നിലമ്പൂര്‍: അബുദാബി ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ നിലമ്പൂരിലെ വീട്ടില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മൈസൂരു സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് ഷൈബിന്‍ അഷ്‌റഫ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ നടത്തിയ ഇരട്ടക്കൊലപാതകക്കേസാണ് നിലവില്‍ സി.ബി.ഐ. അന്വേഷിക്കുന്നത്. ഈ വീട്ടില്‍വെച്ചാണ് അബുദാബിയില്‍ നടന്ന കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് നിഗമനം. സി.ബി.ഐ. തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഷൈബിന്‍ അഷ്‌റഫിന്റെ വ്യാപാരപങ്കാളി കോഴിക്കോട് കുന്ദമംഗലം തത്തമ്മ പറമ്പില്‍ ഹാരിസ്, ഇയാളുടെ മാനേജര്‍ തൃശ്ശൂര്‍ ചാലക്കുടി സ്വദേശി ഡെന്‍സി എന്നിവര്‍ അബുദാബിയില്‍ കൊല്ലപ്പെട്ട കേസിലാണ് സി.ബി.ഐ. അന്വേഷണം.

To advertise here,

2020 മാര്‍ച്ച് അഞ്ചിനാണ് കൊലപാതകം നടന്നത്. സംഭവം അബുദാബി പോലീസ് അന്വേഷിച്ചിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡെന്‍സിയെ കൊലപ്പെടുത്തിയതിനു ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

പിന്നീട് മൈസൂരു സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസില്‍ ഷൈബിന്‍ അഷ്‌റഫും കൂട്ടാളികളും പിടിയിലായതോടെയാണ് അബുദാബി ഇരട്ടക്കൊലപാതകക്കേസ് വഴിത്തിരിവിലെത്തിയത്. ഷാബാ ഷെരീഫ് കൊലപാതകക്കേസില്‍ പിടിയിലായ പ്രതികളാണ് ഷൈബിന്റെ നിര്‍ദേശപ്രകാരം ഹാരിസിനെയും ഡെന്‍സിയെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

ഡെന്‍സിയെ കൊലപ്പെടുത്തിയശേഷം ഹാരിസ് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കൃത്രിമ തെളിവുകള്‍ സൃഷ്ടിച്ചതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചിരുന്നു. ഹാരിസിനെ ഷൈബിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവര്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നിലമ്പൂര്‍ പോലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് ഹാരിസിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം കേസ് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു.

കൊലപാതകംനടന്ന് ഒന്നര വര്‍ഷത്തിനു ശേഷം കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 10-ന് ഹാരിസിന്റെ മൃതദേഹവും ഓഗസ്റ്റ് 24-ന് ഡെന്‍സിയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

കേസ് അന്തിമഘട്ടത്തില്‍

ഷാബാ ഷെരീഫ് കൊലപാതക കേസ് നടപടികള്‍ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞവര്‍ഷം മേയ് നാലിനാണ് കേസിലെ കുറ്റപത്രം അന്വേഷണസംഘം നിലമ്പൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചത്. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള 10 പേരെയാണ് അറസ്റ്റു ചെയ്തത്. രണ്ട് പ്രതികളെ ഇനിയും പിടികൂടാനുമുണ്ട്. പ്രതികളെ സഹായിച്ച മൂന്നു പേരെയും പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23-ന് വീട്ടില്‍ക്കയറി ഒരു സംഘം തന്നെ മര്‍ദിച്ചുവെന്ന ഷൈബിന്റെ പരാതിയാണ് കൊലപാതകക്കേസിലേക്ക് അന്വേഷണം എത്തിച്ചത്. ഷൈബിനെ അക്രമിച്ച കേസിലുള്‍പ്പെട്ട അഞ്ച് പ്രതികള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്‍പില്‍ ഷൈബിനെതിരേ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്ത് നിലമ്പൂര്‍ പോലീസിന് കൈമാറുകയും ഇവരെ ചോദ്യംചെയ്തതോടെ ഷാബാ ഷെരീഫ് കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു.

സംഭവത്തിലുള്‍പ്പെട്ട നൗഷാദ് ഷാബാ ഷെരീഫിനെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് പോലീസിനു കൈമാറുകയും ചെയ്തിരുന്നു. മൂലക്കുരുവിന് ഒറ്റമൂലി ചികിത്സ നടത്തുന്ന മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ 2019 ഓഗസ്റ്റിലാണ് തട്ടിക്കൊണ്ടുവന്നത്. ഒറ്റമൂലിയെക്കുറിച്ച് മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണം സമ്പാദിക്കാന്‍ വേണ്ടിയാണ് മുഖ്യപ്രതി ഷൈബിന്റെ നിര്‍ദേശപ്രകാരം കൂട്ടുപ്രതികള്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. എന്നാല്‍, മരുന്ന് പറഞ്ഞുകൊടുക്കാന്‍ വൈദ്യന്‍ തയ്യാറാകാത്തതിനാല്‍ ഇയാളെ ഷൈബിനും കൂട്ടരും നിലമ്പൂരിലെ വീട്ടില്‍വെച്ച് പീഡിപ്പിച്ച് 2020 ഒക്ടോബറില്‍ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയിലേക്ക് എറിഞ്ഞതായും പ്രതികള്‍ മൊഴിനല്‍കിയിരുന്നു. മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയത്തിന്റെ പൈപ്പ്, നവീകരിച്ച ശൗചാലയത്തില്‍ നിന്ന് നീക്കംചെയ്ത ടൈല്‍, മണ്ണ്, സിമന്റ് എന്നിവയില്‍ നിന്നുമായി ലഭിച്ച രക്തക്കറ, ചാലിയാര്‍ പുഴയില്‍ തിരച്ചിലിനിടെ കണ്ടെത്തിയ എല്ല്, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി കാറില്‍നിന്ന് ലഭിച്ച മുടി, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണ് അന്വേഷണസംഘത്തിന് കണ്ടെത്താനായ നിര്‍ണായകതെളിവുകള്‍.