തിരുവനന്തപുരം: പാലക്കാട് നെന്മാറയിലെ സജിതയെ പത്തു വർഷമായി മുറിയിൽ അടച്ച സംഭവം നിയമനടപടി എടുക്കേണ്ട മനുഷ്യാവകാശ ലംഘനമാണെന്ന് വനിത കമ്മിഷൻ. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടി അനുഭവിച്ച മനുഷ്യാവകാശലംഘനം കണക്കിലെടുത്താണ് കേസെടുത്തതെന്നും നേരിട്ടെത്തി തെളിവെടുപ്പ് നടത്തുമെന്നും കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞു. നെന്മാറ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷൻ അംഗം ഷിജി ശിവജി സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

സജിത അയൽവാസിയായ റഹ്‌മാനോടൊപ്പം ഒരു മുറിക്കുള്ളിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞുവെന്നത് അവിശ്വസനീയമാണ്. ആർത്തവകാലത്തുൾപ്പെടെ പ്രാഥമികാവശ്യങ്ങൾ യഥാസമയം നിറവേറ്റാനാകാതെ കഴിയാൻ നിർബന്ധിതയാക്കിയത് കടുത്ത മനുഷ്യാവകാശലംഘനവുമാണ്.

പുരുഷന്റെ ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ അടിമയാക്കപ്പെട്ട ഈ സ്ത്രീയുടെ ഗതികേടിനെ കാമുകി, കാമുകൻ, പ്രണയം എന്നീ പദങ്ങളിലൂടെ ഗൗരവം കുറച്ചുകാട്ടാനുള്ള ശ്രമം പൗരബോധമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്നും കമ്മിഷൻ വിലയിരുത്തി.

റഹ്‌മാൻ പറയുന്നത് പച്ചക്കള്ളമാണെന്ന് മാതാപിതാക്കൾ

സജിതയെ ഒളിപ്പിച്ചു താമസിപ്പിച്ചിട്ടില്ലെന്നും മകൻ ഇഷ്ടം അറിയിച്ചിരുന്നുവെങ്കിൽ വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്നും റഹ്‌മാന്റെ മാതാപിതാക്കളായ മുഹമ്മദ് കനിയും ആത്തിക്കയും. റഹ്‌മാൻ ഇപ്പോൾ പറയുന്നത് പച്ചക്കള്ളമാണെന്നാണ് ഇവർ പറയുന്നത്. സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചതെന്നു പറയുന്ന ജനലിന്റെ അഴികൾ അടുത്തകാലം വരെയുണ്ടായിരുന്നതായും ചിതലരിച്ചു പോയിട്ടില്ലെന്നും ഇവർ പറയുന്നു.

സജിതയെ കാണാനെത്തി അച്ഛനും അമ്മയും

പ്രണയിക്കൊപ്പം പത്തു കൊല്ലം രഹസ്യജീവിതം നയിച്ച മകൾ സജിതയെ കാണാൻ മാതാപിതാക്കളെത്തി. കൊല്ലങ്ങൾക്കുമുമ്പ് കാണാതായ മകൾ ജീവനോടെയുണ്ടെന്ന് അറിഞ്ഞതു മുതൽ അച്ഛൻ വേലായുധനും അമ്മ ശാന്തയും സന്തോഷക്കണ്ണീരിലാണ്. അതുവരെയനുഭവിച്ച സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആ മാതാപിതാക്കൾ സജിതയുടെയും റഹ്‌മാന്റെയും വാടകവീട്ടിലേക്ക് എത്തി.

വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും അയിലൂരിലെ കാരക്കാട്ടുപറമ്പിലെ വീട്ടിൽനിന്ന്, ബന്ധുവായ വത്സലയോടൊപ്പം വിത്തനശ്ശേരിയിലേക്കു വന്നത്. അരിയും മധുരപലഹാരവും കൂടെക്കരുതി. വീട്ടിലേക്കു കയറിയ ഇരുവരും മകളെ കൺകുളിരെ കണ്ടു, മനസ്സു തുറന്ന് സംസാരിച്ചു. അതിനിടെ, കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ഒരു മണിക്കൂർ മകൾക്കൊപ്പം ചെലവഴിച്ചാണ് അച്ഛനുമമ്മയും മടങ്ങിയത്. ഒരിക്കലും കാണില്ലെന്നു കരുതിയ മകളെ കണ്ടതിലും ഇപ്പോൾ നന്നായി കഴിയുന്നുവെന്നറിഞ്ഞതിലും സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. റഹ്‌മാനെയും സജിതയെയും വെള്ളിയാഴ്ച കെ. ബാബു എം.എൽ.എ.യും സന്ദർശിച്ചു.

Content Highlights:palakkad rahman sajitha story women commission booked case and rahmans parents allegation