മുട്ടം (ഇടുക്കി): പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. സംഭവം മറച്ചുവെച്ചതിന്, കൊല്ലപ്പെട്ടയാളുടെ പിതാവിനെയും കോടതി ശിക്ഷിച്ചു.

To advertise here,

ഉടുമ്പൻചോല കൂട്ടലാർ ചൂരക്കാട്ടിൽ വീട്ടിൽ ബിജു(48)വിനെ കൊന്നകേസിലാണ് ഇടുക്കി ജില്ലാ മൂന്നാം അഡീഷണൽ കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷ വിധിച്ചത്. ബിജുവിന്റെ മകൻ ബിബിനെ(28)യും മുത്തച്ഛൻ ഗോപാലനെ(80)യുമാണ് ശിക്ഷിച്ചത്. ഗോപാലന് 25,000 രൂപ പിഴയും വിധിച്ചു.

ഇവരുടെ വീട്ടിൽ 2019 ജൂലായ് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജുവും ബിബിനും മദ്യപരായിരുന്നു. വീട്ടിൽ വഴക്കും പതിവായിരുന്നു. സംഭവദിവസം വഴക്കിനുശേഷം ബിജു കട്ടിലിൽ കിടക്കുമ്പോൾ മരക്കഷണമുപയോഗിച്ച് തലയ്ക്കും നെറ്റിക്കും അടിച്ചു. അടിയേറ്റ് തലയോട്ടി തകർന്നു. സംഭവം മറച്ചുവെച്ച ഗോപാലൻ ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോകാനോ വിവരം പുറത്തുപറയാനോ ശ്രമിച്ചില്ല.

അച്ഛനെ അടിച്ചിട്ടിട്ടുണ്ടെന്ന് ബിബിൻ ഒരു ബന്ധുവിനോട് പറഞ്ഞതിനെത്തുടർന്നാണ്, അവരെത്തി ബിജുവിനെ ആശുപത്രിയിലെത്തിച്ചത്. മധുര രാജാജി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരവേയാണ് മരിച്ചത്. ബിജു വീണുപരിക്കേറ്റതാണെന്നാണ് ഗോപാലൻ പോലീസിനോടുംമറ്റും പറഞ്ഞത്. മാത്രമല്ല, തെളിവുകൾ നഷ്ടമാക്കാനും ഗോപാലൻ ശ്രമിച്ചു.

ഉടുമ്പൻചോല എസ്.എച്ച്.ഒ. എ. ഷൈൻകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ് ഹാജരായി. സിവിൽ പോലീസ് ഓഫീസർ എ. അനീറ്റ് ആയിരുന്നു പ്രോസിക്യൂഷൻ സഹായി.