പ്രധാനപ്പെട്ട കാര്യങ്ങള് ചെയ്യാന് സമയം കിട്ടാതെ പോകുമ്പോഴും പ്രധാന്യമില്ലാത്ത കാര്യങ്ങള്ക്ക് സമയം കണ്ടെത്തുന്ന അവസ്ഥയാണ്

'ഞാൻ ഇപ്പോൾ ഫ്രീയാണ്.'
ഈ വാചകം അവസാനമായി ആരാണ് പറഞ്ഞതെന്ന് ചരിത്രകാരന്മാർ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് എല്ലാവർക്കും തിരക്കാണ്. വിരമിച്ചവന് തിരക്ക്, ജോലിയുള്ളവന് തിരക്ക്, ജോലിയില്ലാത്തവന് തിരക്ക്, കോളേജ് വിദ്യാർത്ഥിക്ക് തിരക്ക്, സ്‌കൂൾ കുട്ടിക്ക് തിരക്ക്. വന്ന് വന്ന് ഫോട്ടോയിൽ കാണുന്ന മലയാളിക്ക് മാത്രമേ തിരക്കില്ലാത്തതായുള്ളൂ എന്നതായി അവസ്ഥ. എന്താല്ലേ !'
ഈ തിരക്ക് എന്താണെന്ന് ആരും വിശദീകരിക്കില്ല. ചോദിക്കുന്നവനും അന്വേഷിക്കില്ല. കാരണം അയാളും ഭയങ്കര തിരക്കിലാണ്. അതുകൊണ്ട് കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തു തേങ്ങയോ റബ്ബറോ അല്ല. തിരക്കാണ്.
'ഒന്നിനും സമയം കിട്ടുന്നില്ല...' എന്നത് മലയാളിയുടെ ദേശീയ മുദ്രാവാക്യമായി മാറുന്ന കാലം അത്ര വിദൂരമല്ല.
രാവിലെ ആറുമണിക്ക് എഴുന്നേറ്റ ഉടൻ തന്നെ സുഹൃത്തിന്റെ റിമൈൻഡർ മെസേജ് വരും.
'ചേട്ടാ, ഞാൻ പറഞ്ഞ കാര്യം നോക്കിയോ?'
ഉടൻ മറുപടി:
'അയ്യോ... സമയം കിട്ടിയില്ല.'
അയാൾക്ക് സുഹൃത്തിന്റെ അത്യാവശ്യമായ ഒരു കാര്യം നോക്കാൻ സമയം കിട്ടിയില്ല. പക്ഷേ, ഇന്നലെ രാത്രി ഉറങ്ങുന്നതിന് മുമ്പ് 'നായയ്ക്ക് വേണ്ടി പ്രത്യേകം സ്വിമ്മിംഗ് പൂൾ നിർമ്മിച്ച കോടീശ്വരൻ' എന്ന വീഡിയോ മുതൽ 'പെൻഗ്വിൻ ആദ്യമായി കണ്ണാടി കണ്ടപ്പോൾ' എന്ന റീൽ വരെ 87 എണ്ണം കണ്ടിട്ടുണ്ട്. അതിനിടയിൽ സമയം എവിടെയോ നഷ്ടപ്പെട്ടുപോയി.
സമയം ഒരു വിചിത്ര സാധനമാണ്. നമ്മൾ അന്വേഷിക്കുന്ന സ്ഥലത്ത് അത് കാണില്ല. വേണ്ടാത്ത സ്ഥലങ്ങളിൽ കൂമ്പാരമായി കിടക്കും.
ജിമ്മിൽ പോകാൻ സമയമില്ല. പക്ഷേ, ജിമ്മിൽ പോകുന്നവരുടെ വീഡിയോ കണ്ട് അവർ ചെയ്യുന്ന വ്യായാമത്തിൽ തെറ്റ് കണ്ടെത്താൻ സമയം ഉണ്ട്. പുസ്തകം വായിക്കാൻ സമയമില്ല. പക്ഷേ, പുസ്തക നിരൂപണത്തിന്റെ യൂട്യൂബ് വീഡിയോയുടെ താഴെ കമന്റ് ഇടാൻ സമയം ഉണ്ട്. ഭാര്യയോട് സംസാരിക്കാൻ സമയമില്ല. പക്ഷേ, വാട്‌സ്ആപ്പ് ഗ്രൂപ്പിൽ 'ഗുഡ് മോണിംഗ്' എന്നെഴുതിയ സൂര്യോദയ ചിത്രത്തിന് താഴെ ഏഴ് മിനിറ്റ് ചർച്ച നടത്താൻ സമയം ഉണ്ട്.
നമ്മുടെ പ്രശ്‌നം സമയക്കുറവാണോ? അല്ലെന്ന് തോന്നുന്നു.
സമയമില്ലെന്ന് ഏറ്റവും കൂടുതൽ പറയുന്ന ആളെ ഒരു ദിവസം നിരീക്ഷിച്ചാൽ വലിയൊരു ഗവേഷണ പ്രബന്ധം തന്നെ തയ്യാറാക്കാം.
രാവിലെ കാപ്പിയുമായി മൊബൈൽ തുറക്കും. ഒരു റീൽ മാത്രം കാണാമെന്നു തീരുമാനിക്കും. റീലുകൾക്ക് നമ്മുടെ തീരുമാനങ്ങളോട് വലിയ ബഹുമാനമില്ല. ഒന്നാമത്തെ റീൽ കഴിഞ്ഞാൽ രണ്ടാമത്തേത് സ്വയം വരും. രണ്ടാമത്തേത് കഴിഞ്ഞാൽ മൂന്നാമത്തേത്.
പിന്നെ നാലാമത്തേത്. അങ്ങനെ പത്താമത്തെ റീലിലെത്തുമ്പോൾ മനുഷ്യൻ കാണുന്നത് റീൽ അല്ല, ജീവിതത്തിന്റെ മറ്റൊരു അളവാണ്.
അവിടെ സമയം ഭൂമിയിലെ പോലെ സഞ്ചരിക്കില്ല. അഞ്ച് മിനിറ്റ് എന്നത് മുപ്പത് മിനിറ്റാകും. മുപ്പത് മിനിറ്റ് എന്നത് ഒരു മണിക്കൂറാകും.
ഒരു മണിക്കൂർ എന്നത് 'അയ്യോ, ഇത്ര നേരമായോ?' എന്ന അത്ഭുത നിമിഷമായി മാറും.
'ജീവിതം ഭയങ്കര ബിസിയാണ്.'
ഇന്നത്തെ മനുഷ്യന്റെ ബിസിനസ് പലപ്പോഴും ജോലിയല്ല. ശ്രദ്ധ തെറ്റലാണ്. ഒരു ജോലി ചെയ്യാൻ ഇരിക്കും. അപ്പോൾ ഫോണിൽ നോട്ടിഫിക്കേഷൻ വരും. ആ നോട്ടിഫിക്കേഷൻ നോക്കാൻ പോകും.
അവിടെനിന്ന് ഒരു ലിങ്ക് തുറക്കും. ലിങ്കിൽനിന്ന് ഒരു വീഡിയോ.
വീഡിയോയിൽനിന്ന് മറ്റൊന്ന്. ഇനി നോട്ടിഫിക്കേഷൻ വന്നില്ലെങ്കിൽ എന്താ നോട്ടിഫിക്കേഷനൊന്നും വരാത്തത്, ഫോൺ കംപ്ലെയിന്റാണോ എന്നറിയാൻ എടുത്തുനോക്കിക്കൊണ്ടിരിക്കും. അങ്ങനെ യാത്ര തുടരും. അര മണിക്കൂറിന് ശേഷം ഓർമ്മ വരും: 'ഞാൻ ആദ്യം എന്ത് ചെയ്യാനാണ് ഇരുന്നത്?' ഇത് മറവി രോഗമല്ല. ഡിജിറ്റൽ യുഗത്തിലെ സാധാരണ ജീവിതമാണ്.
നമ്മുടെ തലച്ചോറിന് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവുണ്ട്. പക്ഷേ, ഓരോ അഞ്ച് മിനിറ്റിലും അതിനെ മറ്റൊരു ദിശയിലേക്ക് വലിച്ചിഴക്കുകയാണ് നാം. പിന്നെ വൈകുന്നേരം ഒരു ദീർഘനിശ്വാസത്തോടെ പറയും. 'ഇന്ന് ഒന്നും ചെയ്യാൻ പറ്റിയില്ല.'
ചെയ്യാൻ പറ്റാത്തത് സമയക്കുറവ് കൊണ്ടല്ല. ചെയ്യേണ്ട കാര്യത്തോടൊപ്പം ഇരിക്കാൻ കഴിയാത്തത് കൊണ്ടാണ്.
രസകരമായ ഒരു കാര്യം പറയാം. ഒരാൾക്ക് ദിവസവും രണ്ട് മണിക്കൂർ റീൽ കാണാൻ സമയം കിട്ടുന്നുണ്ടെങ്കിൽ ഒരു വർഷം 730 മണിക്കൂർ കിട്ടുന്നുണ്ട്. അതായത് ഏകദേശം 30 ദിവസം. ഒരു മുഴുവൻ മാസം.
ഒരു മാസം കൊണ്ട് ഒരു ഭാഷ പഠിക്കാം. നിരവധി പുസ്തകങ്ങൾ വായിക്കാം. പുതിയ കഴിവ് നേടാം. ചെറിയ ബിസിനസ് തുടങ്ങാനുള്ള അറിവ് സമ്പാദിക്കാം. പക്ഷേ, നമ്മൾ നേടിയിരിക്കുന്നത് എന്താണ്? ഒരു പൂച്ച പിയാനോ വായിക്കുന്ന വീഡിയോയുടെ ഓർമ്മ. അതും മൂന്ന് ദിവസത്തിന് ശേഷം മറക്കും.
അത്രയൊന്നും സമയം നിങ്ങൾ ഫോണിൽ ചിലഴിക്കുന്നില്ലെന്നു പറഞ്ഞ് എന്നോട് വഴക്കിന് വരല്ലേ. ഫോണിലെ സെറ്റിംഗ്‌സിൽ പോയി സ്‌ക്രീൻ ടൈം എന്ന് സേർച്ച് ചെയ്തുനോക്കൂ. നിങ്ങളുടെ ഇന്നത്തെ ഇതേവരയുള്ള സ്‌ക്രീൻ ടൈം എത്രയാണ്. അതൊന്നിവിടെ കമന്റ് ചെയ്യുമല്ലോ.
തെറ്റിദ്ധരിക്കരുത്. റീലുകൾ കാണുന്നത് കുറ്റമല്ല. വിനോദം ജീവിതത്തിന് ആവശ്യമാണ്. ചിരിക്കാനും ആസ്വദിക്കാനും എല്ലാവർക്കും അവകാശമുണ്ട്. പ്രശ്‌നം വിനോദം അല്ല. വിനോദം അറിയാതെ ജീവിതത്തിന്റെ കേന്ദ്ര കഥാപാത്രമാകുന്നതാണ്. നമ്മൾ സമയം ചെലവഴിക്കുന്നുവെന്നു കരുതുമ്പോൾ പലപ്പോഴും സമയം തന്നെയാണ് നമ്മളെ ചെലവഴിക്കുന്നത്. ഇന്നത്തെ ഏറ്റവും വലിയ ദാരിദ്ര്യം കയ്യിൽ പൈസ ഇല്ലാത്തതല്ല. ശ്രദ്ധക്കുറവാണ്. പണം നഷ്ടപ്പെട്ടാൽ തിരികെ സമ്പാദിക്കാം, സമയം നഷ്ടപ്പെട്ടാൽ അതും ഏതാണ്ട് നികത്താം. പക്ഷേ, ശ്രദ്ധ നഷ്ടപ്പെട്ടാൽ ജീവിതം മുഴുവൻ കഷണങ്ങളായി ചിതറിപ്പോകും. അതുകൊണ്ടാണ് ചിലർക്ക് ഇരുപത്തിനാല് മണിക്കൂർ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നത്. മറ്റുചിലർക്ക് അതേ ഇരുപത്തിനാല് മണിക്കൂർ എവിടെ പോയെന്ന് പോലും മനസ്സിലാകാത്തത്. വ്യത്യാസം സമയത്തിലല്ല. ശ്രദ്ധയിലാണ്. ഇനി ആരെങ്കിലും 'സമയം കിട്ടുന്നില്ല' എന്ന് പറയുമ്പോൾ ഉടനെ വിശ്വസിക്കരുത്.
അയാളുടെ മൊബൈലിലെ 'സ്‌ക്രീൻ ടൈം' റിപ്പോർട്ട് ഒന്ന് കാണിക്കാൻ പറയൂ. അവിടെ സത്യം കിടക്കുന്നുണ്ടാകും. സമയം ഒളിച്ചോടിയതല്ല. അത് ഇൻസ്റ്റാഗ്രാമിന്റെയും യൂട്യൂബിന്റെയും ഫേസ്ബുക്കിന്റെയും ഇടവഴികളിൽ വിശ്രമിക്കുകയാണ്. അതുകൊണ്ട് അടുത്ത തവണ 'സമയമില്ല' എന്ന് പറയുന്നതിന് മുമ്പ് ഒരു ചെറിയ പരിശോധന നടത്താം. ഇന്ന് എനിക്ക് സമയമില്ലായിരുന്നോ? അല്ലെങ്കിൽ ഞാൻ എന്റെ ശ്രദ്ധ മറ്റെവിടെയെങ്കിലും പണയം വെച്ചിരിക്കുകയായിരുന്നോ? ഉത്തരം കിട്ടിയാൽ ജീവിതത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കിട്ടും. കാരണം ഒടുവിൽ പ്രശ്‌നം സമയത്തിന്റെ കുറവല്ല. നമുക്കെല്ലാവർക്കും ഒരേ 24 മണിക്കൂറാണ്. വ്യത്യാസം അത് എവിടെയാണ് നിക്ഷേപിക്കുന്നത് എന്നതിലാണ്. സമയം ബാങ്ക് അക്കൗണ്ടിലെ പണം പോലെയാണ്. ചെലവഴിച്ചാൽ കുറയും, നിക്ഷേപിച്ചാൽ വളരും.
റീലുകൾ കണ്ടു ചെലവഴിച്ച സമയം ചിരി മാത്രം നൽകും. ശ്രദ്ധയോടെ ഉപയോഗിച്ച സമയം ജീവിതം തന്നെ മാറ്റും. അപ്പോൾ ഇനി പതിവ് മറുപടി ഒന്ന് മാറ്റിയാലോ? 'സമയം കിട്ടിയില്ല' എന്നതിനുപകരം, 'സമയം ഉണ്ടായിരുന്നു... പക്ഷേ, ശ്രദ്ധ വേറെ എവിടെയോ പോയിരുന്നു.' അതായിരിക്കും കൂടുതൽ സത്യസന്ധമായ മറുപടി. അൽപം വേദനിപ്പിക്കുന്ന സത്യമാണെങ്കിലും, മധുരം കലർന്ന സത്യം. പിന്നെ എന്താണ് പരിഹാരം? നിങ്ങൾ ചോദിച്ചേക്കാം. പരിഹാരം കേട്ട് നിരാശപ്പെടരുത്. സമയ നിയന്ത്രണത്തെക്കുറിച്ച് 500 പേജുള്ള പുസ്തകം വായിക്കണമെന്നോ, പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് ഐസ് വെള്ളത്തിൽ കുളിക്കണമെന്നോ, ഹിമാലയത്തിൽ പോയി ധ്യാനിക്കണമെന്നോ ഞാൻ പറയുന്നില്ല. ഒരു ചെറിയ കാര്യം മാത്രം ചെയ്യുക. ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും ഫോൺ കൈയിൽനിന്ന് മാറ്റിവയ്ക്കുക. അത് സ്വിച്ച് ഓഫ് ചെയ്യേണ്ട. വിമാന മോഡിലാക്കേണ്ട. വീട്ടിലെ മറ്റൊരു മുറിയിൽവെച്ചാൽ മതി. കാരണം ഫോൺ അടുത്തിരിക്കുമ്പോൾ അതിനെ എടുക്കാതിരിക്കുക എന്നത് ഫ്രിഡ്ജിൽ പായസം വെച്ചിട്ട് ഡയറ്റ് ചെയ്യുന്നത് പോലെയാണ്.
രണ്ടാമത്തെ കാര്യം, 'എനിക്ക് സമയമില്ല' എന്ന് പറയുന്നത് നിർത്തുക. പകരം 'ഇതിന് ഞാൻ സമയം കണ്ടെത്തിയില്ല' എന്ന് പറയുക. രണ്ട് വാചകങ്ങളും ഒരുപോലെയല്ല. ആദ്യത്തേത് സാഹചര്യത്തെ കുറ്റപ്പെടുത്തുന്നു.
രണ്ടാമത്തേത് ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. മൂന്നാമത്തെ കാര്യം, ദിവസത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോലി മാത്രം തിരഞ്ഞെടുക്കുക. പത്ത് കാര്യങ്ങളുടെ ടു-ഡു ലിസ്റ്റ് എഴുതിയിട്ട് രാത്രി കുറ്റബോധത്തോടെ ഉറങ്ങുന്നതിനേക്കാൾ ഒരു പ്രധാന കാര്യം പൂർത്തിയാക്കുന്നതാണ് നല്ലത്. നാലാമത്തെ കാര്യം, റീലുകൾ കാണാം. പക്ഷേ, അവയ്ക്ക് ഒരു അതിർത്തി വേണം. ചായ കുടിക്കുന്നത് നല്ലതാണ്. പക്ഷേ, ദിവസം മുഴുവൻ ചായ മാത്രം കുടിച്ചാൽ അത് ഭക്ഷണമാകില്ല. അതുപോലെയാണ് റീലുകളും. വിനോദത്തിനായി ഉപയോഗിക്കാം. അത് മാത്രമാണ് ജീവിതമെന്നു കരുതരുത്. അവസാനമായി ഒരു സത്യം പറയാം. നമുക്ക് സമയം കുറവല്ല. ലോക ചരിത്രത്തിലെ ഏതൊരു രാജാവിനും ലഭിച്ചതുപോലെ തന്നെ 24 മണിക്കൂറാണ് നമുക്കും ലഭിക്കുന്നത്. പ്രശ്‌നം സമയം പോരാത്തതല്ല. ശ്രദ്ധ പല സ്ഥലത്തായി ലീക്കാകുന്നതാണ്. അതിനാൽ അടുത്ത തവണ 'സമയമില്ല' എന്ന് പറയാൻ തോന്നുമ്പോൾ ഒന്ന് കണ്ണാടിയിൽ നോക്കുക. അവിടെ കാണുന്ന ആളോട് ചോദിക്കുക: 'സമയം ശരിക്കും ഇല്ലായിരുന്നോ, അതോ ഞാൻ അത് റീലുകൾക്കും നോട്ടിഫിക്കേഷനുകൾക്കും ചെറുകാര്യങ്ങൾക്കും ഔദാര്യപൂർവം സംഭാവന ചെയ്തതാണോ?' ഉത്തരം കിട്ടിയാൽ സമയത്തെ കണ്ടെത്താൻ പോകേണ്ടി വരില്ല. അത് എവിടെയൊക്കെ നഷ്ടമാകുന്നുവെന്ന് മാത്രം മനസ്സിലാക്കിയാൽ മതി.
ജീവിതത്തിലെ ഏറ്റവും വലിയ ടൈം മാനേജ്‌മെന്റ് രഹസ്യം എന്താണെന്നോ. നമ്മൾ സമയത്തെയല്ല മാനേജ് ചെയ്യേണ്ടത്. നമ്മുടെ ശ്രദ്ധയെയാണ്. സമയത്തെ മോഷ്ടിച്ചു കൊണ്ടുപോകുന്നത് നിങ്ങളുടെ ഭാരിച്ച ജോലികളോ ഉത്തരവാദിത്തങ്ങളോ അല്ല. മറിച്ച് ശ്രദ്ധയാണ്. സമയം തികയുന്നില്ലെന്ന് പരാതിപ്പെടുന്നവരിൽ എല്ലാവരും റീൽ അഡിക്ടുകൾ അല്ല. ചിലർ സോഷ്യൽ മീഡിയ പോലും കാര്യമായി ഉപയോഗിക്കാറില്ല. എന്നിട്ടും 'സമയം പോര' എന്ന പരാതിയുണ്ട്. അവിടെ പ്രശ്‌നം ഫോണല്ല. ജീവിതത്തിന്റെ സങ്കീർണതയാണ്.
ഇന്നത്തെ മനുഷ്യൻ മുമ്പത്തേക്കാൾ കൂടുതൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഒരു സ്ത്രീ രാവിലെ അമ്മയാണ്, ഭാര്യയാണ്, ജീവനക്കാരിയാണ്, മകളാണ്, മരുമകളാണ്, ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളാണ്, കുട്ടിയുടെ ഹോംവർക്ക് നോക്കുന്ന അധ്യാപികയാണ്. ഒരു പുരുഷനും ഓഫീസിലെ ജോലിക്കാരൻ മാത്രമല്ല; അച്ഛനാണ്, ഭർത്താവാണ്, വായ്പ തിരിച്ചടയ്ക്കുന്നയാളാണ്, വയസ്സായ മാതാപിതാക്കളുടെ ഉത്തരവാദിത്തമുള്ള മകനാണ്. മുമ്പ് ജീവിതം നൂറ് മീറ്റർ ഓട്ടമായിരുന്നെങ്കിൽ ഇന്ന് അത് ഹർഡിൽസ് റേസാണ്. ഇത്രയും പറഞ്ഞത് സമയം തികയാത്തതിന്റെ ഏക കാരണം മൊബൈൽ ഫോൺ മാത്രമല്ല എന്ന് പറയാനാണ്. സ്മാർട്ട്‌ഫോൺ തൊടാത്തവർക്കും സമയം തികയുന്നില്ല. കാരണം ഇന്നത്തെ ജീവിതം തന്നെ അത്ര ലളിതമല്ല.
ഒരു വ്യത്യാസമുണ്ട്. ചിലരുടെ സമയം യഥാർത്ഥ ഉത്തരവാദിത്തങ്ങൾ കൊണ്ടാണ് നിറയുന്നത്. മറ്റു ചിലരുടെ സമയം അറിയാതെ ചോർന്നുപോകുകയാണ്. ആദ്യ വിഭാഗത്തിന് കൂടുതൽ സമയം വേണം. രണ്ടാമത്തെ വിഭാഗത്തിന് കൂടുതൽ ശ്രദ്ധ വേണം. ജീവിതത്തിന്റെ ദുരന്തം പലപ്പോഴും സമയക്കുറവല്ല. പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സമയം കിട്ടാതെ പോകുമ്പോഴും പ്രധാന്യമില്ലാത്ത കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്ന അവസ്ഥയാണ്. അതുകൊണ്ട് പരിഹാരം സമയം ഉണ്ടാക്കലല്ല. അത് ആർക്കും സാധ്യമല്ല. ദിവസത്തിൽ 24 മണിക്കൂറിൽനിന്ന് 25 മണിക്കൂർ ഉണ്ടാക്കാൻ ഇതുവരെ ഒരു ടെക്‌നോളജിക്കും സോഫ്റ്റ്‌വെയറിനും കഴിഞ്ഞിട്ടില്ല.
Content Highlights: Time scarcity is often a myth; the real issue is attention leakage., Digital distractions like Reels and notifications consume hours of potential growth., Shifting the mindset from 'I don't have time' to 'I didn't prioritize this' increases accountability., Simple strategies like phone-free hours and prioritizing one core task can restore productivity., Modern life's complexity requires managing focus rather than just hours.
Published: 13 Jun 2026, 02:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented