മാരാമൺ: മാരാമണിലെ റിസോർട്ടിൽ ജോലിചെയ്യുന്ന യുവതിയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് ജിത്തു എത്തിയതെന്ന് പോലീസ്. ദിൻഷയുമായി പിണങ്ങിയപ്പോൾ ആത്മഹത്യചെയ്യാനാണ് ആദ്യം ജിത്തു തീരുമാനിച്ചത്. തിങ്കളാഴ്ചയാണ് തീരുമാനം മാറ്റിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.50-ഓടെയാണ് കുളത്തൂപ്പുഴ സ്വദേശിനി ട്രെയിനി റിസപ്ഷനിസ്റ്റ് ദിൻഷ (21) കൊല്ലപ്പെട്ടത്. രണ്ടുപേരും സംസാരിക്കുന്നതിനിടയിൽ പ്രകോപിതനായി ജിത്തു കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ദിൻഷയെ കുത്തുകയായിരുന്നു.

To advertise here,

കോഴഞ്ചേരി കീഴുകര വെണ്ണപ്രപാറയിൽ വീട്ടിൽ ജിത്തുവും അച്ഛനുമാണ് താമസിക്കുന്നത്. അമ്മയ്‌ക്കും ചേട്ടനും അബുദാബിയിലാണ് ജോലി. ഒമ്പതുമാസമായി ജിത്തുവും ദിൻഷയും സ്നേഹത്തിലാണെന്ന് അന്വേഷണോദ്യോഗസ്ഥനായ കീഴ്വായ്പൂർ സി.ഐ. ജി. സുരേഷ് കുമാർ പറഞ്ഞു. കോഴഞ്ചേരിയിൽ ഹോട്ടലും ലോഡ്ജുമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിത്തു. ദിൻഷ, അതിനടുത്തുള്ള ഏവിയേഷൻ അക്കാദമിയിൽ പഠിക്കാനാണ് കോഴഞ്ചേരിയിൽ എത്തിയത്. ആഹാരം കഴിക്കാൻ ഹോട്ടലിൽ എത്തിയതോടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. ദിൻഷ കോഴഞ്ചേരിയിൽ താമസിച്ചു പഠിക്കുന്നതിനിടയ്ക്ക് ജിത്തു വീട്ടിൽനിന്ന് ഭക്ഷണംകൊണ്ട് കൊടുക്കാറുണ്ടായിരുന്നു.

മൂന്നുമാസം മുമ്പ് അമ്മ നാട്ടിൽ വന്നപ്പോൾ ദിൻഷയെ ജിത്തു വീട്ടിൽ കൂട്ടിക്കൊണ്ടു പോയിരുന്നു. രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നതെന്നാണ് വീട്ടുകാരോട് പറഞ്ഞത്. ‘കണ്ടിട്ട് നല്ലൊരു പെൺകുട്ടിയാണ്, നിനക്ക് താത്‌പര്യമുണ്ടോ’ എന്ന് അമ്മ ജിത്തുവിനോട് ചോദിച്ചു. ‘ഞങ്ങൾ നല്ല കൂട്ടുകാരാണെ’ന്നാണ് ജിത്തു മറുപടി നൽകിയതെന്ന് അച്ഛൻ പറഞ്ഞു. ഇടയ്ക്ക് വീട്ടിൽവന്നിരുന്നു. ജിത്തുവിന്റെ പുകവലിക്കുന്ന സ്വഭാവം അറിഞ്ഞിട്ടുതന്നെയാണോ കൂടെക്കൂടിയിരിക്കുന്നതെന്ന് അച്ഛൻ ചോദിച്ചപ്പോൾ ‘അത് സാരമില്ല ഞാൻ ശരിയാക്കി എടുത്തുകൊള്ളാം’ എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഡിസംബറിൽ പരീക്ഷയുണ്ട്, അത് കഴിഞ്ഞാലുടനെ രജിസ്റ്റർ വിവാഹം നടത്തും. വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം നടത്താൻ സാധ്യമല്ലെന്നും ദിൻഷ പറഞ്ഞിരുന്നു.

കൊലയിലേക്കുനയിച്ചത് സംശയം?

ജിത്തുവാണ് ദിൻഷയ്ക്ക് പുതിയ സിം വാങ്ങിനൽകിയത്. വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ദിൻഷ നടത്തുന്ന ചാറ്റിങ്ങുകളുടെയെല്ലാം വിവരങ്ങൾ ജിത്തുവിന്റെ ഫോണിൽ എത്താറുണ്ടെന്ന്‌ പോലീസ് പറഞ്ഞു. മറ്റുള്ള ആൺകുട്ടികളുമായി ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടുന്നതിനെച്ചൊല്ലി രണ്ടുപേരും വഴക്കിടാറുണ്ടായിരുന്നു. രണ്ടാഴ്ചമുമ്പാണ് അവസാനമായി ദിൻഷ ജിത്തുവിന്റെ വീട്ടിൽ എത്തുന്നത്. അച്ഛൻ ചോദിച്ചപ്പോൾ ബാഗ് എടുക്കാൻ വന്നതാണെന്നു പറഞ്ഞു. ജിത്തുവിന്റെ കൈവശമാണ് ഫോണെന്നും മടക്കിനൽകുവാൻ തയ്യാറാകുന്നില്ലെന്നും പറഞ്ഞു. ജിത്തുവിനോട് അച്ഛൻ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ഇതിൽ ഇടപെടേണ്ടെന്നും ഫോൺ മടക്കി കൊടുക്കില്ലെന്നും പറഞ്ഞു. ദിൻഷാ പൈസ കടംവാങ്ങിയിട്ട് തിരിച്ചു നൽകുന്നില്ലെന്നും അതുകൊണ്ടാണ് ഫോൺ കൊടുക്കാത്തതെന്നും പറഞ്ഞു. എന്നാൽ, കർശനമായി നിർദേശിച്ചപ്പോൾ ഫോൺ തിരികെനൽകി. തുടർന്ന് ദിൻഷയെ ഓട്ടോയിൽ കയറ്റി കോഴഞ്ചേരിയിലേക്ക് വിടുകയുംചെയ്തു. ഈ സംഭവം നടന്ന രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് ദിൻഷ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലിക്ക് കയറുന്നത്. ജിത്തുവിന്റെ വീട്ടിലേക്കുള്ള വരവ് ദിൻഷ നിർത്തിയെങ്കിലും ഇടയ്ക്ക് അച്ഛനെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ജിത്തു ഇടയ്ക്കിടെ റിസോർട്ടിൽ കാണുവാൻ ചെല്ലുന്ന കാര്യവും കൂടെക്കൂടെ വഴക്കിടാറുണ്ടെന്നും പറഞ്ഞു.

കൊല്ലാനുപയോഗിച്ചത് ഷവർമ ഉണ്ടാക്കുന്ന കത്തി

ഒരുമാസം മുമ്പ് ജിത്തു കോഫിഷോപ്പ് തുടങ്ങി. ഷവർമ ഉണ്ടാക്കുന്ന മൂന്ന് കത്തി അന്നാണ് ഓൺലൈനായി വാങ്ങുന്നത്. ഷവർമ ഉണ്ടാക്കുന്നതൊഴിച്ച് ബാക്കി ജോലികളെല്ലാം ജിത്തുവാണ് ചെയ്തിരുന്നത്. ഷവർമ ഉണ്ടാക്കുന്നയാൾ ഇടയ്ക്കിടെ വരാത്തതും ജിത്തുവിനെ അസ്വസ്ഥനാക്കിയിരുന്നു. ബന്ധുവിനോട് കടംവാങ്ങിയ പണം ഉപയോഗിച്ചാണ് കോഫി ഷോപ്പ് തുടങ്ങിയത്. വിചാരിച്ചപോലെ കാര്യങ്ങൾ മുൻപോട്ടു നീങ്ങാതിരുന്നതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ കട പൂട്ടി. ഇതിൽ ഒരുകത്തി ഉപയോഗിച്ചാണ് ജിത്തു ദിൻഷയെ കൊന്നത്.

പ്ലസ്ടു കഴിഞ്ഞ് ഫയർ ആൻഡ് സേഫ്റ്റി പഠിക്കുവാൻ ജിത്തു എറണാകുളത്ത് പോയെങ്കിലും പൂർത്തിയാക്കിയില്ല. പിന്നീട് അമ്മയുടെ നിർബന്ധത്തെ തുടർന്ന് പത്തനംതിട്ടയിൽ കോഴ്സ് പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും നിർത്തി. മൊബൈൽഫോൺ വാങ്ങി നൽകാത്തതിനെത്തുടർന്ന് പരീക്ഷ എഴുതിയുമില്ല. അമ്മയും സഹോദരനും വിദേശത്തേക്ക് ചെല്ലാൻ പലതവണ വിളിച്ചെങ്കിലും പോയില്ല.