പാലക്കാട്: രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പോലീസ് പിടിയിലായി. വെണ്ണക്കര സ്വദേശികളായ മുഹമ്മദ് തൗഫീഖ് (24), സഫ്‌ന (22) എന്നിവരെയാണ് കോയമ്പത്തൂരില്‍വെച്ച് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് പിടികൂടിയത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു.

To advertise here,

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഫ്‌നയെ കാണാതായത്. സഹോദരനൊപ്പം ബാങ്കില്‍ പോയ സഫ്‌നയെ കാണാതായെന്നാണ് പരാതി. ഭര്‍ത്താവ് ജോലിക്കു പോയശേഷം സ്വന്തം വീട്ടിലെത്തിയ സഫ്‌ന കുഞ്ഞിനെ വീട്ടിലേല്‍പ്പിച്ച് സഹോദരനെ വിളിച്ച് എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ പോവുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

നൂറണിയിലെയും പിന്നീട് ചക്കാന്തറയിലെയും ബാങ്കില്‍ സഹോദരനൊപ്പം പോയി. ശേഷം സഹോദരന്‍ കാണാതെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്കു പോയി. ഇവിടെനിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ കയറുകയായിരുന്നെന്നും പറയുന്നു. ഉക്കടത്തെത്തിയ ശേഷം തൗഫീഖിനെ വിളിക്കുകയും സഫ്‌നയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും പറയുന്നു.

സഹോദരന്റെ പരാതിയില്‍ അന്വേഷണം നടത്തിയ ടൗണ്‍സൗത്ത് പോലീസ് അന്നുരാത്രിതന്നെ ഇരുവരെയും പാലക്കാട്ടെത്തിച്ചു. സംരക്ഷണം ഉറപ്പുവരുത്താതെ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് സഫ്‌നയുടെ പേരില്‍ കേസെടുത്തത്. പ്രേരണക്കുറ്റമാണ് തൗഫീഖിന്റെ പേരില്‍. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.