രുദ്രപുര്‍: കൊലക്കേസ് പ്രതി ഉത്തരാഖണ്ഡ് പോലീസില്‍ കോണ്‍സ്റ്റബിളായി ജോലിചെയ്തത് 19 വര്‍ഷം. 1997 ല്‍ ഉത്തര്‍പ്രദേശിലെ ഒരു കൊലക്കേസില്‍ പ്രതിയായ മുകേഷ് കുമാറാണ് അധികൃതരെ കബളിപ്പിച്ച് സര്‍വീസില്‍ കയറിപ്പറ്റിയത്. എന്നാല്‍ കഴിഞ്ഞദിവസം മുകേഷ് കുമാറിനെക്കുറിച്ചുള്ള പഴയവിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ കള്ളത്തരം പൊളിയുകയായിരുന്നു. 

1997 ല്‍ ഉത്തര്‍പ്രദേശിലെ ബരേലിയില്‍ നടന്ന കൊലപാതകത്തിലാണ് മുകേഷ് കുമാര്‍ പ്രതിയായത്. ഈ കേസില്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ട ഇയാള്‍ നാലുവര്‍ഷത്തിന് ശേഷം ഉത്തരാഖണ്ഡ് പോലീസ് റിക്രൂട്ട്‌മെന്റില്‍ അപേക്ഷ നല്‍കി. വ്യാജ വിലാസം നല്‍കിയാണ് പോലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തത്. തുടര്‍ന്ന് കോണ്‍സ്റ്റബിളായി നിയമനവും ലഭിച്ചു. 

19 വര്‍ഷമായി സര്‍വീസില്‍ തുടരുന്ന മുകേഷ് ഇതുവരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ജോലിചെയ്തിട്ടുണ്ട്. നിലവില്‍ അല്‍മോറ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന ഇയാള്‍ക്കെതിരെ പോലീസിനെ കബളിപ്പിച്ചതിന് കേസെടുത്തതായും വിശദമായ അന്വേഷണത്തിന് ശേഷം തക്കതായ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Content Highlights: murder accused joins uttarakhand police