പരിയാരം: തലശ്ശേരിയില്‍നിന്ന് പഴനിയില്‍ തീര്‍ഥാടനത്തിന് പോയ സേലം സ്വദേശിയായ നാല്‍പ്പതുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ പരാതിയില്‍ പഴനി എ.ഡി.എസ്.പി. ചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്.

തലശ്ശേരിയിലെ താമസക്കാരിയായ സേലം സ്വദേശിനിയാണ് പരാതിക്കാരി. ഇവരില്‍നിന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോയുടെ നേതൃത്വത്തില്‍ മൊഴിയെടുത്തു. ഇവരിപ്പോള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് ഇവര്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. മൊഴിയും എഫ്.ഐ.ആറും വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ തമിഴ്നാട് പോലീസിന് കൈമാറും.

കഴിഞ്ഞമാസം 19-ന് സംഭവം നടന്നതായാണ് പരാതിയിലുള്ളത്. തലശ്ശേരിയില്‍നിന്ന് ഭര്‍ത്താവിനൊപ്പം പഴനിയിലെത്തി ഉച്ചയ്ക്കുശേഷം അവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്തു.

സന്ധ്യയോടെ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങി. സ്ത്രീയെ റോഡരികില്‍ നിര്‍ത്തി, ഭര്‍ത്താവ് എതിര്‍വശത്തെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയപ്പോള്‍ മൂന്നംഗസംഘമെത്തി സ്ത്രീയുടെ വായ പൊത്തിപ്പിടിച്ച് സമീപത്തെ ലോഡ്ജിലേക്ക് കൊണ്ടുപോയെന്നാണ് മൊഴി. ലോഡ്ജ് മുറിയില്‍ യുവതിയെ തടവിലാക്കിയശേഷം രാത്രി മുഴുവന്‍ പീഡിപ്പിച്ചതായാണ് ഭര്‍ത്താവും പറയുന്നത്. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പ്പിച്ചു.

പിറ്റേന്ന് രാവിലെ യുവതി ലോഡ്ജില്‍നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പോലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നും ദമ്പതിമാര്‍ പറയുന്നു.

പേടി കാരണം പുറത്തുപറയാതെ തലശ്ശേരിയിലെ വീട്ടില്‍ കഴിയുകയായിരുന്നു. എന്നാല്‍ ആരോഗ്യനില കൂടുതല്‍ വഷളായതോടെ ഈ മാസം എട്ടിന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

ദുരൂഹതകളുണ്ടെന്ന് പോലീസ്

പരിയാരം: പഴനിയില്‍ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ദുരൂഹതകളുണ്ടെന്ന് പോലീസ്. സ്ത്രീയുടെ ഭര്‍ത്താവിനെ ചോദ്യംചെയ്തു. ഇതില്‍നിന്ന് സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്ന് വ്യക്തമായി. ഡിസ്ചാര്‍ജ് ചെയ്തശേഷം ഇരുവരെയും വീണ്ടും ചോദ്യംചെയ്യും. സ്ത്രീയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇപ്പോള്‍ കൂടെയുള്ളതെന്നും പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോയോടൊപ്പം തലശ്ശേരി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്‍, പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു എന്നിവരുമുണ്ടായിരുന്നു.

ലോഡ്ജുകളില്‍ പരിശോധന 

പഴനി: കഴിഞ്ഞ ജൂണ്‍ 19-ന് പഴനിയിലേക്ക് തീര്‍ഥാടനത്തിനുവന്ന യുവതിയെ പീഡിപ്പിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പഴനി, പഴനിയടിവാരം ഭാഗങ്ങളിലുള്ള ലോഡ്ജുകളില്‍ പരിശോധന നടത്തി. ദിണ്ടിക്കല്‍ ജില്ലാ എ.ഡി.എസ്.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ പോലീസ് സംഘമാണ് അന്വേഷണം നടത്തി വരുന്നത്.

പഴനിയിലേക്ക് കഴിഞ്ഞ ജൂണ്‍ 19-ന് തീര്‍ഥാടനത്തിന് യുവതിയും ഭര്‍ത്താവും ഉച്ചയോടെ പഴനിയില്‍ ലോഡ്ജില്‍ റൂമെടുത്തു. വൈകീട്ടോടെ ഇരുവരും ഭക്ഷണംവാങ്ങാനായി പുറത്തുപോയി. ഭര്‍ത്താവ് കടയില്‍പ്പോയ സമയത്ത് കാറിലിരുന്ന യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായും ഇത് തടയാന്‍ചെന്ന ഭര്‍ത്താവിനെ മര്‍ദിച്ചതായുമാണ് പരാതി.

അന്നുതന്നെ പഴനി പോലീസ് സ്റ്റേഷനിലെത്തി പരാതിപറഞ്ഞെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. തുടര്‍ന്ന്, ദമ്പതിമാര്‍ പഴനിയില്‍നിന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയി. കുറച്ചുദിവസങ്ങള്‍ക്കുശേഷം യുവതിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സനടത്തിയ ഡോക്ടര്‍ പീഡനവിവരം കണ്ണൂര്‍പോലീസിനെ അറിയിച്ചു. സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് പഴനിപോലീസ് അന്വേഷണം ആരംഭിച്ചത്. കൂടുതല്‍വിവരങ്ങള്‍ പുറത്തുപറയാനാവില്ലെന്ന് എ.ഡി.എസ്.പി. ചന്ദ്രന്‍ അറിയിച്ചു.