വെള്ളറക്കാട്(തൃശ്ശൂർ): ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വെള്ളറക്കാട്ടുനിന്ന് എം.ഡി.എം.എ. ലഹരിമരുന്നും കഞ്ചാവും പിടികൂടി. വെള്ളറക്കാട് ആദൂർ റോഡരികിൽനിന്നും സീനിയർ ഗ്രൗണ്ടിന് സമീപത്തുനിന്നുമാണ് ലഹരി ഉത്‌പന്നങ്ങൾ പിടികൂടിയത്.
150 മില്ലി ഗ്രാം എം.ഡി.എം.എ. എന്ന സിന്തറ്റിക് മയക്കുമരുന്ന് കൈവശം വെച്ചതിന് പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടിൽ ബാലന്റെ മകൾ ബബിത (35), 20 ഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിൽ ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കൽ വീട്ടിൽ സിദ്ധിക്കിന്റെ മകൻ റിഹാസ് (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
അർധരാത്രിയിൽ ഗ്രൗണ്ടിനു സമീപത്തെ വീട്ടിൽ യുവാക്കളും യുവതികളും സ്ഥിരമായി വന്നുപോകുന്നത് പതിവായിരുന്നു. പിടിയിലായവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും വിൽപ്പനക്കാരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എം.ഡി.എം.എ. ലഹരിമരുന്ന് 500 മില്ലിഗ്രാം വരെ കൈവശം വെക്കുന്നത് പത്തുവർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.
കുന്നംകുളം എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ. രാമകൃഷ്ണൻ, മിക്കി ജോൺ, കെ.ആർ. അജീഷ്, സുധിൻ, രാജേഷ്, സിജ, രതിക എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Content Highlights:mdma and ganja seized from thrissur