
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽനിന്ന് തട്ടിക്കൊണ്ടുപോയ മൂന്നുവയസ്സുകാരനായ കുഞ്ഞിനെ ആയിരത്തിലധികം കിലോമീറ്റർ അകലെ ബിഹാറിൽനിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചുനരി ദേവി എന്ന മുപ്പത്തൊന്നുകാരി അറസ്റ്റിലായി. ആറ് പെൺകുട്ടികളുടെ അമ്മയാണ് ഇവർ. ഒരു ആൺകുഞ്ഞിനെ വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് മരുന്നുവാങ്ങാൻ ആശുപത്രിയിലെത്തിയ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ ഇവർ തട്ടിക്കൊണ്ടുപോയത്.
ബിഹാറിലെ ബങ്ക ജില്ല സ്വദേശിനിയായ ചുനരി, കുറച്ചുകാലമായി പടിഞ്ഞാറൻ ഡൽഹിയിലെ മഡിപുറിലാണ് താമസം. ആശുപത്രിയിൽ അമ്മയ്ക്കരികിൽനിന്ന് കളിക്കുകയായിരുന്ന കുഞ്ഞിനെ ഓഗസ്റ്റ് 27-ാം തീയതിയാണ് കാണാതായത്. തുടർന്ന് കുടുംബം ഖൈല പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ആശുപത്രിയിലെയും സമീപ പ്രദേശത്തെയും സിസിടിവി പരിശോധിച്ചതിൽനിന്ന് ചുനരി ദേവി കുഞ്ഞുമായി പോകുന്നത് വ്യക്തമാവുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഡിപുറിൽനിന്ന് ഇവർ ബിഹാറിലെ സ്വദേശത്തേക്ക് മടങ്ങിയെന്ന് കണ്ടെത്തി. പിന്നാലെ ഡൽഹി പോലീസ് സംഘം ബിഹാറിലെ അസ്‌നഹ ഗ്രാമത്തിലെത്തി കുഞ്ഞിനെ വീണ്ടെടുക്കുകയും ചുനരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇനിയൊരു കുഞ്ഞിന് ജന്മം നൽകാൻ സാധിക്കാത്തതിനാലും ആൺകുഞ്ഞ് വേണമെന്ന മോഹത്തെ തുടർന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലിൽ ചുനരി പറഞ്ഞു. സ്വന്തം മകനായി വളർത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു. കുട്ടിയെ ഡൽഹിയിലെത്തിച്ച് കുടുംബത്തിന് കൈമാറി.
Published: 01 Sept 2026, 10:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented