ചെന്നൈ: തമിഴ്നാട്ടിലെ അരിയലൂർ ജില്ലയിൽ പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത ഹോം ഗാർഡിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സെന്തുറൈക്ക് സമീപമുള്ള തളവായ് പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെങ്കടേശൻ ആണ് കൊല്ലപ്പെട്ടത്. തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഒക്ടോബർ 29-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പോലീസ് കോൺസ്റ്റബിൾ രാജാകണ്ണും വെങ്കടേശനും പട്രോളിങ് നടത്തുന്നതിനിടെ സ്വകാര്യ സിമന്റ് ഫാക്ടറിക്ക് സമീപം മൂന്നുപേർ മദ്യപിക്കുന്നത് കാണുകയും അവിടം വിട്ടുപോകാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, പുലർച്ചെയോടെ ഇതേസംഘം വിനായകർ ക്ഷേത്രത്തിന് സമീപം വീണ്ടും മദ്യപിക്കുന്നത് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് വീണ്ടും ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ കോൺസ്റ്റബിൾ രാജാകണ്ണിനെ തടഞ്ഞുവെച്ച് വെങ്കടേശന്റെ മുഖത്തും തലയിലും ക്രൂരമായി മർദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വെങ്കടേശൻ ബോധരഹിതനായി വീണു. തുടർന്ന് മറ്റുപോലീസുകാർ ഇദ്ദേഹത്തെ സെന്തുറൈ സർക്കാർ ആശുപത്രിയിലും പിന്നീട് തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചശേഷം കൂടുതൽ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വെങ്കടേശൻ മരിച്ചത്.
Published: 01 Nov 2026, 05:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented