീഷര്‍ട്ടിട്ട് വരുന്നയാള്‍ പ്രധാന റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ റിമോട്ട് ഉപയോഗിച്ച് തുറന്നതിനു ശേഷം അകത്തുകയറുന്നത് കണ്ട പോലീസ് സംഘം ആദ്യം ആശയക്കുഴപ്പത്തിലായി. ടീഷര്‍ട്ടിലെ നിറവ്യത്യാസമായിരുന്നു കാരണം. അവിടെയാണ് ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷ് ജോഷിയുടെ ഭാര്യ വര്‍ഷയുടെ മൊഴി സഹായകരമായത്. സി.സി.ടി.വി. ദൃശ്യത്തില്‍നിന്ന് വര്‍ഷ അത് തന്റെ ബാഗാണെന്ന് തിരിച്ചറിയുകയായിരുന്നു.

നിര്‍ണായകമായത് ചെറുതാഴൂര്‍ വീട്ടിലെ മൂന്നാംകണ്ണ്

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പിടിയിലായ മുഹമ്മദ് ഇര്‍ഫാനുമായുള്ള തെളിവെടുപ്പിനു ശേഷം കൊച്ചി സൗത്ത് എ.സി.പി പി. രാജ്കുമാര്‍ എത്തിയത് പനമ്പിള്ളി നഗര്‍ എയ്റ്റ്ത് ക്രോസ് റോഡ് തുടങ്ങുന്നതിന് ഇടതുഭാഗത്തുള്ള ചെറുതാഴൂര്‍ എന്ന വീട്ടിലേക്കാണ്. സി.ഐ. ജോര്‍ജ് എന്നും ബാബുജോര്‍ജ് എന്നും എഴുതിയ ഗേറ്റ് കടന്ന് ചെന്നപ്പോള്‍ കുടുംബാംഗങ്ങളെത്തി വരവേറ്റു. എ.സി.പി. അവര്‍ക്കൊരു മധുരപ്പൊതി നീട്ടി.

ബിഹാറില്‍നിന്ന് 2702 കിലോമീറ്റര്‍ സഞ്ചരിച്ച് കൊച്ചിയിലെത്തി മോഷണം നടത്തി മടങ്ങിയ ഇര്‍ഫാനെ കുടുക്കിയത് ഈ വീട്ടിലെ സി.സി.ടി.വി. ദൃശ്യമാണ്. എയ്റ്റ്ത് ക്രോസ് റോഡ് തുടങ്ങുന്നയിടത്തുനിന്ന് ഇടത്തേക്കുള്ള റോഡിനരികിലായാണ് ഇര്‍ഫാന്‍ വാഹനം പാര്‍ക്ക് ചെയ്തത്. ചെറുതാഴൂര്‍ വീടിന്റെ വലതുവശത്തെ ജനാലയ്ക്കു മുകളിലായി തുറന്നുനിന്ന സി.സി.ടി.വി. കണ്ണില്‍ അത് കുടുങ്ങി.

ജോഷിയുടെ വീടിനു സമീപത്തുള്ള സി.സി.ടി.വി.കളിലൂടെ നടത്തിയ പരതലില്‍ യാദൃച്ഛികമായാണ് മോഷണം നടത്തിയ ശേഷം കാറില്‍ വന്ന് കയറുന്ന ഇര്‍ഫാന്റെ ദൃശ്യം കിട്ടിയത്. തുടര്‍ന്ന് ജോര്‍ജും കുടുംബവും അന്വേഷണത്തിനോട് പൂര്‍ണമായും സഹകരിച്ച് ഒപ്പം നിന്നു. ആ ദൃശ്യത്തില്‍ നിന്ന് തുമ്പുകണ്ടെത്താനുള്ള സൂക്ഷ്മപരിശോധനയില്‍ പോലീസ് സംഘത്തിന് നാരങ്ങാവെള്ളവും ലഘുഭക്ഷണവുമായി അവര്‍ കൂട്ടായി.''ഈ വീട്ടുകാര്‍ ഒരു മാതൃകയാണ്. സാധാരണ പലരും പോലീസിനോട് ഇങ്ങനെ സഹകരിക്കാറില്ല. കേസിന്റെ നടപടികള്‍ ഭയന്ന് സി.സി.ടി.വി.കളൊന്നും പരിശോധിക്കാന്‍ അനുവദിക്കാറുമില്ല. പക്ഷേ, ഇവര്‍ ഞങ്ങളുടെ കൂടെ നിന്നു. അതിനാണ് ഈ മധുരം''ചെറുതാഴൂര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ട് എ.സി.പി. രാജ്കുമാര്‍ പറഞ്ഞു.

അന്വേഷണ സംഘത്തില്‍ ഇവര്‍

സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാംസുന്ദറിന്റെ നിര്‍ദേശപ്രകാരം ഡി.സി.പി. കെ.എസ്. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ എ.സി.പി. പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നയിച്ചത്.

placeholder
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി മുഹമ്മദ് ഇർഫാനെ പിടികൂടിയ വിധം മാധ്യമപ്രവർത്തകരോട് വിശദീകരിക്കുന്ന കമ്മിഷണർ എസ്. ശ്യാംസുന്ദർ

ഇന്‍സ്‌പെക്ടര്‍മാരായ പ്രേമാനന്ദകൃഷ്ണന്‍, സജുകുമാര്‍ ജി.പി. റിച്ചാഡ് വര്‍ഗീസ്, രമേശ് സി., സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരത്, വിഷ്ണു, രവികുമാര്‍, ഹരിശങ്കര്‍, ലെബിമോന്‍, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അനസ് വി.എം., ജോസി സി.എം., അനില്‍ കുമാര്‍ പി., സനീപ്കുമാര്‍ വി.കെ., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ് എം., പ്രശാന്ത് ബാബു, നിഖില്‍, ജിബിന്‍ലാല്‍ എന്നിലരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥര്‍. സൈബര്‍ സെല്‍ എസ്.ഐ.മാരായ പ്രമോദ്, വിപിന്‍ എന്നിലരും കേസന്വേഷണത്തിന്റെ ഭാഗമായി.