തിരുവനന്തപുരം: തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും. ജോമാന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയിലാണ് ഡിജിപിയുടെ നടപടി. സംഭവത്തില്‍ പ്രാഥമികാന്വേഷണത്തിന് ശേഷം കേസ് ഏറ്റെടുക്കണമോ എന്നത് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. 

തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാര്‍ഥിനിയായ ദിവ്യ പി.ജോണിനെ വ്യാഴാഴ്ച രാവിലെയാണ് മഠം വളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കിണറ്റില്‍ച്ചാടി മരിച്ചതായാണ് മഠത്തിലെ അന്തേവാസികളുടെ മൊഴി. കിണറ്റിലെ വെള്ളം ശ്വാസകോശത്തില്‍ നിറഞ്ഞതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും സൂചിപ്പിച്ചിരുന്നു. ഇതിനിടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വിവിധ കോണുകളില്‍നിന്ന് പരാതികളുയര്‍ന്നത്. 

സിസ്റ്റര്‍ ലൂസി കളപ്പുര അടക്കമുള്ള ചിലര്‍ തിരുവല്ലയിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അതേസമയം, അന്തേവാസികളുടെ മൊഴികളില്‍ വൈരുധ്യമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍നിന്ന് പ്രത്യേകം പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് നേരത്തെ പറഞ്ഞിരുന്നു. എന്തായാലും കേസിന്റെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും തിരുവല്ല പോലീസ് വ്യക്തമാക്കിയിരുന്നു.  

Content Highlights: girl student's death in thiruvalla convent; crime branch will conduct primary investigation