കോട്ടയം: കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എരുമേലി, വെള്ളാവൂർ വില്ലേജ്, ഏറത്ത് വടകരകരയിൽ അമ്പിളി ഭവൻ വീട്ടിൽ അനൂപ് ആർ.നായർക്ക്‌ (37) ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ.

To advertise here,

അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി– ഒന്ന് ജഡ്ജി കെ.ലില്ലിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ച് കടന്ന കുറ്റത്തിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

2020 ജനുവരി 15-ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. എരുമേലി ശ്രീനിപുരം കോളനി ഭാഗത്തുള്ള വളവനാട് വീട്ടിൽ താമസിച്ചിരുന്ന വിജയകുമാറിന്റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന ബന്ധം വിജയകുമാർ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലെത്തിയത്. അർധരാത്രിയിൽ പ്രതി കത്തിയുമായി

വിജയകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടർന്ന് ഉറങ്ങിക്കിടന്നിരുന്ന വിജയകുമാറിനെ വിളിച്ചുണർത്തി. പുറത്തേക്ക് ഇറങ്ങിവന്ന വിജയകുമാറിനെ വീടിന്റെ തിണ്ണയിൽവെച്ച് നെഞ്ചിൽ കുത്തികൊലപ്പെടുത്തുകയുമായിരുന്നു.

സംഭവസമയത്ത് പിതാവിന്റെ പിന്നാലെ എത്തിയ 15 വയസ്സുകാരനായ മകൻ കൊലപാതകം നേരിൽ കണ്ടു. ഇത് കേസിൽ നിർണായക സാക്ഷിമൊഴിയായി. എരുമേലി പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 31 സാക്ഷികളെ വിസ്തരിച്ചു, 33 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മീരാ എസ്.എസ്., അഡ്വ. അർജുൻ വി.എസ്. എന്നിവർ ഹാജരായി.