ഇന്‍ഡോര്‍: ഓഗസ്റ്റ് 23-ന് ശ്രദ്ധ തിവാരി എന്ന ഇന്‍ഡോര്‍ സ്വദേശി ആരുമറിയാതെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. കാമുകനൊപ്പമുള്ള പുതിയൊരു ജീവിതം സ്വപ്നം കണ്ട് വീട് വിട്ടിറങ്ങിയതായിരുന്നു അവള്. എന്നാല്‍, ശ്രദ്ധ ആഗ്രഹിച്ചതുപോലെ ഒന്നും നടന്നില്ല. ഒടുവില്‍ സംഭവച്ചത് സിനിമ കഥകള്‍ക്ക് സമാനമായ ട്വിസറ്റ്. 2007-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ 'ജബ് വി മെറ്റി'നോട് ശ്രദ്ധയുടെ കഥയ്ക്ക് സാമ്യമുണ്ട്. കരീന കപൂർ തന്റെ കാമുകനൊപ്പം ഒളിച്ചോടാൻ പദ്ധതിയിടുന്ന കഥാപാത്രം ഒരു ട്രെയിൻ യാത്രയ്ക്കിടെ ഷാഹിദ് കപൂറിന്റെ കഥാപാത്രത്തെ കണ്ടുമുട്ടുന്നു, അത് അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്നതാണ് ജബ് വി മെറ്റിന്റെ പ്രമേയം.
റെയില്‍വേ സ്റ്റേഷനില്‍ കാണാമെന്ന ഉറപ്പിലാണ് ശ്രദ്ധ കാമുകനായ സാർത്ഥക് പറഞ്ഞപ്രകാരം ഇറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍, വാക്ക് നല്‍കിയത് പോലെ സാര്‍ത്ഥക് അവിടെ എത്തിയില്ല. കടുത്ത നിരാശയിലായ ശ്രദ്ധ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ രത്ലാമിലേക്ക് ട്രെയിന്‍ കയറി. വിഷമം സഹിക്കാനാകാതെ വന്നപ്പോള്‍ ട്രെയിനില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് സഹയാത്രികനായ കരണ്‍ യോഗി എന്ന യുവാവിന്റെ രംഗപ്രവേശം. ചാടരുതെന്നും എന്തിനും പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും കരണ്‍ പറഞ്ഞപ്പോള്‍, ശരിക്കും രക്ഷപ്പെടുത്തണമെന്ന് ആഗ്രമുണ്ടെങ്കില്‍ തന്നെ വിവാഹം ചെയ്യണമെന്ന് ശ്രദ്ധ പറഞ്ഞു. അയാള്‍ സമ്മതിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ കരണ്‍ യോഗിക്കൊപ്പം എംഐജി പോലീസ് സ്റ്റേഷനിലെത്തി തങ്ങള്‍ വിവാഹിതരായെന്ന് ശ്രദ്ധ പറഞ്ഞു. മഹേശ്വറിലെ ഒരു ക്ഷേത്രത്തിലാണ് വിവാഹചടങ്ങു നടന്നത്. അവിടെനിന്ന് നേരേ കരണിന്റെ വീട്ടിലേക്ക് ചെന്നപ്പോള്‍ കുടുംബം സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഇന്‍ഡോറിലെ എംഐജി സ്റ്റേഷനില്‍ ഹാജരായത്.
കാണാതായ മകള്‍ വിവാഹിതയായി വന്നിരിക്കുന്നുവെന്നറിഞ്ഞ ശ്രദ്ധയുടെ പിതാവ് സ്റ്റേഷനിലെത്തി. സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത ഒരു ബന്ധത്തിൽ തന്റെ മകള്‍ കുടുങ്ങിപ്പോയതാകാമെന്നാണ് പിതാവിന്റെ വാദം. തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട കൗണ്‍സിലിങ് നടത്തി. ഇതിനു ശേഷവും ശ്രദ്ധ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. താന്‍ കരണിനൊപ്പം ജീവിക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്ന് അവൾ വ്യക്തമാക്കി.
ശ്രദ്ധ പ്രായപൂര്‍ത്തിയ സ്ത്രീയാണെന്നും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന് കുടുംബത്തെ പറഞ്ഞു മനസ്സിലാക്കി. അതേസമയം, ശ്രദ്ധയക്ക് കരണിനെ മുന്‍പേ അറിയാമായിരുന്നു എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ശ്രദ്ധയെ കാണാതായത് അവളുടെ കുടുംബത്തില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പോലീസില്‍ പരാതി നല്കിയ ശേഷം ശ്രദ്ധയുടെ ഫോട്ടോ തലകീഴായി വീടിന് പുറത്ത് തൂക്കിയിട്ടിരുന്നു. അങ്ങനെ ചെയ്താല്‍ കാണാതെ പോയവര്‍ മടങ്ങിവരുമെന്നായിരുന്നു വിശ്വാസം.
ശ്രദ്ധ സുരക്ഷിതയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അവളെ കാണാതാകുന്നതിന് മുമ്പ് വീടിനടുത്തുകൂടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടക്കത്തില്‍ കാമുകനായിരുന്ന സാര്ത്ഥക്കിനെയാണ് സംശയിച്ചിരുന്നത്. അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍, കുടുംബത്തിന്റെ എതിര്‍പ്പ് കാരണം കഴിഞ്ഞ പതിനഞ്ച് ദിവസമായി ശ്രദ്ധയുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് അയാള്‍ മൊഴി നല്കി.
Content Highlights: A woman eloped to marry lover, Returns with new husband met on train
Published: 30 Aug 2025, 04:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented