ഹരിപ്പാട്: പോലീസ് ജീപ്പിന്റെ വെളിച്ചംകണ്ടാണ് അക്രമികള്‍ പിന്മാറിയത്, അല്ലെങ്കില്‍ വലിയ ദുരന്തമാകുമായിരുന്നു- ഭാര്യക്കു നേരിടേണ്ടിവന്ന ദുരന്തത്തെപ്പറ്റി ഭീതിയോടെയാണു നവാസ് പ്രതികരിച്ചത്. ബൈക്കില്‍ പിന്തുടര്‍ന്നുവന്നവര്‍ സ്‌കൂട്ടറില്‍പ്പോയ സുബിനയുടെ തലയ്ക്കടിച്ചു.നിയന്ത്രണംവിട്ട് റോഡില്‍ വീണെങ്കിലും ഹെല്‍മെറ്റുള്ളതിനാല്‍ വലിയ പരിക്കേറ്റില്ല. വൈദ്യുതിത്തൂണിലിടിച്ച് സ്‌കൂട്ടറിന്റെ മുന്‍ഭാഗം നിശ്ശേഷം തകര്‍ന്നു. ഇതോടെ ഭയന്നുവിറച്ചുപോയ സുബിന ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് അക്രമികള്‍ പിടികൂടി ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചത്. അവിടെനിന്നു രക്ഷപ്പെട്ട് അടുത്ത പറമ്പിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വലിയപറമ്പില്‍ ഏറെനേരം പ്രാണരക്ഷാര്‍ഥം ഓടി. അടുത്തവീടിന്റെ ഗേറ്റില്‍ തട്ടിവിളിക്കുന്നതിനിടെയാണ് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ ജീപ്പ് അതുവഴി വന്നത്. ഇതിന്റെ വെളിച്ചംകണ്ടപ്പോഴാണ് അവര്‍ ബൈക്കില്‍ക്കയറിപ്പോയത്.

പോലീസുകാര്‍ പ്രതികളെ കണ്ടെത്താന്‍ ശ്രമിച്ചില്ല. സുബിനയെ ആശുപത്രിയിലാക്കാനും സഹായിച്ചില്ല. സുബിനയുടെ സഹോദരന്‍ സുനിമോനും ബന്ധുവായ മാഹീനുമാണ് ആദ്യം സഹായത്തിനോടിയെത്തിയത്.

ഇവര്‍ രാത്രി തട്ടുകടയില്‍ ഭക്ഷണംകഴിക്കാന്‍ പോയതാണ്. മടങ്ങിവരുന്നതിനിടെയാണു സുബിനയുടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടുകിടക്കുന്നതു കണ്ടത്.

Read Also: രാത്രി ജോലികഴിഞ്ഞു മടങ്ങുമ്പോള്‍ യുവതിയെ സ്‌കൂട്ടറില്‍നിന്ന് അടിച്ചുവീഴ്ത്തി; തട്ടിക്കൊണ്ടുപോകാന്‍ ശ്രമം....

സുബിനെയെ നവാസും ബന്ധുക്കളുംചേര്‍ന്ന് സംഭവ സ്ഥലത്തുനിന്ന് വീട്ടിലാണ് ആദ്യം എത്തിച്ചത്. മാനസികമായി തകര്‍ന്നുപോയ സുബിന പ്രതികരിക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. പിന്നീടാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ സ്റ്റേഷനിലെത്തിയാല്‍ മൊഴിയെടുക്കാമെന്നു പറഞ്ഞാണ് തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുനിന്നുപോയതെന്ന് ആക്ഷേപമുണ്ട്.

ആളൊഴിഞ്ഞ റോഡ്; രാത്രിയാത്ര ഭീതിയുടെ നിഴലില്‍

തോട്ടപ്പള്ളി: തോട്ടപ്പള്ളി- തൃക്കുന്നപ്പുഴ റോഡിലെ രാത്രിയാത്ര പേടിപ്പെടുത്തുന്നതാണ്. തോട്ടപ്പള്ളി ജങ്ഷനില്‍നിന്നു പടിഞ്ഞാറോട്ടു കടല്‍ത്തീരംവരെ റോഡിന്റെ ഒരുവശത്ത് വീടുകളൊന്നുമില്ല. ഇവിടയാണു ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്പടിക്കുന്നത്. രാത്രിവൈകിയുള്ള യാത്രക്കാരെ ഇവര്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായ പരാതി പണ്ടുമുതലുണ്ട്. അമ്പലപ്പുഴ- തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയാണു പ്രദേശം. അതിനാല്‍ രണ്ടു പോലീസ് സ്റ്റേഷനുകളിലെയും രാത്രി പട്രോളിങ് ഇവിടെയുണ്ടാകില്ല. തോട്ടപ്പള്ളി- തൃക്കുന്നപ്പുഴ റോഡ് വീതികുറഞ്ഞതുമാണ്. അക്രമികള്‍ പിന്തുടര്‍ന്നാല്‍ വേഗത്തില്‍ ഓടിച്ചുപോയി രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. തിങ്കളാഴ്ചരാത്രി ആക്രമിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തക സുബിനയും ഇതാണു പറഞ്ഞത്.

ഇവിടെ ക്വട്ടേഷന്‍സംഘങ്ങള്‍ക്ക് സുഖം, പോലീസിന് പോലും രക്ഷയില്ല 

തോട്ടപ്പള്ളി: തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പല്ലന, പാനൂര്‍ ഭാഗങ്ങളിലും അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തോട്ടപ്പള്ളിയിലും ക്വട്ടേഷന്‍- മയക്കുമരുന്നു സംഘങ്ങള്‍ക്കു സുഖവാസം. ഇവര്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുകയാണ്. പോലീസ് സംഘത്തിനുനേരെ പലപ്രാവശ്യം ആക്രമണമുണ്ടായി. ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റ സംഭവങ്ങളും കുറവല്ല. എന്നാല്‍, കേസുകളിലൊന്നും ഫലപ്രദമായ നടപടികളുണ്ടാകാറില്ല. ഇതു തീരമേഖലയിലെ ക്വട്ടേഷന്‍സംഘങ്ങള്‍ക്കു തണലാകുകയാണ്.

ഇത്തരം സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നതും ഇവിടെ പതിവാണ്. വിശാലമായ കടപ്പുറമുള്ള തോട്ടപ്പള്ളിയിലും സമീപപ്രദേശങ്ങളിലും രാത്രി പലസ്ഥലങ്ങളില്‍നിന്നെത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഒത്തുകൂടാറുണ്ട്. മയക്കുമരുന്നുകടത്തു സംഘങ്ങളുടെ ഒളിത്താവളമായും പ്രദേശം മാറിയതായി ആക്ഷേപമുണ്ട്. പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ഇതുസംബന്ധിച്ചു പലപ്രാവശ്യം റിപ്പോര്‍ട്ട് നല്‍കിയതായും അറിയുന്നു.

തോട്ടപ്പള്ളി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഒരുമാസംമുന്‍പ് കരുവാറ്റ കന്നുകാലിപ്പാലത്ത് ആക്രമണം നടത്തിയിരുന്നു. ആസിഡ്ബള്‍ബ് ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. പിറ്റേന്നു തോട്ടപ്പള്ളിയിലും അടിപിടിയുണ്ടായി. ക്വട്ടേഷന്‍സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണിതിനൊക്ക പിന്നിലെന്നാണു പോലീസ് സൂചിപ്പിക്കുന്നത്. പാനൂര്‍ സ്‌കൂളിനുസമീപം, തോപ്പില്‍ ജങ്ഷന്‍ എന്നിവിടങ്ങളിലാണു പോലീസുദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. കേസുകളിലെ പ്രതികള്‍ പിടിയിലായെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല.

പല്ലന, പാനൂര്‍, പുത്തന്‍പുരയ്ക്കല്‍ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകയറി ആക്രമണവും പതിവാണ്. ഏതാനുംമാസംമുന്‍പ് ഒരുവീട്ടില്‍ വാഹനങ്ങള്‍ക്കു തീവെച്ചിരുന്നു. ഒരു പോലീസുദ്യോഗസ്ഥന്റെ വീടിനു തീയിടാന്‍ ശ്രമിച്ചതും ഇവിടെയാണ്.

കടല്‍ത്തീരത്തുനിന്നു മണല്‍ കടത്തുന്നതാണു ഇവിടങ്ങളിലെ ക്വട്ടേഷന്‍സംഘങ്ങളുടെ പ്രധാന വരുമാനമാര്‍ഗം. അടുത്തിടെ രാത്രി മണല്‍ കടത്തുന്നതു പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, പ്രതികള്‍ പോലീസിനെ വെട്ടിച്ചുകടന്നു.

ലക്ഷങ്ങളാണു മണല്‍ക്കടത്തിലൂടെ പലരും നേടുന്നത്. നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണു പ്രവര്‍ത്തനം.

പോലീസ് നടപടി പേരിനുമാത്രം

തീരദേശത്ത് ക്വട്ടേഷന്‍ -മയക്കുമരുന്നുസംഘങ്ങള്‍ വ്യാപകമായിട്ടും തൃക്കുന്നപ്പുഴ പോലീസ് കാര്യമായി ഇടപെടുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. പലപ്പോഴും പ്രതികളുമായി ഒത്തുതീര്‍പ്പിലെത്തുകയാണു പതിവ്. പ്രതികളെ രക്ഷപ്പെടുത്താന്‍ ചില രാഷട്രീയകക്ഷികളുടെ നേതാക്കന്മാര്‍ പോലീസുമായി ഒത്തുകളിക്കുന്നതായ പരാതിയും പതിവായി കേള്‍ക്കുന്നതാണ്.

തിങ്കളാഴ്ചരാത്രി ആരോഗ്യപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തിലും പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.

ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ തൃക്കുന്നപ്പുഴയിലെ പട്രോളിങ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, പ്രതികളെ പിന്തുടരാന്‍ തയ്യാറായില്ല. പ്രതികള്‍ അമിതവേഗത്തില്‍ രക്ഷപ്പെടുന്നതു പോലീസ് സംഘം കണ്ടതായാണു പ്രദേശവാസികളില്‍ ചിലര്‍ പറയുന്നത്. എന്നിട്ടും രാത്രിതന്നെ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല.

ഒരുമാസംമുന്‍പ് കന്നുകാലിപ്പാലത്തിനുസമീപം ക്വട്ടേഷന്‍സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പ്രതികാരമായി തോട്ടപ്പള്ളിയിലും ഏറ്റുമുട്ടലുണ്ടായി.

കര്‍ശന നടപടി വേണമെന്ന് അഡ്വ. ബി. ബാബുപ്രസാദ്

തൃക്കുന്നപ്പുഴ: ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ചു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഡി.സി.സി.പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ആവശ്യപ്പെട്ടു. കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും ബി. ബാബുപ്രസാദ് കുറ്റപ്പെടുത്തി.