ഒന്നാം പ്രതിയായ യുവതിയെ പിടിക്കാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല

കോഴിക്കോട്: മലാപ്പറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തിയ കേസിൽ ഒന്നാം പ്രതിയായ കോഴിക്കോട്ട് സ്വദേശിനിയെ പിടികൂടനാവാതെ പോലീസ്. ബെംഗളൂരുവിലെ താമസസ്ഥലത്തുനിന്നാണ് യുവതിയടക്കമുള്ള ആറംഗ സംഘം 21-കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയത്.
മാധ്യമങ്ങളെയടക്കം പെൺകുട്ടി ഫോണിലൂടെ ബന്ധപ്പെടുമ്പോഴാണ് ഇവരെ പിടിക്കാൻ പോലീസിന് കഴിയാത്തത്. കഴിഞ്ഞ 24-നാണ് ആറംഗ സംഘം ബെംഗളൂരുവിലെ താമസ സ്ഥലത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ ഒരു വീട്ടിൽ ബന്ദിയാക്കുകയും നഗ്‌നദൃശ്യമെടുത്ത് മാതാവിന് അയച്ചുകൊടുക്കുകയും ചെയ്തത്.
ഇതിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടെ അന്നത്തെ ദിവസം തനിക്ക് നേരിട്ടത് ക്രൂരമായ പീഡനമായിരുന്നുവെന്ന് യുവാവ് ചൂണ്ടിക്കാട്ടി. ദുബായിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് നാട്ടിലെത്തി തിരിച്ച് പോവാനിരിക്കെയായിരുന്നു തട്ടിക്കൊണ്ട് പോകൽ.
കേസിൽ ഒന്നാംപ്രതിയായ പെൺകുട്ടിയുമായി 21-കാരന് സൗഹൃദമുണ്ടായിരുന്നു. ഈ സൗഹൃദം യുവതിയുടെ പങ്കാളി അറിഞ്ഞതാണ് ഇങ്ങനെയൊരു തട്ടിക്കൊണ്ട് പോകലിന് കാരണമെന്നാണ് യുവാവ് കരുതിയത്.
എന്നാൽ അങ്ങനെയല്ലെന്നും ഹണി ട്രാപ്പ് പോലെ പെൺകുട്ടിയടക്കം ഗൂഢാലോചന നടത്തിയാണ് തന്നെ തട്ടിക്കൊണ്ട് പോയി മർദിച്ച് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും നഗ്‌നദൃശ്യം പകർത്തുകയും ചെയ്തതെന്നും 21-കാരൻ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.
ഓഗസ്റ്റ് നാലാം തീയതി തന്നെ ബന്ദിയാക്കിയ കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് രക്ഷപ്പെട്ട് കാക്കൂർ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. അതുകൊണ്ട് മാത്രമാണ് ജീവൻ തിരിച്ച് കിട്ടിയതെന്നും യുവാവ് പറഞ്ഞു.
പ്രധാന പ്രതിയായ യുവതിയുമായി സൗഹൃദത്തിലായിരുന്നപ്പോൾ ദുബായിൽ പോകാൻ താൻ സഹായിച്ചിരുന്നു. എന്നാൽ അവിടെ എത്തിയതോടെ ഇവർ മറ്റൊരാളുമായി സൗഹൃദത്തിലായി. പിന്നെ യുവതിയുമായി ബന്ധമുണ്ടായിരുന്നില്ല. താൻ നാട്ടിലെത്തി തിരിച്ച് പോകാൻ നോക്കുന്നതിനിടെ യുവതിയും നാട്ടിലെത്തി.
ബെംഗളൂരുവിൽ നിന്നായിരുന്നു ദുബായിലേക്കുള്ള വിമാനം. ഇതിനിടെ അടിയന്തരമായി കാണണം എന്ന് യുവതി ആവശ്യപ്പെടുകയും താൻ താമസിക്കുന്ന ഫ്ളാറ്റിലേക്ക് ഇവർ ഗുണ്ടാസംഘത്തെ അയക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്നും യുവാവ് പറയുന്നു.
24-ന് ഗുണ്ടാ സംഘങ്ങൾ താമസസ്ഥലത്തെത്തി വാതിൽ ബലമായി തള്ളിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു. ശേഷം വായിലൂടെ പ്ലാസ്റ്റർ കെട്ടി. ബെംഗളൂരുവിൽ നിന്ന് കാറിന്റെ ഡിക്കിയിലിട്ട് കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് കോഴിക്കോട്ട് വരെ കൊണ്ടുവന്നതെന്നും യുവാവ് പറഞ്ഞു.
തുടർന്ന് ചാലിൽതാഴം എന്ന സ്ഥലത്തെ വാടക വീട്ടിലെത്തി അഞ്ച് ദിവസത്തോളം പൂട്ടിയിടുകയും മർദിക്കുകയും ചെയ്തു. ഹോക്കി സ്റ്റിക്ക് കൊണ്ട് മർദിച്ചു കത്തികൊണ്ട് മുറിവേൽപ്പിച്ചു. കേസിൽ യുവതിയാണ് ഒന്നാം പ്രതിയെന്ന് നേരത്തെ തന്നെ പോലീസിന് വ്യക്തമായിരുന്നു.
ഇതിനിടെ ഒന്നാം പ്രതിയായ പെൺകുട്ടി പരാതിക്കാരനായ യുവാവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. സൗഹൃദം മുതലാക്കി നഗ്‌നദൃശ്യം പകർത്തിയെന്നും അത് പണത്തിന് വിറ്റുവെന്നുമായിരുന്നു ആരോപണം. മാത്രമല്ല യുവാവ് എംഡിഎംഎ ഉപയോഗിച്ച് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
എന്നാൽ താൻ എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെങ്കിൽ രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും ഉപദ്രവിച്ചെങ്കിൽ എന്തുകൊണ്ട് ഇത്രദിവസമായിട്ടും പരാതി കൊടുത്തില്ലെന്നും യുവാവ് ചോദിക്കുന്നുണ്ട്. നേരത്തെ യുവാവിനെതിരെ നടക്കാവ് സ്റ്റേഷനിൽ പോക്‌സോ കേസുണ്ട്. പക്ഷെ ഇതിൽ ഒരു തെളിവും പോലീസിന് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല.
താനുമായി നേരത്തെ പ്രണയത്തിലായിരുന്ന പെൺകുട്ടിയാണ് പോക്സോ കേസ് കൊടുത്തത്. പ്രണയത്തിൽ നിന്ന് പിൻവാങ്ങിയപ്പോൾ അതിന്റെ പ്രതികാരമായി തനിക്കെതിരെ പോക്സോ കേസ് നൽകുകയായിരുന്നുവെന്നും യുവാവ് പറയുന്നുണ്ട്.
യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയായ ജിതിൻ എന്നയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. യുവതിയടക്കം അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്.
Content Highlights: A 21-year-old youth from Malaparamba was abducted from Bengaluru in a car trunk, held captive in Kozhikode, assaulted, and subjected to a ransom demand of 8 lakh rupees by a six-member gang led by a woman who remains untraceable by police.
Published: 13 Aug 2026, 06:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented