
കല്പറ്റ: വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി വിശ്വനാഥന്‍ കുറ്റക്കാരന്‍. കല്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.
രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പോലീസ് അറസ്റ്റുചെയ്തു. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥന്‍ ദമ്പതിമാരെ അടിച്ചുകൊന്നത്. വീട്ടില്‍ കയറിയ വിശ്വനാഥന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന്‍ രക്ഷപ്പെടുകയാണുണ്ടായത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. കേസില്‍ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.
ഒരുതുമ്പും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ പോലീസിന് കനത്ത വെല്ലുവിളിയായിരുന്നു. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് സ്ഥിരീകരിക്കാനും ആദ്യഘട്ടത്തില്‍ സാധിച്ചില്ല.
പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊല ചെയ്തതെന്നും പോലീസ് കണ്ടെത്തിയത്. എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ വിശ്വനാഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Content Highlights: wayanad vellamunda kandathuvayal couple double murder case verdict
Published: 19 Feb 2022, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented