ന്യൂഡൽഹി: നാഗ്പുരിൽ പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ 20 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആകാശ് മാധവ് പഖ്‌റെ ആണ് പിടിയിലായത്. പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം നിരന്തരപീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു.

To advertise here,

നാഗ്പുരിലെ സർക്കാർ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്. 16 വയസ്സുകാരിയായ പെൺകുട്ടി ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് പ്രതിയെ പരിചയപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച, ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാനെന്നുപറഞ്ഞ് വീട്ടിൽനിന്ന് മാളിലേക്ക് പോയിരുന്നു. എന്നാൽ, വൈകുന്നേരമായിട്ടും തിരിച്ചുവന്നില്ല. മകളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടി സുഹൃത്തുക്കളെ കണ്ടില്ലെന്ന് വ്യക്തമായത്. ഇതേത്തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ സമൂഹമാധ്യമങ്ങളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് ആകാശുമായുള്ള ബന്ധം കണ്ടെത്തിയത്.

മുബൈ താണെ സ്വദേശിയാണ് ആകാശ്. ബിരുദ വിദ്യാർഥിയായ ആകാശ് നാഗ്പുരിൽ ഫ്‌ലാറ്റ് വാടയ്‌ക്കെടുത്താണ് താമസം. ആകാശുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയ പോലീസ് വീട്ടിലെത്തി ആകാശിന്റെ വീട്ടുകാരെ കണ്ടു. പോലീസിന്റെ നിർദേശപ്രകാരം രക്ഷിതാക്കൾ ആകാശിനെ ഫോണിൽ ബന്ധപ്പെട്ടു. തന്നെ തിരഞ്ഞ് പോലീസ് എത്തിയ വിവരമറിഞ്ഞ് ആകാശ് പെൺകുട്ടിയോട് വീട്ടിൽ വിളിച്ച് താൻ സുരക്ഷിതയാണെന്ന് അറിയിക്കാൻ ആവശ്യപ്പെട്ടു. ആ ഫോൺകോൾ പിന്തുടർന്നാണ് ആകാശ് നിൽക്കുന്ന സ്ഥലം പോലീസിന് തിരിച്ചറിയാനായത്. ഫ്‌ളാറ്റിലേക്ക് ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്തതും സ്ഥലം സ്ഥിരീകരിക്കാൻ പോലീസിനെ സഹായിച്ചു. ഡെലിവറി ബോയ്‌ക്കൊപ്പമാണ് പോലീസ് ആകാശിന്റെ ഫ്‌ളാറ്റിലേക്കെത്തിയത്.

വാതിൽ തകർത്താണ് പോലീസ് ഫ്‌ലാറ്റിന്റെ അകത്തുകടന്നത്. നഗ്നയാക്കി ആക്രമിച്ച് അവശയാക്കിയ നിലയിലായിരുന്ന പെൺകുട്ടിയെ കട്ടിലിനോട് ചേർത്ത് കെട്ടിയിട്ടിരുന്നു. ശരീരത്തിൽ ഗുരുതരമായ മുറിവുകളും ഉണ്ടായിരുന്നു. കൈത്തണ്ടയും മുറിച്ച നിലയിലായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്താനുള്ള ഒരുക്കത്തലായിരുന്നു പ്രതി, അൽപം കൂടി വൈകിയിരുന്നെങ്കിൽ പെൺകുട്ടി ജീവനോടെ ബാക്കിയുണ്ടാവുമായിരുന്നില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രശ്മിത റാവു പറഞ്ഞു. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് കുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതിക്കെതിരേ പോക്സോ വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുൻപ് ഏതെങ്കിലും പെൺകുട്ടികളെ സമാനമായ രീതിയിൽ പ്രതി ആക്രമിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.

അതേസമയം, പ്രതിയുമായി പ്രണയബന്ധത്തിലായിരുന്ന പെൺകുട്ടി സ്വമേധയാ ആകാശിന്റെ ഫ്‌ലാറ്റിലെത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ അഭിഭാഷകൻ വാദിക്കുന്നത്. അറസ്റ്റ് ചെയ്ത് ജയിലിലെത്തിച്ച ആകാശ് പോലീസിനോട് നല്ല കിടക്കയും നല്ല ഭക്ഷണവും ആവശ്യപ്പെട്ടതായുളള വാർത്തകളുമുണ്ട്. പെൺകുട്ടി ഗുരുതര നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.